സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും

Web Desk
Posted on July 27, 2020, 10:06 pm

കോവിഡ് കാലത്ത് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ചിന് വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 11 ഇന അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണത്തിന് മാർഗനിർദ്ദേശങ്ങളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിന്റെ പൂർണ ചുമതല സപ്ലൈക്കോയ്ക്ക് ആയിരിക്കും. സംസ്ഥാനത്ത് റേഷൻ കടകൾ വഴി കിറ്റുകളുടെ വിതരണം നിര്‍വഹിക്കും.
മുൻഗണനാ വിഭാഗക്കാർക്ക് (എഎവൈ-മഞ്ഞ കാര്‍ഡ്, പിഎച്ച്എച്ച്-പിങ്ക് കാര്‍ഡ്) കിറ്റ് വിതരണം ഓഗസ്റ്റ് അഞ്ച് മുതൽ 15 വരെയും, മുൻഗണനേതര സബ്സിഡി വിഭാഗത്തിന് (എന്‍പിഎസ്-നീല കാര്‍ഡ്) 16 മുതൽ 20 വരെയും, മുൻഗണനേതര വിഭാഗത്തിന് (എന്‍പിഎന്‍എസ്-വെള്ള കാര്‍ഡ്) 21 മുതൽ 25 വരെയുമാണ് കിറ്റ് വിതരണം നിശ്ചയിച്ചിരിക്കുന്നത്.
ഓരോ ജില്ലയിലും റേഷൻ കാർഡിന് ആനുപാതികമായി എത്ര കിറ്റ് തയ്യാറാക്കണമെന്ന് കണക്കാക്കി സപ്ലൈക്കോ മാനേജിംഗ് ഡയറക്ടർ വിഭവങ്ങളും ആവശ്യമായ മാനവശേഷിയും ക്രമീകരിക്കണമെന്നാണ് നിർദ്ദേശം. സപ്ലൈക്കോ വിജിലൻസ് സെൽ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണം. കിറ്റ് തയ്യാറാക്കുന്നവർക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടതാണെന്നും നിഷ്കർഷിച്ചിട്ടുണ്ട്.