ഓണം ബംപറിന്റെ 12 കോടി ജൂവല്ലറി ജീവനക്കാര്‍ക്ക്; വിശ്വസിക്കാനാകാതെ ആറുപേര്‍

Web Desk
Posted on September 19, 2019, 9:45 pm

കൊല്ലം: കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാംസമ്മാനം കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കടയിലെ ആറ് ജീവനക്കാര്‍ക്ക്. ഒന്നാം സമ്മാനം 12 കോടിയാണ് ചുങ്കത്ത് ജൂവല്ലറിയിലെ ആറു ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിന് അടിച്ചത്. രതീഷ് കുമാര്‍, റോണി, രാജീവന്‍, സുബിന്‍ തോമസ്, റംജിന്‍ ജോര്‍ജ്, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറു പേര്‍ ചേര്‍ന്ന് രണ്ടു ടിക്കറ്റ് ചൊവ്വാഴ്ച വൈകിട്ടാണ് വാങ്ങിയത്.
കായംകുളത്തെ ശ്രീ മുരുകാലയ ലക്കി സെന്റര്‍ ഉടമ ശിവന്‍കുട്ടിയുടെ കയ്യില്‍ നിന്നും കരുനാഗപ്പള്ളിയിലെ സബ് ഏജന്റായ സിദ്ധിഖ് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ കരുനാഗപ്പള്ളിയിലെ ഭാഗ്യശാലികളുടെ കൈകളിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയോളം ലഭിക്കും. ഒരു കോടി ഇരുപതുലക്ഷം രൂപ ഏജന്‍സിയ്ക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മന്ത്രി ജി സുധാകരനാണ് ഓണം ബമ്പര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം പത്തു പേര്‍ക്ക് ലഭിച്ചു.

വിശ്വസിക്കാനാകാതെ ആറുപേര്‍

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര കടയിലെ ജീവനക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കൂട്ടത്തിലൊരാളായ റോണിപറഞ്ഞു. നമുക്കൊരു ഓണം ബമ്പര്‍ എടുത്താലോ. എന്നാല്‍ നമുക്കൊരുമിച്ച് എടുക്കാം കിട്ടിയാലും പങ്കിട്ടെടുക്കാം. കൂട്ടത്തില്‍ മുതിര്‍ന്ന രാജീവന്‍ പറഞ്ഞു. അപ്പോഴും പ്രശ്‌നം ഒരാളെ കൂടി കൂട്ടാം. സുബിന്‍ തോമസിനെ കൂടി കൂട്ടി അങ്ങനെ ആറു പേരായി. നേരെ സ്വര്‍ണ്ണ കടയുടെ എതിര്‍വശത്ത് റോഡരുകില്‍ ലോട്ടറി വില്‍ക്കുന്ന പരിചയക്കാരനായ സിദ്ധിഖിനെ കണ്ടു.100 രൂപ വീതം പിരിവെടുത്ത് രണ്ടു ടിക്കറ്റ് എടുത്തു. വ്യാഴാഴ്ച ഫലം അറിഞ്ഞതോടെ ടിക്കറ്റുമായി കടയിലെത്തി റിസള്‍ട്ട് നോക്കി. പിന്നെ ഒന്നും ഓര്‍മ്മയില്ല. കിലുക്കം സിനിമയിലെ ഇന്നസെന്റിനെ പോലെ കടക്കാരനോട് ഒന്നുകൂടി നമ്പര്‍ വായിക്കാമോ എന്ന ചോദ്യം. പിന്നീട് സുഹൃത്തുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും മാധ്യമ പടയും ചുറ്റും കൂടിയപ്പോഴും ഇവര്‍ക്ക് സംഭവം പൂര്‍ണ്ണമായും വിശ്വസിക്കാനായില്ല.
തൃശൂര്‍, പരപ്പൂര്‍, പുത്തൂര്‍ ഹൗസില്‍ റോണി,കോട്ടയം വൈക്കം കുന്തത്തിന്‍ചിറയില്‍ വിവേക്, ചവറ വടക്ക് രാജീവത്തില്‍ രാജീവ്, ചവറ സൗത്ത്, വടക്കുംഭാഗം രതീഷ് ഭവനത്തില്‍ രതീഷ് കുമാര്‍, തൃശൂര്‍ അന്നമനട, പാലിശേരി കരോട്ടുപുറം ഹൗസില്‍ സുബിന്‍ തോമസ്, ശാസ്താംകോട്ട ശാന്തി വിലാസത്തില്‍ റംജിന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് കേരള ലോട്ടറി ചരിത്രത്തിലെ ബമ്പര്‍ സമ്മാനം ലഭിച്ചത്. വിജയികളെ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ നേരിട്ടെത്തി അഭിനന്ദിച്ചു.