ഷാജി ഇടപ്പള്ളി

കൊച്ചി :  

August 22, 2020, 2:25 pm

അത്തമെത്തി ഇനി ഓണനാളുകൾ: ആശങ്കകളൊഴിയാതെ പുഷ്പ വ്യാപാരികൾ 

Janayugom Online

ഇന്ന് അത്തം.ആഹ്ളാദാരവങ്ങളില്ലാതെ ഒരോണക്കാലം കൂടി വരവായി. ഗൃഹാരതുരത്വമുണർത്തുന്ന ഓർമ്മകളുമായി വീട്ട് മുറ്റങ്ങളിൽ പൂക്കളമൊരുക്കി തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. വീട്ടുമുറ്റത്തും  തൊട്ടടുത്ത വീടുകളിലും പറമ്പിലുമുള്ള പൂക്കൾ ശേഖരിച്ചാണ് ഇന്ന് പൂക്കളമിട്ടു തുടങ്ങിയിട്ടുള്ളത്.  കേരളീയരുടെ  ദേശീയോത്സവമായ ഓണം ഇക്കുറി കോവിഡ്  പശ്ചാത്തലത്തിൽ പൊതു  ആഘോഷങ്ങളില്ലാതെ വീടുകളിലേക്കൊതുക്കേണ്ടുന്ന അവസ്ഥയിലുമാണ്.  ഓണാഘോഷത്തിന് പേരുകേട്ട തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും മറ്റു പരിപാടികളും ഉപേക്ഷിച്ചു. എന്നാൽ ചടങ്ങുകളുടെ ഭാഗമായി ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഇന്നലെ കൊച്ചി രാജകുടുംബത്തിൽ നിന്നും തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക ദേവി ഏറ്റുവാങ്ങിയ അത്തപതാക രാവിലെ അത്തം നഗറിൽ (ബോയ്സ് സ്കൂൾ ഗ്രൗണ്ട് ) എം സ്വരാജ് എം എൽ എ ഉയർത്തി. ഓണത്തിന്റെ  ഐതിഹ്യമുള്ള ബന്ധമുള്ള തൃക്കാക്കരയിലെ ഓണാഘോഷവും പേരിന് മാത്രമായി ചുരുങ്ങും.

ഓണക്കാലമാണ് പുഷ്പ വ്യാപാരത്തിന്റെ പ്രധാന സീസൺ. ഓഖിയും  പ്രളയവും പേമാരിയും കഴിഞ്ഞ  ഓരോ സീസണിലും ഒന്നിനു പുറകെ ഒന്നായി  ദുരന്തങ്ങളും ദുരിതവുമായി കടന്നുവന്നതുപോലെ ഇത്തവണ  കോവിഡും പുഷ്പവ്യാപാരികളുടെ  സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നു. കോവിഡ്  വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ഒഴിവാക്കണമെന്ന നിർദേശങ്ങളുമാണ് പുഷ്പ വ്യാപാരികളെ നിരാശരാക്കുന്നത്. സ്കൂൾ, കോളേജുകൾ അടഞ്ഞു കിടക്കുന്നതും  സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും പൂക്കളമിടുന്നതും പൂക്കള മത്സരങ്ങളും പൊതു ആഘോഷങ്ങളും   ഇല്ലാതാവുന്നതും പൂക്കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും  അതിനാൽ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് നടത്തിപ്പോരുന്ന പുഷ്പ വ്യാപാരത്തിന് തടസ്സമില്ലാത്ത  സർക്കാർ സൗകര്യങ്ങൾ ചെയ്തു തരണമെന്ന്  ഓൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി ജെ തോമസ് , ജനറൽ സെക്രട്ടറി പ്രേം കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂവിപണിയിലേക്ക് പൂക്കളെത്തുന്നത്.  കേരളത്തിൽ ഇക്കാലയളവിൽ കൃഷി വകുപ്പിന്റെ പ്രോത്സാഹനവും സഹകരണവും മൂലം  പൂക്കൾ ഉല്പാദനത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തികയാതെ വന്നേക്കാമെന്നും  വിലക്കയറ്റത്തിന് ഇടയാക്കുമെന്നുമാണ് വിലയിരുത്തൽ.

വിവാഹവും, ആഘോഷങ്ങളും മരണാവശ്യവും ആരാധനാലയങ്ങൾ അടഞ്ഞു കിടന്നതും ഉത്സവങ്ങളും പെരുന്നാളും മറ്റു  പൊതു പരിപാടികളും   ഒഴിവാക്കിയതുമെല്ലാം കഴിഞ്ഞ അഞ്ചു മാസത്തോളമായി പുഷ്പ വിപണിക്ക് ദുർവിധിയുടെ കാലമായിരുന്നു.മൊത്ത വ്യാപാരികൾ ഉൾപ്പെടെ ഈ മേഖലയിൽ ആറായിരത്തിലേറെ പുഷ്പാവ്യാപാരികളുണ്ട് .ഇതുകൂടാതെ  ക്ഷേത്രങ്ങൾക്ക് മുന്നിൽ ചെറിയ തട്ട് കച്ചവടക്കാരും അനവധിയുണ്ട്. ഏകദേശം ആറുലക്ഷത്തോളം പേരാണ് ഈ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട്  തൊഴിലെടുക്കുന്നത്.ഫാമിൽ നിന്നും അണുനശീകരണം നടത്തിയ ശേഷമാണ് പൂക്കൾ വിപണിയിലേക്ക് എത്തുന്നത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ മറ്റു മേഖലയോട് കാണിക്കുന്നതുപോലെയുള്ള  സഹായം ഈ മേഖലക്ക് ലഭിക്കണമെന്നും അസോസിയേഷൻ സെക്രട്ടറി പ്രേംകുമാർ ആവശ്യപ്പെട്ടു. കോവിഡ്  വ്യാപനം വർദ്ധിക്കുന്നതിലുള്ള  ആശങ്ക കാരണം ഇത്തവണ
ഓണവിപണിയും അത്രക്ക്  സജീവമായിട്ടില്ല.