Janayugom Online
Onam- janayugom

പ്രത്യാശയുടെ പൂക്കളം… പ്രിയപ്പെട്ട വായനക്കാര്‍ക്ക് ജനയുഗത്തിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Web Desk
Posted on August 25, 2018, 9:11 am

വെള്ളപ്പൊക്ക ദുരിതങ്ങള്‍ പിന്തുടരുമ്പോഴും ചേന്ദമംഗലത്ത് അയല്‍പക്കത്തെ വീടിനുമുന്നില്‍ പൂക്കളം തീര്‍ക്കുകയാണ് ഈ കുട്ടികള്‍. നാളെ വിവാഹപ്പന്തല്‍ ഉയരേണ്ട സ്ഥലത്തു നിന്ന് ചെളി നീക്കം ചെയ്യുകയാണ്. ചെളി നീക്കം ചെയ്ത സ്ഥലത്താണ് കുട്ടികള്‍ പൂക്കളം ഒരുക്കുന്നത്.

കൊച്ചി: ചേന്ദമംഗലം ചേന്നോത് വീട്ടില്‍ ഇന്ന് പന്തലുയരേണ്ടതാണ.് വീട്ടിലെ മൂത്തപുത്രി സുവിനയുടെ വിവാഹം തിരുവോണ പിറ്റേന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 16ന് രാത്രിയില്‍ ഭക്ഷണമെല്ലാം കഴിഞ്ഞു കളി ചിരിയോടെ കിടന്നുറങ്ങിയ കുടുംബം ചീറിയടിക്കുന്ന കാറ്റിനോപ്പം വെള്ളം ഓളം തല്ലുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോള്‍ മൂന്നുമണിയായി സമയം, അരമണിക്കൂര്‍ നിരീക്ഷിച്ചതോടെ വെള്ളം ഉയരുന്നത് കണ്ടാണ് വീട്ടിലുള്ളതെല്ലാം ഉപേക്ഷിച്ചു ഗൃഹനാഥനായ സുഭാഷ്പ്രഭുവും ഭാര്യ വീണയുടെ കുറച്ചകലെയുള്ള വീട്ടിലേയ്ക്കു മാറി. സുവിനയുടെ കല്യാണം വീടിനടുത്തുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നടക്കേണ്ടിയിരുന്നത്. ആ ഓഡിറ്റോറിയം 17ന് ദുരിതാശ്വാസ ക്യാമ്പ് ആയി മാറിയിരുന്നു.

വീട്ടിലാകെ മ്ലാനത പടര്‍ന്ന സമയത്താണ് ചേര്‍ത്തല സ്വദേശിയായ പ്രതിശ്രുത വരന്‍ കൃഷ്ണപ്രസാദിന്റെ വിളിവന്നത്. കല്യാണം മാറ്റിവെക്കാന്‍ തയ്യാറാണെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വിവാഹം മാറ്റിവെയ്ക്കപ്പെട്ടു. ഇനി നവംബറില്‍ മുഹൂര്‍ത്തം നിശ്ചയിച്ചു വിവാഹം നടത്താമെന്ന ആലോചനയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. പ്രതിശ്രുത വധുവിന്റെ വീട് ശുചിയാക്കാന്‍ പ്രതിശ്രുത വരന്‍ ആവേശത്തോടെ രംഗത്തുണ്ട്. എല്ലാവരും ചേര്‍ന്ന് ശുചിയാക്കല്‍ തകൃതിയായി നടത്തുമ്പോള്‍ അയല്‍വക്കത്തെ കുഞ്ഞി കുട്ടികള്‍ ചേച്ചിക്കായി വീടിന്റെ ചെളിവാരിവൃത്തിയാക്കിയ ഇത്തിരി മുറ്റത്ത് കുഞ്ഞു പൂക്കളവും തീര്‍ത്തു കൊടുത്തു. സുവിനയും കൃഷ്ണപ്രസാദും പ്രത്യാശയുടെ പുതിയ തിരുവോണത്തെയാണ് വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

ഫോട്ടോ : വി എന്‍ കൃഷ്ണപ്രകാശ്