Janayugom Online
Onam 2018- Janayugom

സമാനതകളില്ലാത്ത സംസ്‌കാര ചിഹ്നം

Web Desk
Posted on August 25, 2018, 9:25 am

പെരുമ്പുഴ ഗോപാലകൃഷ്ണന്‍

ഓണം! ഒരു വികാരമാണ്. കേരളീയ മനസുകളുടെ ഉല്ലാസോല്‍ക്കര്‍ഷത്തിന്റെ ആത്യന്തിക ഭാവങ്ങള്‍ കാലം അതിന്റെ താളലാവണ്യത്തില്‍ കാവ്യാത്മകമായി ഊഞ്ഞാലാടുന്ന ഉത്സവം! ജീവിതസ്വപ്‌നങ്ങളെ പൂവണിയിക്കുന്ന പുണ്യവേളകള്‍. ‘മാനുഷ്യരെല്ലാരുമൊന്നുപോലെ’ എന്ന ഈരടിയുടെ ഉല്‍കൃഷ്ടവികാരങ്ങള്‍ ഉച്ചത്തില്‍ ഉരുവിടുന്ന നിമിഷം!

ഇതൊരു സംസ്‌കാരത്തനിമയുടെ സമുന്നത ഭാവമാണ്. കേരളീയനുമാത്രം അവകാശപ്പെടാവുന്ന മൗലിക സാംസ്‌കാരിക ഭാവമാണിത്. സാംസ്‌കാരിക ചരിത്രത്തിലെ മലയാള സാംസ്‌കാരിക ചിഹ്നമായിത്തീര്‍ന്നിരിക്കുന്നു ഓണം. അതാണീ സാംസ്‌കാരികോത്സവത്തിന്റെ ഔത്കൃഷ്ട്യം. ‘മാനുഷ്യരെല്ലാരുമൊന്നുപോലെ.’

അനുപമമായ ആ ജീവിതസങ്കല്‍പം സൗന്ദര്യാത്മകമായി പകര്‍ത്തുന്ന ഈ അവസ്ഥയെ നാം ഓണം എന്ന് വ്യവസ്ഥ ചെയ്യുന്നു. കേരള സംസ്‌കാരചരിത്രത്തില്‍ ഓണം അങ്ങനെ അനശ്വരമായ, സമാനതകളില്ലാത്ത ഒരു സംസ്‌കാര ചിഹ്നമായിത്തീര്‍ന്നു.

കാലത്തിന്റെ പൊന്‍പുലരിയില്‍ മുക്കുറ്റിപ്പൂവുകള്‍ പുഞ്ചിരിക്കുമ്പോള്‍ ഒരായിരം സ്വപ്‌നങ്ങളുമായി കേരളത്തിന്റെ ഹൃദയം ആഹ്ലാദംകൊണ്ടു. ഓണം കേരളീയന്റെ മാത്രമല്ലത്രേ. തെക്കേ ഇന്ത്യയിലാണ് ഓണത്തിന്റെ സാംസ്‌കാരിക പൊലിമ പ്രകാശം പരത്തിയിരുന്നതെന്ന് മാങ്കുടിമരുതനാര്‍ എന്ന സംഘകാല കവി എ ഡി ആദ്യനൂറ്റാണ്ടില്‍ തന്റെ മരുതൈ കാഞ്ചി എന്ന കൃതിയില്‍ സൂചിപ്പിച്ചിരുന്നു. അതിനര്‍ഥം പ്രാചീനകാലം മുതല്‍ തെക്കേ ഇന്ത്യയില്‍ ഓണക്കാല സംസ്‌കൃതി പ്രചരിച്ചിരുന്നു എന്നാണല്ലോ. എന്തായാലും കേരളം ഉള്‍ക്കൊള്ളുന്ന തെക്കേ ഇന്ത്യയുടെ മഹാസമ്പത്താണീ ഓണക്കാല സംസ്‌കൃതി!
ഓണക്കാല സംസ്‌കൃതിയില്‍ അധിനിവേശത്തിന്റെ കഥയുണ്ട്. ജനാധിപത്യത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഒക്കെ കഥയുണ്ട്. എന്നാല്‍ അവയ്‌ക്കൊക്കെ മേലേ നില്‍ക്കുന്ന ഒന്നുണ്ട്- മാനവസ്‌നേഹം.

കേരളത്തിനു ഈ വര്‍ഷം അത്യന്തം ദുരിതപൂര്‍ണമായ ഒരു അവസ്ഥയാണ് സംജാതമായത്. പ്രകൃതിയുടെ അതിക്രൂരമായ സംഹാരാത്മക സമീപനം! ആകര്‍ഷണീയമായ കുന്നിന്‍ചരിവുകളും വൃക്ഷനിബിഡവും പുഷ്പാലംകൃതവുമായ വനസൗന്ദര്യവും മാത്രമല്ല മനുഷ്യജീവിതം മുഴുവന്‍ വെള്ളത്തില്‍ ഒലിച്ചുപോയ ജലപ്രളയം! ഒരുതരി മണ്ണും ഒരു നാമ്പ് പുല്‍ക്കൊടിപോലും അവശേഷിപ്പിക്കാത്തവിധം മനുഷ്യനും സകലജീവജാലങ്ങളും നശിച്ചു. ജീവിതം, വസ്തുവകകള്‍, കുഞ്ഞുങ്ങള്‍, അമ്മമാര്‍, പെണ്‍കൊടികള്‍, കൗതുകവസ്തുക്കള്‍, ജീവിതകാലം മുഴുവന്‍ സ്വപ്രയത്‌നങ്ങള്‍കൊണ്ട് മനുഷ്യന്‍ നേടിയതൊക്കെയും ഒരു നിമിഷംകൊണ്ട് നശിച്ച് നാമാവശേഷമായി. കൂരകള്‍, കെട്ടിടങ്ങള്‍ എല്ലാമെല്ലാം. ഒന്നു നുണയാന്‍ അല്‍പം ഭക്ഷണം കിട്ടാതെ, തൊണ്ടനനയ്ക്കാന്‍ ഇറ്റ് നീരുകിട്ടാതെ, വെളിച്ചം കാണാനാവാതെ, ശ്വാസംമുട്ടി, വെള്ളത്തിരകളില്‍ മുങ്ങി കൈകാല്‍ കുഴഞ്ഞ് അങ്ങനെയങ്ങനെ എത്രയെത്ര മനുഷ്യജീവിതങ്ങള്‍ ദാരുണമായ അന്ത്യം കൈവരിച്ചു. അഹോ! അവര്‍ണനീയം ഈ അന്ത്യമുഹൂര്‍ത്തം. ലക്ഷക്കണക്കിനു മനുഷ്യജീവിതങ്ങള്‍ ആഹുതി ചെയ്യപ്പെട്ടു. ജീവിതസത്യങ്ങള്‍ മനുഷ്യന്‍ മനസിലാക്കുന്ന മുഹുര്‍ത്തമായിരുന്നു അത്.
പ്രാചീന ചരിത്രങ്ങളിലും കഥകളിലും പുരാണങ്ങളിലും പ്രളയത്തെ നാം അറിഞ്ഞിട്ടുണ്ട്. പ്രളയം! പ്രളയം! ഏതിലും അതിഭാവുകത്വം കണ്ടേക്കാം. ഓണത്തോടനുബന്ധിച്ചുള്ള മഹാബലിയുടെ കഥയും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. ചില വിരുതന്മാര്‍ തങ്ങളുടെ ചിന്താഗതികള്‍ക്കനുകൂലമായി മഹാബലിയുടെ കഥ ഈയിടെ വെട്ടിത്തിരുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത അനുഭവവും നമ്മുടെ മുന്നിലുണ്ട്. അവയൊക്കെ മാറ്റിവയ്ക്കാം. പ്രാചീനചരിത്രത്തിലും അവയുടെ ആധുനികതയിലേക്കുള്ള പരിവര്‍ത്തന ചരിത്രത്തിലും ഉള്ള അതിഭാവുകത്വങ്ങള്‍ മാറ്റിവച്ചാല്‍ നമുക്കു കാണാന്‍ കഴിയുന്ന ഒരു മഹാസത്യമുണ്ട് ”നമ്മുടെ മനുഷ്യസ്‌നേഹം”

മനുഷ്യന്‍ മനുഷ്യനായിത്തീരുന്നത് അന്യന്റെ ദുഃഖത്തെ തിരിച്ചറിയുമ്പോഴാണ്. ആ ദുഃഖം ലഘൂകരിക്കാനുള്ള അവന്റെ പ്രയത്‌നത്തെ നാം സാംസ്‌കാരിക പ്രവര്‍ത്തനം എന്ന് പ്രകീര്‍ത്തിക്കുന്നു. കേരളം ഇപ്പോള്‍ അഭിമുഖീകരിച്ച ജലപ്രളയം എന്ന അതിദാരുണമായ അനുഭവം, പ്രപഞ്ചത്തെ അറിയുന്നതിനും ജീവിത രഹസ്യങ്ങളും തത്വങ്ങളും എന്തെന്നറിയാനും അവനെ സഹായിച്ചു. ജീവന്റെ വില എന്തെന്ന് അവനെ ഓര്‍മ്മിപ്പിച്ചു. അത്ഭൂതാവഹമായ ജീവിതത്തിന് മുന്നില്‍ അവന്‍ പകച്ചുനിന്നു. തുടര്‍ന്ന് അവന്‍ കര്‍മ്മോത്സുകനായി.

മഹാഭാരത യുദ്ധത്തിനുശേഷം ഉണ്ടായ ക്ലേശങ്ങളുടെ അനുഭവപാഠങ്ങളുടെ ഔന്നത്യങ്ങളില്‍ കയറിനിന്നുകൊണ്ട് ശ്രീകൃഷ്ണന്‍ചെയ്ത സമാധാനസന്ദേശ പ്രഖ്യാപനമുണ്ടല്ലോ അതാണ് ലോകത്തില്‍വച്ചുള്ള ഏറ്റവും വലിയ സമാധാന സന്ദേശം. അനുഭവങ്ങളില്‍ നിന്നുള്ള പാഠമാണിതിനു പ്രേരിപ്പിച്ചത്. യുദ്ധത്തില്‍ നിന്നുള്ള തിക്താനുഭവങ്ങളാണ് സോവിയറ്റ് യൂണിയനെ ലോക സമാധാനത്തിന് പ്രേരിപ്പിച്ചത്. കേരളത്തിലുണ്ടായ ഘോരപ്രളയത്തില്‍ നിന്നും അവന്‍ പലതും പഠിച്ചു. പരസ്പരം സഹായിക്കാന്‍, സ്‌നേഹിക്കാന്‍, പല സുഖഭോഗങ്ങളും ത്യജിക്കാന്‍ — അങ്ങനെ പലതും. ജീവിതത്തിന്റെ സദ്ഭാവങ്ങള്‍ തിരിച്ചറിയാന്‍ അവന്‍ പഠിച്ചു. മുന്‍പൊന്നും സംഭവിക്കാത്തവിധം അവന്‍ മനുഷ്യസ്‌നേഹം എന്തെന്നു മനസിലാക്കി. ഏതു സാഹസികതയെയും നേരിടാന്‍ സന്നദ്ധനായി. കുട്ടികളുടെയും അമ്മമാരുടെയും ഒക്കെ ജീവന്‍ രക്ഷിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. ചെറുപ്പക്കാര്‍, സന്നദ്ധസംഘടനകള്‍ — എന്തിന് എല്ലാ മേഖലയിലുമുള്ളവര്‍ ഒരേ മനസോടെ. ഈ മഹാസ്‌നേഹത്തിനു മുന്നില്‍ പ്രളയം പോലും മുട്ടുമടക്കി.

മാനുഷരെല്ലാരുമൊന്നുപോലെ എല്ലാര്‍ക്കും വേണ്ടി — കള്ളവുമില്ല, ചതിയുമില്ല.….
ഈ വര്‍ഷത്തെ ഓണത്തില്‍ നാം തിരിച്ചറിഞ്ഞ ഒരു തത്വം — മനുഷ്യനാണ് വലുത്.