ഓണംകേറാമൂലയിലെ ഓണം

Web Desk
Posted on September 08, 2019, 8:02 am

കെ വി മോഹന്‍കുമാര്‍
‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങ’ളില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് വരച്ചുകാട്ടിയ ‘മാക്കൊണ്ടോ’ പോലൊരു വിചിത്രമായ ലോകമായിരുന്നു, എന്റെ കുട്ടിക്കാലം ചേക്കേറിയ ചേര്‍ത്തല തെക്ക് ഗ്രാമം. വികസനത്തിന്റെ ഓട്ടക്കണ്ണിലൂടെ നോക്കിയാല്‍ അക്കാലത്തെ ‘ഓണംകേറാമൂല’കളിലൊന്ന് എന്ന് വിശേഷിപ്പിക്കാമെങ്കിലും അവിടെയും ഓണം തകൃതിയായി കൊണ്ടാടിയിരുന്നു. രാഷ്ട്രീയ പരിണാമങ്ങളുടെ പച്ചിലപ്പടര്‍പ്പായിരുന്ന ഗ്രാമം ഏറ്റവും മനോഹരമായിരുന്നത് ഓണക്കാലത്താണ്. പറമ്പുകളും പാടവരമ്പുകളും കൊത്തിയൊരുക്കി നാട്ടിലെ കര്‍ഷകത്തൊഴിലാളികളാണ് ഓണത്തെ വരവേറ്റിരുന്നത്. പഞ്ഞക്കര്‍ക്കടകം തുള്ളിക്കൊരുകുടം പെയ്‌തൊഴിഞ്ഞ് മാനമൊന്ന് തെളിയുന്ന കാലം. ചിലപ്പോള്‍ ചന്നംപിന്നം മഴ ചിങ്ങത്തിലേക്കും നീളും. ‘അത്തം കറുത്താല്‍ ഓണം വെളുക്കുമല്ലോ?’
കര്‍ക്കടകം കഴിയുന്നതോടെ പഴയതറവാടുകളിലെ അറകളുടെ മൂലകളില്‍ തൂത്തുകൂട്ടിവയ്ക്കാറുള്ള മണലും പൊടിയും സഹിതം കര്‍ക്കടകപ്പോതിയെ അടിച്ചുവാരി പുറത്താക്കി, തലനിറയെ കാച്ചെണ്ണ പൊത്തി, നീരാടാനിറങ്ങുന്ന തറ്റുടുത്ത പെണ്ണുങ്ങള്‍. മീനവറുതിയില്‍ തേകിവറ്റിച്ച്, പുതുവെള്ളം കുമിഞ്ഞ കുളങ്ങളില്‍ ചിങ്ങപ്പിറവിയുടെ കുമ്മിയടി. മുട്ടൊപ്പം കുറുമുണ്ടുടുത്ത്, മാറുമറയ്ക്കാത്ത മുത്തശിമാര്‍ എറവരാന്തകളില്‍ കാലും നീട്ടിയിരുന്ന് തെളിഞ്ഞ മാനത്തേക്ക് നോക്കി വെറ്റിലഞരമ്പുകള്‍ കീറി ചുണ്ണാമ്പ് വരയും. ‘കള്ള കര്‍ക്കടകം വല്ലവിധേനയും കഴിച്ചിലായി. ഒരോണം കൂടെയുണ്ണാന്‍ യോഗം ബാക്കി. വരുന്ന വര്‍ഷത്തെ ഓണത്തിനിനി ആരക്കെയൊണ്ടാവുവോ ആവോ!’(ചിത്രഗുപ്തന്റെ ആണ്ടറുതി കണക്കെടുപ്പില്‍ തട്ടിമുട്ടി കടന്നുകൂടിയതിന്റെ ചാരിതാര്‍ത്ഥ്യം!)

ഗ്രാമത്തില്‍ ഓണത്തിനു രണ്ടാഴ്ച മുന്‍പേ പറമ്പുകളൊക്കെയും കൊത്തിയിളക്കും. പുലയരും ഈഴവരുംനായന്മാരും മാപ്പിളമാരും ഉള്‍പ്പെടുന്നതായിരുന്നു ഞങ്ങളുടെ തൊഴിലാളിപ്പട. കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ നായന്മാരും നസ്രാണികളും കടന്നുവന്നതിനു പുന്നപ്രവയലാര്‍ സമരചരിത്രത്തോളം പഴക്കമുണ്ട്. കമ്യൂണിസ്റ്റുകാരുടെ വരുതിക്ക് വഴിമാറിയ പുലയന്മാരേയും ചേകോന്മാരേയും പാഠം പഠിപ്പിക്കാന്‍ ദിവാന്‍ സര്‍ ാളപിയുടെ ഒത്താശയോടെ നാട്ടിലെ ജന്മി ഭൂവുടമാ സംഘമെടുത്ത തീരുമാനമായിരുന്നു ഗതികെട്ട നായന്മാരേയും നസ്രാണികളേയും പാടത്തും പറമ്പിലും പണിക്കിറക്കുക. ദുരഭിമാനം വെടിഞ്ഞ്‌നായന്മാരും മാപ്പിളമാരും തൂമ്പയും കൈക്കോട്ടും കയ്യിലെടുത്ത് പണിക്കിറങ്ങി. പിന്നെയവര്‍ക്കതൊരു തൊഴില്‍ അവകാശമായി. ഓണത്തിനു മുന്നോടിയായി കരപ്പുറം ഭാഗത്ത് മണ്ണുകൊത്തിക്കോരുന്നത് പ്രത്യേകരീതിയിലാണ്. ഒരാള്‍ക്കോ രണ്ടാള്‍ക്കോ കഷ്ടിച്ച് നടന്നുപോകാവുന്ന നടവഴി തെളിച്ച് നാലുപാടും ഒരടി പൊക്കത്തില്‍ കൊച്ചുകൊച്ചു മണ്‍കൂന കൂട്ടും. ഗ്രാമത്തിലെത്തിയ എന്നെ ആദ്യം അമ്പരപ്പിച്ചത് ഈ മണല്‍ക്കൂനകളാണ്. കണ്ണെത്താവുന്ന ദൂരത്തെ പുരയിടങ്ങളില്‍ എവിടെ നോക്കിയാലും കുഞ്ഞു പിരമിഡുകള്‍ പോലെ മണല്‍കൂനകള്‍ കാണാം. ആണ്ടിലൊരിക്കല്‍, ഓണം വരുമ്പോള്‍മാത്രം എന്തിനാണിങ്ങനെ മണല്‍കൂനകള്‍ ഒരുക്കുന്നത്? എന്റെ കുട്ടിമനസ്സിലെ ജിജ്ഞാസയ്ക്ക് ഉത്തരംകിട്ടി. ‘മാലോരേകാണാന്‍ ആണ്ടിലൊരിക്കല്‍ മാവേലിവരുവല്ലേ?’(അപ്പോള്‍ മാവേലി ഈ മണല്‍കൂനകള്‍ക്കു മീതേകൂടി ചാടിച്ചാടിയാണോ വരിക?’ എന്റെ മനസ്സില്‍ മുളച്ച സന്ദേഹം, പോഴത്തം ആണെങ്കിലോ എന്നോര്‍ത്ത ്ആരോടും പങ്ക്‌വച്ചില്ല.(മണ്ണിലെ ഈര്‍പ്പം കളയാനും വായുസഞ്ചാരം എളുപ്പമാക്കാനുമുള്ള കരപ്പുറത്തിന്റെ നാടന്‍ സാങ്കേതിക അറിവായിരുന്നു മണ്‍കൂനകളുടെ പിന്നിലെ പൊരുള്‍).

അന്നൊക്കെ ചിങ്ങം പിറക്കും മുന്‍പേ പാടത്തിന്റെ മട്ടലുകള്‍ പണിക്കാര്‍ കൊത്തിയൊരുക്കി തേച്ചുമിനുക്കും. വയലുകളിലെ കണങ്കാല്‍ വെള്ളത്തിലൂടെ ഞവിണിക്കകള്‍(കൊക്കരയ്ക്കകള്‍) തങ്ങള്‍ കടല്‍ ശംഖിന്റെ വംശക്കാരാണെന്ന ഗമയില്‍ നീന്തിനടക്കും. കൈത്തോടുകളിലെ ഒഴുക്കില്‍ ഞങ്ങള്‍ കുട്ടിപ്പട ഒഴുക്കിവിടുന്ന കടലാസ് വഞ്ചികള്‍ക്കൊപ്പം മാനത്തുകണ്ണികള്‍ മല്‍സരിച്ചോടും. പുന്നമടക്കായലില്‍ നെഹ്‌റുട്രോഫിക്കായി തുഴയെറിയുന്ന ചുണ്ടന്‍ വള്ളങ്ങളെപ്പോലെ ബ്രാലുകള്‍ കഴുവമുറിച്ച് വയലുകളിലേക്ക് പായും. കൊമ്പന്‍ കാരികളും ചെമ്പല്ലികളും വട്ടാനും ഉള്‍പ്പെടെയുള്ള മീന്‍പട ഇരുട്ടുകുത്തികളും ചുരുളനും ഓടിവള്ളങ്ങളും കണക്കെ പുതുവെള്ളം തേടിപായും. കന്നിക്കൊയ്ത്തിലേക്കുള്ള തയ്യാറെടുപ്പിലാവും പാടങ്ങള്‍. വയലിന്റെ ചരിവുകളില്‍ വെളുപ്പും ഇളംചുവപ്പും ഓണപ്പൂക്കള്‍ നിരക്കും. കാശിത്തുമ്പകള്‍ പൂക്കുന്ന വയലിറമ്പുകള്‍. മുക്കുറ്റികള്‍, തുമ്പകള്‍, ശംഖ്പുഷ്പങ്ങള്‍, കങ്കദളികള്‍, കാട്ടുചെത്തികള്‍ , ഈര്‍ക്കിലിമുല്ലകള്‍, വേലിച്ചെമ്പരത്തികള്‍…ഓണപ്പൂവിടാന്‍ പൂക്കള്‍തിരഞ്ഞ് ഞങ്ങള്‍ പറമ്പുകള്‍ കേറിയിറങ്ങും. എത്താക്കൊമ്പിലെ തളിരില എത്തിപ്പറിക്കാന്‍ ആലാത്തൂഞ്ഞാലുകളില്‍ ആയംവച്ച് ചില്ലാട്ടം പറക്കും.

അക്കാലത്ത് ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന പഞ്ചാര മണല്‍കുന്നുകള്‍ ഉണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. പണ്ട് മണല്‍കുന്നുകളുടെ ഉച്ചിയില്‍ കാരയും കശുമാവും ചെറുപുന്നകളും മാനത്തേക്ക് തലനീര്‍ത്തിപ്പിടിച്ചുനിന്നിരുന്നു. കാവളംകിളികളും പൊന്മാനുകളും ഓലേഞ്ഞാലികളും ചെമ്പോത്തും കാക്കത്തമ്പുരാട്ടിമാരും പാട്ടുകാരായ കുയിലുകളും മരംകൊത്തികളും ഉള്‍പ്പെടുന്ന പക്ഷിക്കൂട്ടത്തിന്റെ ആവാസവ്യവസ്ഥയിലേക്കാണു മണ്ണുമാന്തികളും ടിപ്പര്‍വണ്ടികളും മുക്രയിട്ടുവന്നത്. അന്നൊക്കെ രാത്രികളില്‍ തീപ്പിശാചിനെ കണ്ടിരുന്നതായി പഴമക്കാര്‍ പറഞ്ഞുകേട്ടിരുന്നു. ആയുസ്സെത്താതെ മരിച്ചുപോയ ഗര്‍ഭിണികളുടെ പ്രേതാത്മാക്കളാണു തീപിശാചുകളെന്നും, അറിയാതെങ്ങാനും രാത്രി അതിന്റെ സമീപത്തെങ്ങാനും ചെന്നുപെട്ടാല്‍ വാ നിറയെ അര്‍ത്ഥമറിയാത്ത ഭാഷയില്‍ ചീത്തവിളിച്ച് ചൊരിമണല്‍ ഊതിപ്പറപ്പിച്ച് അതിവേഗത്തില്‍ തീഗോളംപോലെ ഉരുണ്ടുരുണ്ടത് നോക്കിനില്‍ക്കെ കണ്‍മുന്നില്‍ നിന്ന് മറയുമെന്നും കേട്ടിരുന്നു. അല്‍പം മുതിര്‍ന്നുകഴിഞ്ഞാണു ഞാനറിഞ്ഞത്, മേലാകെ ശല്‍ക്കങ്ങളുള്ള പാവം ഈനാംപേച്ചികളായിരുന്നു കഥയിലെ തീപ്പിശാചുകള്‍ എന്ന്. വെളിച്ചമടിച്ചാല്‍ അവയുടെ ശല്‍ക്കങ്ങള്‍ വെട്ടിത്തിളങ്ങും. മച്ചുകളില്‍ വെരുകുകളും മരോട്ടിത്തലപ്പുകള്‍ക്കിടയില്‍ മരപ്പട്ടികളും മണല്‍ക്കുന്നുകളിലെ മാളങ്ങളില്‍ കുറുനരികളും കീരിപ്പടയും പൊന്തകളില്‍ കുളക്കോഴികളും കൈത മൂര്‍ഖന്‍മാരും ‘സഹവര്‍ത്തിത്വത്തോടെ’ പാര്‍ത്തിരുന്നകാലം.
ഓണം അവധിതുടങ്ങിയാല്‍ ആണും പെണ്ണും വേര്‍തിരിവില്ലാതെ ഞങ്ങള്‍ കുട്ടികള്‍ കളിച്ചിരുന്ന കളിയാണു ‘അമ്മായിപ്പുല്ലുകളി’. തരിശായ പുറം പറമ്പുകളില്‍ ഞങ്ങളുടെ മുട്ടൊപ്പം പൊക്കത്തില്‍ അമ്മായിപ്പുല്ല് തഴച്ചു വളര്‍ന്നിരുന്നു. പത്തും പതിനഞ്ചും കുട്ടികള്‍ വട്ടത്തിലിരിക്കും. കൈപ്പിടിയിലൊതുങ്ങുന്ന ഒരുകെട്ട് അമ്മായിപ്പുല്ല് പിന്നില്‍ മറച്ചുപിടിച്ച് ഒരാള്‍വട്ടത്തിലിരിക്കുന്നവരുടെ ചുറ്റും പമ്മിപ്പമ്മിനടക്കും. അതിനിടയില്‍ അറിയാതെ ആരെങ്കിലും ഒരാളുടെ പിന്നില്‍ അമ്മായിപ്പുല്ല് ഒളിച്ചുവയ്ക്കും. അയാളത ്കണ്ടുപിടിച്ച് ഏറ്റെടുത്തില്ലെങ്കില്‍ പുല്ലുവച്ചയാള്‍ അടുത്ത ‘റൗണ്ടില്‍’ അയാളെ അമ്മായിപ്പുല്ലുകൊണ്ടടിച്ച് വട്ടത്തിനുചുറ്റും പറപറത്തും.
അമ്മായിപ്പുല്ലു മെടഞ്ഞെടുത്താണു മാവേലികെട്ട്. അമ്മായിപ്പുല്ലില്‍ തുന്നിയെടുത്ത കാലുറയും മേലുടുപ്പുമണിഞ്ഞാണു മാവേലിയുടെ വരവ്. കണ്ണുകളും വിരല്‍തുമ്പുകളും ഒഴികെയെല്ലാം അടുക്കടുക്കായി തുന്നിയ അമ്മായിപ്പുല്ലു കൊണ്ട് മൂടും. മാവേലികെട്ടുന്നയാളിന്റെ പേരു പരമരഹസ്യം. മാവേലി താളത്തില്‍ ചുവട് വച്ചാണുവരിക. കയ്യിലൊരു നീളന്‍വടിയുണ്ടാവും. പാട്ടുസംഘം തപ്പുകൊട്ടി ഈണത്തില്‍ തിമര്‍ത്തുപാടും.
‘മാവേലി വന്നേ…തേ..തേ.…
തിരുവോണമുണ്ണാന്‍ തേ…തേ…
ആണ്ടിലൊരിക്കല്‍ തേ…തേ.…
മാലോരെകാണാന്‍…തേതേ.…
ഓണപ്പാതിവാങ്ങാന്‍…തേ..തേ…’

നാട്ടുകാരുടെ ഓണപ്പങ്ക് വാങ്ങാനാണു മാവേലിയുടെ വരവ്! കരപ്പുറം ഭാഷയില്‍ ‘വന്നേ’ എന്നുപറഞ്ഞാല്‍ ‘വരുന്നേ’ എന്നാണര്‍ത്ഥം. ‘വന്നാ’ എന്ന്‌ചോദിച്ചാല്‍ ‘വരുന്നോ.’ ‘വന്നൊണ്ട്’ എന്നുപറഞ്ഞാല്‍ വരുന്നുണ്ട്. ‘വന്നേ‘യിലേയും ‘വന്നാ‘യിലേയും ‘ന്ന’ ഉച്ചരിക്കുന്നത് ‘കന്നി’ മാസത്തിലെ ‘ന്ന’ ഉച്ചരിക്കുന്നതുപോലെ. ഏതോ പഴയകാല നാട്ടുകവി അതിനൊരു പാരഡിയുണ്ടാക്കി ഇങ്ങനെയും പാടിയിരുന്നു.
‘മാവേലിവന്നൊണ്ട് മങ്കമാരേ
മച്ചിങ്ങകാട്ടിലൊളിച്ചിരുന്നോ…
വാമനന്‍ മൂത്താരു കണ്ണുവച്ചാല്‍
കാലടിവച്ചങ്ങ് പാട്ടിലാക്കും.’
ഇതില്‍ ആരെ പേടിച്ചാണു മങ്കമാര്‍ ഒളിച്ചിരിക്കേണ്ടത്? മാവേലിയേയോ കണ്ണുവയ്ക്കുന്നതെല്ലാം കവര്‍ന്നെടുക്കുന്ന വാമനനേയോ?

ഓണം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ സായുകളിയില്‍ ഏര്‍പ്പെടും. ഉറച്ചമണ്ണില്‍ ചതുരക്കള്ളികളിട്ട് കളംവരച്ച് ഒത്തനടുവിലെ കളത്തില്‍ ‘നൂറക്കം വിഴുങ്ങുന്ന’ മൊട്ടത്തലയന്‍ സായുവിനെ വരച്ചുവയ്ക്കും. ഉണങ്ങിയ പുന്നയ്ക്കാവട്ടുകള്‍ കളത്തിലെ സംഖ്യകളിലേക്ക് ഉരുട്ടിവിടും. ഉച്ചവെയിലാറി മൂന്നുമണിയോടെ ‘ചാട്കുത്തിന്റെ’ ആരവം കേള്‍ക്കും. നാട് മുഴുവന്‍ പിന്നെ അവിടേയ്ക്കാണു. ഓണക്കാലത്ത് കരപ്പുറം ഗ്രാമങ്ങളില്‍ മാത്രം നിലനിന്നിരുന്ന കളിയാണു ചാടുകുത്ത്. മുതിര്‍ന്നവരുടെ കൂട്ടായ്മകളിലാണു ‘ചാട്കുത്ത്.‘കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട സംഘങ്ങളാണു ഒഴിഞ്ഞ പുറംപറമ്പുകളില്‍ ചാട് കുത്ത് സംഘടിപ്പിക്കുക. നാടന്‍ അമ്പെയ്ത്ത്മല്‍സരം. കളിക്കാര്‍ ചേരിതിരിഞ്ഞ് കയ്യില്‍ അമ്പുംവില്ലുമായി വിശാലമായ കളത്തിന്റെ ഇരുവശങ്ങളിലായി ഒറ്റക്കാല്‍മുട്ടില്‍ കുത്തിയിരിക്കും. പാട്ടുകാരന്‍ ഓരോ കളിക്കാരനേയും തമാശ രൂപത്തില്‍ അവതരിപ്പിച്ചും പരിഹസിച്ചും നാടന്‍ശീലില്‍ നീട്ടിപ്പാടും.
‘ഒന്നാമനാകിയ പിണ്ഡാളന്‍ വാസൂ..
ആളൊരൊശത്തന്‍തേ…തേ…
പെണ്ണുങ്ങരണ്ടൊണ്ടേ…തേ…തേ…
മൂക്കറ്റംകള്ളൊണ്ടേ…തേ…തേ…
താനെന്തേവന്നെടോ?
തേ.…തേ…
ചാട് കുത്താണെടോ തേ…തേ…
തോറ്റമ്പിപ്പോവല്ലേ തേ…തേ.…
മാനക്കേടാണെടോ തേ…തേ…’

ഈ മട്ടിലാണു ഓരോ കളിക്കാരുടെയും പരസ്യമായ രഹസ്യങ്ങള്‍ വിളിച്ചുപറഞ്ഞ് ചാടുകുത്ത്പാട്ട്.
കളിക്കാരെ മുഴുവന്‍ പരിചയപ്പെടുത്തി കഴിയുന്നതോടെ കളിക്കളത്തിനു നടുവിലൂടെ ചെത്തിയൊരുക്കിയ വാഴത്തടച്ചക്രം(ചാട്) അതിവേഗം ഉരുട്ടിവിടും. പായുന്ന ചാടിന്റെ ഒത്തനടുവില്‍ ഉന്നംവച്ച് അമ്പ് കൊള്ളിക്കണം. രണ്ടും മൂന്നും മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കളി. ജയിക്കുന്ന കൂട്ടര്‍ക്ക് സമ്മാനം രണ്ടോ മൂന്നോ കുടം കള്ളും, പഴുത്ത ഏത്തവാഴക്കുലയും. സമ്മാനം ജയിക്കുന്നവര്‍ക്കാണെങ്കിലും അനുഭവിക്കുന്നത് എല്ലാവരും ഒരുമിച്ചാണ്. അതാണു ചാടുകുത്തിന്റെ കരപ്പുറം ‘സ്പിരിറ്റ്.’

ചാനലുകളും ടെലിവിഷനുമില്ലാതിരുന്ന അക്കാലത്ത് ഓണം പത്തുനാള്‍ പൊലിപ്പിച്ചിരുന്നത് ആകാശവാണിയാണ്. പകല്‍ ഏതെങ്കിലും ജനപ്രിയസിനിമകളുടെ ശബ്ദരേഖകാണും. രാത്രി സിനിമാപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ ചിത്രഗീതമോ രഞ്ജിനിയോ നിങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങളോ. വിവിധഭാരതിയിലൂടെയും സിലോണ്‍ റേഡിയോയിലൂടെയും ഓണപ്പാട്ടുകളൊഴുകിവരും.…..