6 October 2024, Sunday
KSFE Galaxy Chits Banner 2

പ്രത്യാശയുടെ ഓണം: അതിജീവനത്തിന്റെയും

അഡ്വ.ജി ആര്‍ അനില്‍
September 14, 2024 4:45 am

എല്ലാ രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും തങ്ങളുടേതായ ഉത്സവാഘോഷങ്ങൾ ഉണ്ടെങ്കിലും മലയാളികളുടെ ഓണം സങ്കല്പങ്ങളിലും അനുഷ്ഠാനങ്ങളിലും വേറിട്ട ഒന്നാണ്. മനുഷ്യരെല്ലാവരും സമന്മാരായിരിക്കുകയും കള്ളവും ചതിയും ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലത്തിന്റെ സ്മരണ ലോകത്ത് മറ്റേതെങ്കിലും ഉത്സവങ്ങളുടെ അടിസ്ഥാനമായിട്ടുണ്ടോ എന്നത് സംശയമാണ്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ് ഓണം. എന്നാൽ മലയാളിയുടെ ഓണം എല്ലാ കാലത്തും സമൃദ്ധമായിരുന്നില്ല. വറുതിയുടെയും ദുരിതത്തിന്റെയും നാളുകൾ പിന്നിട്ടാണ് കേരളം ഒരാധുനിക സമൂഹത്തിലേക്കുള്ള ചുവടുകൾ വച്ചത്. ജനകീയ സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ ഈ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതേ ദിശയിൽതന്നെയാണ് എൽഡിഎഫ് സർക്കാർ കേരളത്തെ നയിക്കുന്നത്. 

കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. ഭക്ഷ്യക്കമ്മി സംസ്ഥാനവുമാണ്. രാജ്യം നേരിടുന്ന ഗുരുതര വിലക്കയറ്റം ഭയാശങ്കകൾ ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാകാലത്തും അതിനെ മറികടക്കാനാകുന്നത് സംസ്ഥാന സർക്കാരിന്റെ ശക്തമായ വിപണിയിടപെടലിന്റെ ഫലമായാണ്. ഭക്ഷ്യോല്പാദക സംസ്ഥാനങ്ങളേക്കാളും വിലനിലവാരം കേരളത്തിൽ താണുനിൽക്കുന്നു. കേന്ദ്രസർക്കാരിന്റെ സ്ഥിതിവിവരവകുപ്പ് പുറത്തിറക്കുന്ന പ്രതിമാസ സൂചികകൾ ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. ഉത്സവവേളകളിൽ വിലക്കയറ്റം സൃഷ്ടിച്ച് അമിതലാഭമുണ്ടാക്കാനുള്ള ഇടനിലക്കാരുടെ ആഗ്രഹത്തിന്, പ്രധാനപ്പെട്ട എല്ലാ ആഘോഷവേളകളിലും പ്രത്യേക ചന്തകൾ സംഘടിപ്പിച്ചാണ് സർക്കാർ തടയിടുന്നത്. അതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ ഇത്തവണ ഓണത്തിനും വിപുലമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കി. 

കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഓണച്ചന്തകൾ വിപുലമായി സംഘടിപ്പിച്ചു. സെപ്റ്റംബർ ആറ് മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പത്ത് മുതൽ താലൂക്ക് ആസ്ഥാനങ്ങളിലും നടന്നുവരുന്ന ഈ ചന്തകൾ ഇന്നുവരെ തുടരും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും മേളകളിലുണ്ട്. ഓണക്കാലത്ത് സപ്ലൈകോ വിപണനശാലകളിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും വിതരണം ചെയ്തുവരുന്നു. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഇവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാണ്. ഇതുകൂടാതെ ശബരി ഉല്പന്നങ്ങൾ, എഫ്എംസിജി ഉല്പന്നങ്ങൾ എന്നിവയ്ക്ക് ഓണച്ചന്തകളിൽ 50 ശതമാനം വരെ വിലക്കുറവാണ്. പ്രമുഖ കമ്പനികളുടെ 200ൽ അധികം ബ്രാന്റഡ് ഉല്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയിൽ നെയ്യ്, തേൻ, കറിമസാലകൾ, ഭക്ഷ്യ ഉല്പന്നങ്ങൾ, ഡിറ്റർജന്റുകൾ, ടോയ്‌ലെറ്ററീസ് തുടങ്ങിയവയ്ക്ക് 45 ശതമാനം വിലക്കുറവുണ്ട്. 255 രൂപ വിലവരുന്ന ആറു ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതൽ നാല് മണി വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ് പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ഇതിന് പുറമേ സഹകരണ വകുപ്പിന് കീഴിലുള്ള കൺസ്യൂമർ ഫെഡ് ഒരാഴ്ച നീണ്ടുനിൽക്കുന്ന 1,500 ചന്തകൾ ഒരുക്കിയും വില കുറച്ച് സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കുന്നുണ്ട്. കൈത്തറിത്തൊഴിലാളികൾക്കും അവരുടെ സഹകരണ സംഘങ്ങൾക്കും നേട്ടമുണ്ടാക്കുന്നതിനും ഖാദി ഉല്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി റിബേറ്റ് നൽകിയുള്ള മേളകൾ സംഘടിപ്പിക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. പഴം, പച്ചക്കറി ഉല്പന്നങ്ങളുടെ അമിത വിലക്കയറ്റം തടയുന്നതിന് 2,000 കർഷക ചന്തകൾ ഒരുക്കുന്നതിന് കൃഷി വകുപ്പും നടപടി സ്വീകരിച്ചു കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നത് കഴിച്ചുള്ള ഉല്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നാണ് പച്ചക്കറിച്ചന്തകൾ നടത്തുന്നത്. മൊത്ത വ്യാപാരവിലയെക്കാൾ 10 ശതമാനം കൂട്ടിയാണ് പ്രാദേശിക കർഷകരിൽ നിന്ന് പഴം, പച്ചക്കറി ഉല്പന്നങ്ങൾ സംഭരിക്കുന്നത്. ജൈവ പച്ചക്കറികൾക്ക് 20 ശതമാനം വില കൂട്ടിയാണ് സംഭരിക്കുക. എല്ലാ കൃഷിഭവൻ പരിധിയിലും ഒന്ന് എന്ന തോതിൽ 1,076 ചന്തകൾ കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വിഎഫ്‌പിസികെ വഴിയും 764 വിപണികൾ ഹോർട്ടികോർപ്പ് വഴിയുമാണ് നടത്തുന്നത്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെങ്കിലും, എൽഡിഎഫ് ഭരണത്തിൽ സാധാരണക്കാരുടെ ഒരു കാര്യത്തിലും അത് ബാധിക്കാത്ത വിധം കൈകാര്യം ചെയ്തുപോരുന്നു. അതേ സമീപനമാണ് മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് വിവിധ വിഭാഗം ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുന്നതിനും വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിനുമുള്ള ഇടപെടലിനായുള്ള സജ്ജീകരണങ്ങളും. അന്ത്യോദയ അന്നയോജന (എഎവൈ) കാർഡ് ഉടമകൾക്ക് പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകിവരുന്നു. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസംമിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നീ ഇനങ്ങളാണ് തുണിസഞ്ചിയിൽ വിതരണം ചെയ്യുക. ആറ് ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാക്കുന്നുണ്ട്. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിനായി 34.29 കോടി രൂപ സർക്കാർ മുൻകൂറായി നീക്കിവച്ചു. ഇതിന് പുറമേ സംസ്ഥാന സർക്കാർ കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനമാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളിലെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും എന്നത്. എൻഎഫ്എസ്എ നിയമം നടപ്പിലാക്കപ്പെട്ടതോടുകൂടി സംസ്ഥാനത്തെ ജനങ്ങളിൽ 57 ശതമാനം സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിന് പുറത്താവുകയുണ്ടായി. ഇതിലുൾപ്പെടുന്ന നീല, വെള്ള കാർഡുകാർക്ക് നിലവിൽ സംസ്ഥാന സർക്കാർ നൽകിവരുന്നതിനു പുറമെ 10 കിലോ അരി ഓണക്കാലത്ത് പ്രത്യേകമായി നൽകുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം വേണ്ടെന്ന് വച്ചിട്ടുണ്ട്. എങ്കിലും മലയാളികൾ ഗൃഹാതുരതയോടെ ഓണമാഘോഷിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. അതിന് വിപണിയിലെ വിലക്കയറ്റം തടസമാകരുത് എന്ന് മുൻകൂട്ടി കണ്ടാണ് ഇത്തരം സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സർക്കാരിന്റെ സാമ്പത്തികപ്രയാസം വിപണി ഇടപെടൽ പ്രവർത്തനങ്ങളെ വലിയ തോതിൽ ഞെരുക്കുന്നുണ്ട്. എന്നിരിക്കിലും ഓണത്തിന് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിന് സാധ്യമായ വിധത്തിലുള്ള സാമ്പത്തിക പിന്തുണയും ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 

രാജ്യത്തെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തിയതിന്റെ അംഗീകാരം സംസ്ഥാനത്തെ തേടി വന്നത് ഈ ഓണക്കാലത്താണ്. ഇത് മലയാളികൾക്കാകെ അഭിമാനകരമായ നേട്ടമാണ്. സാമൂഹ്യപുരോഗതിയിൽ രാജ്യത്തെ ഒന്നാമത്തെ സ്ഥാനം നിരവധി വർഷങ്ങളായി നിലനിർത്തുമ്പോഴും വാണിജ്യവ്യവസായ പുരോഗതിയിൽ അതിനൊത്ത നേട്ടം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിക്കാൻ നിശ്ചയദാർഢ്യത്തോടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയത്. അതിന്റെ ഫലമായിട്ടാണ് പൗരകേന്ദ്രീകൃതമായ സൂചകങ്ങളിൽ ഏഴ് പോയിന്റും വാണിജ്യകേന്ദ്രീകൃതമായ സൂചകങ്ങളിൽ രണ്ട് പോയിന്റുമടക്കം ആകെ ഒമ്പത് പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിന് അഞ്ചും ഗുജറാത്ത്, യുപി സർക്കാരുകൾക്ക് മൂന്നും പോയിന്റുകളാണ് ലഭിച്ചത്. മാവേലി രാജ്യത്തെപ്പറ്റിയുള്ള നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗൃഹാതുരസ്മരണകൾ പേറുക മാത്രമല്ല നാം ചെയ്യുന്നത്. അത് യാഥാർത്ഥ്യമാക്കാനാവശ്യമായ സാമ്പത്തിക പുരോഗതി കൈവരിക്കാനും പ്രതിജ്ഞാബദ്ധമാണ് കേരള സമൂഹം. ഈ ലക്ഷ്യത്തോടെ മുന്നിൽ നിന്ന് നയിക്കുകയാണ് കേരള സർക്കാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.