പൊന്നോണം വര്‍ണ്ണാഭമാക്കാന്‍ മാസ് ചിത്രങ്ങള്‍

Web Desk
Posted on September 08, 2019, 7:48 am

വി പി അശ്വതി

പ്രളയവും ആര്‍ത്തലച്ചെത്തിയ പെരുമഴയും കവര്‍ന്നെടുത്ത എല്ലാ നന്മകളും തിരിച്ച് പിടിക്കാനും പുനര്‍നിര്‍മ്മിക്കാനുമുള്ള നെട്ടോട്ടത്തിനിടയിലാണ് പൂവിളിയുമായി ഓണമെത്തിയത്. ഒരുമയുടെയും സമഭാവനയുടെയും സന്ദേശം ജ്വലിപ്പിക്കുന്ന ഓണം ആധുനിക കാലത്ത് വിപണിയുടെ മഹാ സാധ്യതകള്‍ കൂടിയാണ് അന്വേഷിക്കുന്നത്. നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുന്ന സുപ്രധാന വ്യവസായ മേഖല എന്ന നിലയില്‍ മലയാള സിനിമാ ലോകത്തിനും ഓണനാളുകള്‍ ചാകരക്കാലമാണ്. പൊതുവെ കലാസാംസ്‌കാരിക ബോധം അല്‍പം കൂടുതലുള്ള മലയാളികള്‍ ഓണാവധിക്കാലത്ത് കുടുംബത്തോടൊപ്പം തീയേറ്ററിലെത്തി നല്ല ചിത്രങ്ങള്‍ ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. പ്രകൃതിയുടെ വികൃതികളിലമര്‍ന്ന് ഓണമില്ലാതെ പോയ 2018 ന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ഈ വര്‍ഷത്തെ ഓണനാളുകളെ ജനം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മാസ് ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ , നിവിന്‍ പോളിയുടെ ‘ലവ് ആക്ഷന്‍ ഡ്രാമ’, പൃഥ്വിരാജിന്റെ ‘ബ്രദേഴ്‌സ് ഡേ’, ടൊവിനോ തോമസിന്റെ ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’, രജീഷ വിജയന്റെ ‘ഫൈനല്‍സ്’, ജനപ്രിയ സംവിധായകന്‍ വിനയന്റെ ‘ആകാശഗംഗ 2’ എന്നിങ്ങനെ കൈക്കുടന്ന നിറയെ ചിത്രങ്ങളൊരുക്കിയാണ് മലയാള സിനിമാലോകം ഓണത്തെ വരവേല്‍ക്കുന്നത്.

Ittimani

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന

കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുള്ള ചേരുവകളുമായി മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടൈനറാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ആദ്യമായി ചൈനയില്‍ ചിത്രീകരിച്ച മലയാള സിനിമയാണ് ഇട്ടിമാണി. അച്ഛന്റെയും മകന്റെയും ജീവിതം ചൈനയിലും തൃശ്ശൂരിലുമായി ചിത്രീകരിച്ച ഇട്ടിമാണിയില്‍ നായികമാര്‍ ഹണിറോസും രാധിക ശരത്കുമാറുമാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെള്ളിമൂങ്ങ, ചാര്‍ലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റായിരുന്ന ജിബുവും ജോജുവും ചേര്‍ന്നാണ് ഇട്ടിമാണിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന 27 ാമത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇട്ടിമാണിക്ക്.
ആയോധനകലയില്‍ അതിവിദഗ്ധനായ അച്ഛന്‍ കഥാപാത്രത്തിന്റെ ഭാഗം ചൈനയിലും തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന മകന്റെ ഇടപെടലുകള്‍ തൃശ്ശൂരിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരാഴ്ചയിലേറെ കാലം ചൈനയില്‍ ഷൂട്ട് ചെയ്തിട്ടുള്ളതായാണ് വിവരം. ഏറെകാലത്തിന് ശേഷമാണ് തൃശ്ശൂര്‍ സംഭാഷണവുമായി മോഹന്‍ലാല്‍ സ്‌ക്രീനിലെത്തുന്നത് എന്നതും ഇട്ടിമാണിയുടെ സവിശേഷതയാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള വിഭവങ്ങളുമായി സലിംകുമാര്‍, അജുവര്‍ക്ഷീസ്, കെ പി എ സി ലളിത തുടങ്ങിയവരും ഇട്ടിമാണിക്കൊപ്പം ഉണ്ട്.

ലവ് ആക്ഷന്‍ ഡ്രാമ

നിവിന്‍പോളിയ്‌ക്കൊപ്പം തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ആദ്യമായി ഒരുമിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരം‘മാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ക്ഷീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ധ്യാന്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ 1989 ല്‍ സംവിധാനം ചെയ്ത് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ധ്യാനിന്റെ ചിത്രം. വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ തളത്തില്‍ ദിനേശനും പാര്‍വ്വതിയുടെ കഥാപാത്രമായ ശോഭയും പുതിയ കാലത്തിന്റെ പ്രതിനിധികളായി വരികയാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍. ടീസര്‍ പുറത്തിറക്കി രണ്ട് ദിവസത്തിനകം 20 ലക്ഷം പേരാണ് യൂട്യൂബില്‍ അത് തിരഞ്ഞെത്തിയത്. വിനീത് ശ്രീനിവാസന്‍, അജുവര്‍ക്ഷീസ്, ഉര്‍വ്വശി തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യവും ലവ് ആക്ഷന്‍ ഡ്രാമയിലുണ്ട്. സ്‌ക്രീനില്‍ നിവിന്‍ പോളിയെ കണ്ടാലുടന്‍ അജുവര്‍ഗീസെന്തിയേ എന്ന് പ്രേക്ഷകര്‍ തിരക്കുന്ന നിലയിലേക്ക് അവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് പശ്ചാത്തല സംഗീതവും പാട്ടുകള്‍ക്ക് ഈണവും പകര്‍ന്നിരിക്കുന്നത്. ജോമോന്‍ ടി ജോണും, റോബി വര്‍ഗീസും ചേര്‍ന്നുള്ള ക്യാമറകൂട്ടുകെട്ടും വിവേക് ഹര്‍ഷന്റെ എഡിറ്റിങും ചിത്രത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

Brothers Day

ബ്രദേഴ്‌സ് ഡെ

പൃഥ്വീരാജ് നായകനാവുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡെ. നടനെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ കലാഭവന്‍ ഷാജോണിന്റെ കന്നിസംവിധാന സംരംഭമാണ് ബ്രദേഴ്‌സ് ഡേ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജിന്റെ ആക്ഷന്‍ കോമഡി ചിത്രം വരുന്നത് എന്നതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംഷയിലാണ്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ് , മഡോണ സെബാസ്റ്റിയന്‍ എന്നീ നാല് നായികമാരുമുണ്ട് പൃഥ്വിക്കൊപ്പം. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിംഗ് വിഭാഗം തൊഴിലാളിയായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. പ്രശസ്ത തമിഴ് നടന്‍ പ്രസന്ന ആദ്യമായി മലയാളത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേയ്ക്കുണ്ട്.

കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്

പുതുതലമുറയുടെ ഹരമായി നില്‍ക്കുന്ന ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ മാസ്മരിക പ്രകൃതി ഭംഗി ഒപ്പിയെടുത്ത കിലോമീറ്റേഴ്‌സിനെ റോഡ് മൂവി വിഭാഗത്തില്‍ പെടുത്താം. റോഡ് മൂവി വിഭാഗത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന ആദ്യ കഥാപാത്രമാണ് കിലോമീറ്റേഴ്‌സിലേത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലാത്ത ഈ ചിത്രം നിര്‍മ്മിച്ചത് ടൊവിനോയും റംഷിയും ചേര്‍ന്നാണ്.

ഫൈനല്‍സ്

നവാഗതനായ പി ആര്‍ അരുണ്‍ കഥയെഴുതി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട ചിത്രമാണ് ഫൈനല്‍സ്. ജൂണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന രജീഷ വിജയനാണ് ഫൈനല്‍സിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേനേടിയ സൈക്ലിംഗ് താരമായാണ് രജീഷ ചിത്രത്തില്‍ വരുന്നത്. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കി കഠിന പരിശീലനം നടത്തുന്ന സൈക്ലിംഗ് താരത്തിന്റെ അച്ഛനും കോച്ചുമായി സുരാജ് വെഞ്ഞാറമ്മൂട് വ്യത്യസ്തമായ പകര്‍ന്നാട്ടമാണ് കാഴ്ചവയ്ക്കുന്നത്. മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രത്തില്‍ നിരഞ്ജ് , ടിനി ടോം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായിട്ടുണ്ട്. കണ്ണിറുക്കി സുന്ദരമായി ചിരിച്ച് ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ചെറുപ്പക്കാരുടെ മനസ്സിളക്കിയ പ്രിയ പ്രകാശ് വാര്യര്‍ ഫൈനല്‍സിന് വേണ്ടി പാടിയ പറക്കാം …പറക്കാം.. എന്ന ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. എം ഡി രാജേന്ദ്രനെഴുതി കൈലാസ് മേനോന്‍ ഈണം പകര്‍ന്ന് യാസിന്‍ നിസാറും ലതാകൃഷ്ണയും ചേര്‍ന്ന് ആലപിച്ച മറ്റൊരു പാട്ടുമുണ്ട്.

ആകാശ ഗംഗ രണ്ട്

ജനപ്രിയ ചിത്രങ്ങളൊരുക്കി തീയേറ്ററില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകന്‍ വിനയന്‍ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായാണ് ഈ ഓണത്തിനെത്തുന്നത്. ഹൊററര്‍ സിനിമാ വിഭാഗത്തില്‍ പെടുത്താവുന്നആദ്യത്തെ ആകാശഗംഗ 1999 ലാണ് വിനയന്‍ ആദ്യമായി അവതരിപ്പിച്ചത്. 20 വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗം തയ്യാറാക്കുമ്പോള്‍ സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുകയറ്റം അദ്ദേഹത്തെ നന്നായി പിന്തുണച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ഇഫക്ടിന്റെയും , വി എഫ് എക്‌സിന്റെയും സഹായത്തോടെ പ്രേക്ഷകരെ ഞെട്ടിക്കാനും കൂടുതല്‍ ഭയചകിതരാക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ആകാശഗംഗ 2. വലിയൊരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വരുന്ന ഹൊറര്‍ ചിത്രത്തിന്റെ നിര്‍മ്മാണവും വിനയന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

എല്ലാ വിഭാഗം പ്രേക്ഷകരെയും സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ശേഷിയുള്ള ചിത്രങ്ങളുമായി മനം നിറച്ച് മലയാള ചലച്ചിത്രലോകവും മാവേലിയെ വരവേല്‍ക്കാന്‍ തയ്യാറായിഴിഞ്ഞു.

ഓണത്തിന് നേർക്കുനേർ മത്സരിക്കാൻ എത്തുന്നത് സൂപ്പർ താര — യുവതാര ചിത്രങ്ങൾ

ഈ ഓണം ആർക്കൊപ്പം?ഓണത്തിന് നേർക്കുനേർ മത്സരിക്കാൻ എത്തുന്നത് സൂപ്പർ താര — യുവതാര ചിത്രങ്ങൾ

Janayu­gom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 4, 2019