Web Desk

തിരുവനന്തപുരം

July 14, 2021, 10:43 pm

ഓണക്കിറ്റിൽ പായസക്കൂട്ടും കുട്ടികൾക്ക് ക്രീം ബിസ്ക്കറ്റും

Janayugom Online

മലയാളിക്ക് ഇക്കുറി ഓണം ഉണ്ണാനായി സംസ്ഥാന സർക്കാർ നൽകുന്ന സ്പെഷ്യൽ ഓണക്കിറ്റിൽ മാറ്റു കൂട്ടാൻ പായസക്കൂട്ട്. കുട്ടികൾക്കായി ക്രീം ബിസ്ക്കറ്റും. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർ‍ഡ് ഉടമകൾക്കും 17 ഇനങ്ങൾ ഉൾപ്പെടുത്തിയ സ്പെഷ്യൽ ഓണക്കിറ്റാവും നൽകുക. കുട്ടികളുടെ അഭ്യർത്ഥന കൂടി പരിഗണിച്ച് കിറ്റിൽ ക്രീം ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങൾ നൽകുവാൻ ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ നിർദ്ദേശിച്ചു. 

സപ്ലൈകോ മുഖേന റേഷൻകടകൾ വഴിയാണ് സംസ്ഥാനത്ത് സ്പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുക. സ്പെഷ്യൽ കിറ്റിന്റെ വിതരണം ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിച്ച് 18നകം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഭക്ഷ്യമന്ത്രി നിർദ്ദേശം നൽകി. ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിലും ധനമന്ത്രി കെ എൻ ബാലഗോപാലും നടത്തിയ ആലോചനായോഗത്തിലാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ സംബന്ധിച്ച് അന്തിമ ധാരണയായത്. 

കിറ്റിലുണ്ടാകുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്താൻ സപ്ലൈകോ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. പായസക്കിറ്റിൽ സേമിയ, പാലട, ഉണക്കലരി, അണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളായ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്, മുളക്പെടി, ഉപ്പ്, മഞ്ഞൾ, ആട്ട, ശർക്കര വരട്ടി, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയാണ് കിറ്റിൽ ഉള്‍പ്പെടുന്ന മറ്റ് സാധനങ്ങൾ. പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാകും ഇക്കുറിയും സ്പെഷ്യൽ കിറ്റ് വിതരണത്തിനെത്തുക.

ENGLISH SUMMARY:Onam kit cream bis­cuits and payasam mix for the kids
You may also like this video