20 April 2024, Saturday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

കളിയില്ലെങ്കിലും കുമ്മാട്ടികള്‍ അണിഞ്ഞൊരുങ്ങും

ജി ബി കിരൺ
തൃശൂർ
August 21, 2021 1:03 pm

കുമ്മാട്ടികളുടെ ഈറ്റില്ലമായ തൃശൂർ കിഴക്കുംപാട്ടുകരയിൽ ഇത്തവണയും കുമ്മാട്ടിക്കളി ചടങ്ങുമാത്രമായി ഒതുങ്ങും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി കടുത്ത പ്രതിസന്ധിയിലാണ് കുമ്മാട്ടി സംഘങ്ങൾ. 2018 ലെ മഹാപ്രളയവും തുടർന്നുള്ള വർഷത്തെ വെള്ളപ്പൊക്കവും കുമ്മാട്ടിക്കളി പേരിനുമാത്രമായി ചുരുക്കുന്നതിന് ഇടയാക്കിയിരുന്നു. തിരുവോണ നാളിൽ തുടങ്ങി മൂന്നോണം വരെയുള്ള ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് കുമ്മാട്ടികളാണ് മുമ്പൊക്കെ വിവിധ സംഘങ്ങളായി ഇറങ്ങിയിരുന്നത്. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ തനത് കലാരൂപമായ കുമ്മാട്ടിക്കളിയുടെ പൈതൃകം ചോർന്നുപോകാതെ നിലനിർത്തുന്നതിന് സംസ്ഥാന സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയോളം പഴക്കമുള്ളതാണ് കുമ്മാട്ടിക്കളിയെന്നാണ് ഐതിഹ്യം പറയുന്നത്. ശിവന്റെ പാശുപതാസ്ത്രത്തിനായി തപസ്സുചെയ്ത അർജുനനെ പരീക്ഷിക്കുന്നതിനുവേണ്ടി വേഷപ്രച്ഛന്നനായി എത്തുന്ന ശിവന്റെ പ്രതീകമായാണ് കുമ്മാട്ടികൾ അറിയപ്പെടുന്നത്. ഓണനാളിൽ ഭൂമി സന്ദർശിക്കുന്ന മഹാബലിയെ അനുഗമിക്കുന്നതിന് തന്റെ ഭൂതഗണങ്ങളെ പരമശിവൻ നിയോഗിച്ചുവെന്നതും മറ്റൊരു ഐതിഹ്യത്തിൽ പറയുന്നു. അങ്ങനെയാണ് ഓണക്കാലത്ത് കുമ്മാട്ടികൾ ഇറങ്ങുന്നതെന്നും പറയപ്പെടുന്നു.ആദ്യകാലങ്ങളിൽ കവുങ്ങിൻപാളകളിൽ ചായം തേച്ചാണ് കുമ്മാട്ടി മുഖങ്ങൾ ഒരുക്കിയിരുന്നതെങ്കിൽ, കാലക്രമേണ, മരത്തടികളിലും പിന്നീട് ഫൈബർ ഉൾപ്പെടെ ഈടുനിൽക്കുന്ന വസ്തുക്കളിലേക്ക് മാറി. കുമിഴ് മരത്തിന്റെ തടിയിലാണ് സാധാരണ മുഖം നിർമ്മിക്കുന്നത്. കുമ്മാട്ടിയായി വേഷം കെട്ടുന്ന ആൾ പ്രത്യേകരീതിയിൽ മെടഞ്ഞ പർപ്പിടക പുല്ല്, കുമ്മാട്ടി പുല്ല് ആണ് ധരിക്കുന്നത്.

കിഴക്കുംപാട്ടുകര മേഖലയിൽ ഒട്ടനവധി സാംസ്കാരിക ക്ലബ്ബുകളും ദേശക്കുമ്മാട്ടികളും ഉണ്ട്. ഇതിനു പുറമേ, വീടുകളിൽ തന്നെ ഓണക്കാലത്ത് കുമ്മാട്ടി മുഖങ്ങൾ തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നുണ്ട്. കുമ്മാട്ടിക്കളിയിലെ പാട്ടുകളും വായ്ത്താരികളും കുഞ്ഞുകുട്ടികൾ മുതൽ വയോധികർ വരെയുള്ളവരുടെ നാവിൻ തുമ്പിലുണ്ട്.അതിജീവനത്തിനായി ലോകമാകെ പോരാടുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു സമൂഹത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഈടുവയ്പുകളായ ഇത്തരം പ്രാദേശിക കലാരൂപങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്ന് യുവകലാസാഹിതി പോലുള്ള സാംസ്കാരിക സംഘടനകൾ ആവശ്യപ്പെടുന്നു.
eng­lish summary;onam spe­cial arti­cle about kummattikkali
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.