15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

പൊന്നോണമെത്തി; മാവേലി വേഷത്തിൽ സുനിൽ കുമാറിന് ഇത് 38 -ാം വർഷം

Janayugom Webdesk
പത്തനംതിട്ട
September 12, 2024 1:25 pm

ഓണം ആഗതമായതോടെ മഹാബലി തമ്പുരാന് തിരക്കോട് തിരക്കാണ്. ഇനിയുള്ള ദിനങ്ങളിൽ കിരീടവും വേഷവും അഴിച്ചുവയ്ക്കാൻ പോലുമാകില്ലെന്ന് മാവേലി വേഷത്തിൽ ശ്രദ്ധേയനായ അടൂർ സുനിൽ കുമാർ. കഴിഞ്ഞ 38 വർഷമായി കേരളക്കരയാകമാനം സുനിൽ കുമാറിന്റെ മാവേലി വേഷം ശ്രദ്ധേയമാണ്. ഓണക്കാലമാകുമ്പോൾ നിരവധി മാവേലി വേഷധാരികളെത്തുമെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തമാകുന്ന വേഷവിധാനങ്ങളാണ് സുനിൽകുമാറിന്റേത്. 28 ദിവസത്തെ വ്രതാനുഷ്ഠാനം കൊണ്ടാണ് ഒരു മാവേലി വേഷത്തിന്റെ പൂർത്തീകരണം. ആടയാഭരണങ്ങൾ എല്ലാം രാജകീയ പ്രൗഢിയോടെ തിളങ്ങണമെന്നാണ് സുനിൽ കുമാറിന്റെ ആഗ്രഹം. ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ ക്ഷണപ്രകാരം കഴിഞ്ഞ 18 വർഷമായി ഉത്രട്ടാതി ജലമേളയിൽ മാവേലി വേഷധാരിയായി സുനിൽകുമാർ എത്താറുണ്ട്. പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ മാവേലി വേഷത്തിലെത്താനായത് ജീവിതത്തിൽ ലഭിച്ച അസുലഭ മുഹൂർത്തമാണെന്ന് സുനിൽ കുമാർ പറഞ്ഞു. 

2012ലെ അത്തച്ചമയ മഹോത്സവ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ പുരസ്കാരങ്ങൾ ഇതിനോടകം നേടിക്കഴിഞ്ഞു. ഇത്തവണത്തെ ഓണം പരിപാടികൾ ഏറെയും പാലക്കാട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. മാവേലിയുടെ കിരീടത്തിലെ പുതുമയാണ് ഇക്കൊല്ലത്തെ പ്രധാന ആകർഷണീയത. ദക്ഷിണേന്ത്യയിലെ പുരാണ കഥാപാത്രങ്ങളായ അർജുനൻ, ഭീമൻ തുടങ്ങിയ ഇതിഹാസ പുരുഷൻമാരുടെ കിരീടവുമായി സാദൃശ്യമുള്ളതാണ് സുനിൽ അണിയുന്ന കിരീടം. പത്തുവർഷം കഴിയുമ്പോൾ കിരീടം മാറ്റി പുതിയതാക്കും. രണ്ട് അടി ഉയരവും സ്വർണ നിറവുമുള്ള കിരീടം പേപ്പർ പൾപ്പുകൊണ്ടാണ് നിർമിക്കുന്നത്. ഇതിന്റെ പ്രഭയേറുന്നത് റബർ പൾപ്പുപയോഗിക്കുന്നതോടെയാണ്. മരതകം, മാണിക്യം, പവിഴം, പത്മരാഗം തുടങ്ങിയ രത്നങ്ങൾ എന്നു തോന്നിക്കുന്ന മണികൾകൊണ്ട് കിരീടം അലങ്കരിച്ചിരിക്കുകയാണ്. ഭാര്യ രജനിയും മകൾ മീനാക്ഷിയുമാണ് കിരീടത്തിന്റെ ശോഭ വർധിപ്പിക്കുന്നതിനുള്ള രൂപകല്പന നടത്തുന്നതെന്നും സുനിൽ പറഞ്ഞു. മാവേലി വേഷം കെട്ടിയൊരുക്കുന്നതിലും ഭാര്യയ്ക്കും മകൾക്കും വലിയ പങ്കുണ്ട്. 

മാവേലി അണിയുന്നത് വിവിധതരത്തിലുള്ള മാലകളാണ്. ഇതിലെ ഒരു കിലോഗ്രാം മുത്തിന് 3000 രൂപയും പട്ടുസാരികൾക്ക് സെറ്റിന് 10, 000 രൂപയും വേണം. തയ്യൽക്കൂലിയായി 4000 രൂപ വീതവും കണ്ടെത്തണം. വേഷം ധരിച്ചെത്തുമ്പോഴേക്കും കുറഞ്ഞത് 85000 രൂപ ചെലവാകും. മാവേലിയുടെ പനയോലക്കുട പാലക്കാട്ടു നിന്നുകൊണ്ടുവന്ന് ഇവിടെ സെറ്റ് ചെയ്യുകയാണ്. പുരാണ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന പഞ്ചഗജം എന്ന രാജകീയ പ്രൗഢിയുള്ള ഡ്രസ്, ഷാൾ, ബാക് ഷീറ്റ് എന്നിവയാണ് പ്രധാന വേഷങ്ങൾ. മാവേലിയുടെ പാദരക്ഷ മെതിയടിയാണെങ്കിലും ആരും ഇപ്പോൾ ഇതുപയോഗിക്കാറില്ല. രാജകീയത്വം തോന്നുംവിധത്തിലുള്ള ഷൂ കൊണ്ടു നിർമിച്ച മുനയുള്ളതും സ്വർണ നിറത്തിലുള്ളതുമായ പാദരക്ഷയാണ് സുനിൽ കുമാർ ധരിക്കുന്നത്. സ്ഫടിക കഷണങ്ങൾ കൊണ്ടുള്ളതാണ് കണ്ഠലങ്ങൾ. ഏത് ഇരുട്ടിലും പ്രകാശിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വേഷവിധാനങ്ങളിൽ രാജകീയ പ്രൗഢി ഒട്ടും ചോർന്നുപോകാതെ നിലനിർത്തുകയും ഇതിലൂടെ പഴമയുടെ ആ സമത്വസുന്ദര രാജകീയ കാലം തിരിച്ചെത്തിക്കുകയുമാണ് സുനിൽ കുമാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.