Friday
22 Nov 2019

ഓണം വാരാഘോഷ സമാപനം; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചക്കുശേഷം അവധി

By: Web Desk | Sunday 15 September 2019 10:05 PM IST


തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന പരിപാടികള്‍ ഇന്ന് നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെഗോപാലകൃഷണന്‍ അറിയിച്ചു.

100 കലാരൂപങ്ങള്‍.. 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും

ഓണം വാരാഘോഷത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങള്‍. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാര്‍ത്തണിയിക്കാന്‍ നഗരത്തിലെത്തിയിട്ടുണ്ട്. നാളെ വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.
രാജസ്ഥാനില്‍നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരില്‍നിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കര്‍ണാടകയിലെ ഡോല്‍ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം തിരുവനന്തപുരം നഗരത്തില്‍ കലാവിരുന്നൊരുക്കാന്‍ എത്തുന്നത്.
ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡും ഘോഷയാത്രയെ വര്‍ണാഭമാക്കും. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാര്‍ഗംകളി, പൊയ്ക്കാല്‍ മയൂരനൃത്തം, മയിലാട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, ആഫ്രിക്കന്‍ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും.
യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ സജ്ജമാക്കുന്ന പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി പ്രഹഌദ് സിങ് പട്ടേല്‍, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ എട്ടോളം തെയ്യം കലാരൂപങ്ങള്‍ അവതരിപ്പിക്കും.
വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

കനകക്കുന്നില്‍ ഓണമാഘോഷിക്കാനെത്തുന്നവര്‍ക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പുവരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. ഇവര്‍ക്കു പുറമേ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഷാഡോ പൊലീസ് സംഘം, 15സ്‌ട്രൈക്കര്‍മാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോള്‍, വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ വലയം തീര്‍ക്കുന്നു.
കനകക്കുന്നിലും പരിസരത്തുമായി 30ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ് ഒരുക്കുന്നു. ഇതിനായി 1,500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

Related News