ഓണം- ബക്രീദ് മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവയായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ബക്രീദ് ഖാദി മേള യുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 1 ന് നടക്കും. വൈകീട്ട് 3 ന് കനകക്കുന്ന് കൊട്ടാരത്തില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എ സി മൊയ്തീന് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. കെ മുരളീധരന് എംഎല്‍എ ആദ്യവില്പനയും, മേയര്‍ വി കെ പ്രശാന്ത് സമ്മാനപദ്ധതിയുടെ കൂപ്പണ്‍ വിതരണവും നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ്, സോമി കോമത്ത്, കെ പി ലളിതാമണി, കെ പി ഗോപാലന്പൊതുവാള്, വി കേശവന്, കെ ജി ജഗദീശന് തുടങ്ങിയവര്‍ സംസാരിക്കും. ഖാദി ബോര്‍ഡിന്റെ പുതിയ ഉല്പന്നമായ സഖാവ് ഷര്‍ട്ടുകള്‍ ഇത്തവണ വിപണിയിലിറക്കും. പട്ടുനൂലില്‍ നെയ്തെടുത്ത ബഹുവര്‍ണ പട്ടുസാരി മേളയിലെ മുഖ്യ ആകര്‍ഷകമാണ്. വ്യാജ ഖാദിക്കെതിരെ വിജിലന്‍സില്‍ പരാതിനല്‍കിയിട്ടുണ്ടെന്ന് ശോഭനാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ ചലച്ചിത്രനടന്‍ അഭിനയിച്ച പരസ്യചിത്രവും ഖാദിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തിയതില്‍ കമ്പനിക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ശോഭനാജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളായ ശോഭനാജോര്‍ജ്, ടി വി കൃഷ്ണകുമാര്‍ ബേബി, ശ്യാം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.