പൂര നഗരി കയ്യടക്കി ‘പുലി‘കള്‍

Web Desk
Posted on September 14, 2019, 7:43 pm

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനത്തെ ഓണാഘോഷത്തിന് സമാപനം കുറിച്ച് നാലാം ഓണനാളില്‍്് തൃശൂര്‍ നഗരം പുലികള്‍ കീഴടക്കി. വിശ്വവിഖ്യാതമായ പുലികളി കാണാന്‍ ആയിരങ്ങള്‍ നഗരവീഥികളിലെത്തി.
ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് സ്വരാജ് റൗണ്ട് കീഴടക്കിയത്. പെണ്‍പുലികളും കുട്ടിപ്പുലികളും കാഴ്ചയില്‍ കൗതുകമൊരുക്കി. ഇത്തവണ വിയ്യൂര്‍ ദേശത്തിലാണ് പെണ്‍പുലികളെത്തിയത്. വാടാനപ്പിള്ളി സ്വദേശിനി താര, കുണ്ടുകാട് സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി പാര്‍വതി എന്നിവരാണ് പുലികളിയില്‍ പങ്കെടുത്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ച പുലികളുടെ ചുവടുവെപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ചീഫ് വിപ്പ് കെ രാജന്‍, മേയര്‍ അജിത വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന്് പുലിക്കളി നടത്തിയിരുന്നില്ല. പതിനഞ്ചും ഇരുപതും പുലിക്കളി സംഘങ്ങള്‍ പുലിക്കളിയ്ക്കായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം ഓരോ വര്‍ഷം കഴിയും തോറും ടീമുകളുടെ എണ്ണവും കുറഞ്ഞുവരികയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ഒരു ടീമിന് ഒന്നര ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ ധനസഹായം അനുവദിക്കുന്നത്. പുലിക്കളിയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 40000, 30000, 25000 രൂപയും ട്രോഫിയും സമ്മാനവും നല്‍കി.