25 April 2024, Thursday

‘ഓണം റിലീസ്’ ഇല്ലാതെ ഓണമെത്തുമ്പോൾ

രാജഗോപാൽ രാമചന്ദ്രൻ
August 15, 2021 6:00 am

‘വെളിച്ചത്ത് ഷൂട്ട് ചെയ്ത് ഇരുട്ടത്ത് പ്രദർശിപ്പക്കുന്നതാണ് സിനിമ’ എന്ന് പൊതുവേ പറയാറുണ്ട്. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന ഒരു സമൂഹത്തിന് മുന്നിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ സർക്കാർ നിശ്ചയിക്കന്ന ‘കോവിഡ് പ്രോട്ടോക്കോൾ’ അനുസരിച്ച് ഷൂട്ട് ചെയ്ത് മൊബൈലിലും കമ്പ്യൂട്ടർ — ടി വി സ്ക്രീനുകളിലും പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിനിമാ നിർമ്മാണം ചുരുങ്ങുകയാണിപ്പോൾ.
കേരളത്തിൽ തിയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയിരുന്ന ഫെസ്റ്റിവൽ സീസണുകളിൽ ഏറ്റവും വലുതാണ് ഓണക്കാലം. ‘ഓണം റിലീസ്’ ലക്ഷ്യമാക്കിയാണ് വമ്പൻ പ്രോജക്ടുകൾ പലതും ചലച്ചിത്രപ്രവർത്തകർ പ്ലാൻ ചെയ്തിരുന്നത്. ഓണത്തിന് കുടുംബത്തോടെ തിയേറ്ററിൽ ഒരു സിനിമ എന്ന മലയാളി കുടുംബങ്ങളുടെ ‘ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളെ’ പ്രൊഡ്യുസറിന്റെ പണപ്പെട്ടിയിലെത്തിക്കുന്നതിൽ പല ചലച്ചിത്ര പ്രവർത്തകരും വിജയിച്ചിട്ടുണ്ട്. പക്ഷേ രണ്ടു വർഷത്തോളമായി മനുഷ്യജീവിതത്തെ തന്നെ ട്വിസ്റ്റ് ചെയ്ത് വിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വില്ലൻ മലയാള സിനിമയെയും ശുഭപര്യവസായിയായ ക്ലൈമാക്സിലെത്തിക്കാതെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുകയാണ്. ഈ വില്ലനെ നേരിടാൻ കോവിഡ് നിയമങ്ങൾ പാലിച്ച് നിർമ്മിക്കുന്നവയും ഇപ്പോഴും ഹാർഡ് ഡിസ്കിൽ വിശ്രമിക്കുന്നവയുമായ സിനിമകൾ റിലീസ് കൂടുതലും ലക്ഷ്യമിടുന്നത് ഒ ടി ടി പ്ലാറ്റ് ഫോമിലാണ്. കോവിഡിന്റെ ആദ്യതരംഗം നൽകിയ ഒരു ചെറിയ ഇടവേളയിൽ ചില ചിത്രങ്ങൾ തിയേറ്ററിലെത്തിയെങ്കിലും തിയേറ്ററുകളെ ഇളക്കിമറിക്കുന്ന സൂപ്പർ ഹിറ്റുകൾ ഉണ്ടായിരുന്നില്ല. വീണ്ടും കോവിഡിന്റെ രണ്ടാംതരംഗമെത്തിയതോടെ തിയേറ്റർ റിലീസ് ലക്ഷ്യമാക്കി നിർമ്മിച്ചവയുടെ വിധി മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെടാനോ ഹാർഡ് ഡിസ്കിനുള്ളിൽ വിശ്രമിക്കാനോ ആയിരുന്നു. 

മികച്ച ഗാനങ്ങളും സംഘട്ടനരംഗങ്ങളും ഡയലോഗുകളും ഹാസ്യരംഗങ്ങളും ചേരുവകളാക്കിയാണ് മലയാളിയുടെ മുന്നിൽ ഓണത്തിനുള്ള എന്റർടൈൻമെന്റ് ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. പക്ഷേ ഒ ടി ടി യിലെത്തുന്ന സിനിമകൾക്ക് ഈ ചേരുവകൾ സാധാരണ ഉപയോഗിക്കപ്പെടാറില്ല. ഹാസ്യത്തിന് വലിയ പ്രാധാന്യമില്ലാത്ത ചിത്രങ്ങളാണ് ഒ ടി ടി പ്ലാറ്റ് ഫോമിലേക്കായി തയ്യാറാക്കപ്പെടുന്നതെന്ന് ഹാസ്യചിത്രങ്ങളിലൂടെ തിയേറ്ററിൽ ഉത്സവം സൃഷ്ടിച്ച ഒരു സംവിധായകൻ തന്നെ ഈയിടെ പറയുകയുണ്ടായി.
ഉദ്വേഗഭരിതമായ കഥാപരിസരത്തിലൂടെ ത്രില്ലർ സ്വഭാവം നിലനിർത്തി നിർമ്മിക്കുന്ന ബോളിവുഡ് ഹോളിവുഡ് വെബ്സീരീസ് — ഒ ടി ടി സിനിമ സ്വഭാവത്തിലേക്ക് മലയാളിയുടെ ഒ ടി ടി സിനിമാ സങ്കൽപ്പവും മാറിവരുന്നുവെന്നതാണ് ഇത്തരം ഫ്ളേവറുകൾ ചേർത്ത് മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ മൊബൈലിലും കമ്പ്യൂട്ടർ സ്ക്രീനിലും തരംഗമായി മാറുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത്. സെൻസർബോർഡിന്റെ കത്തി അധികമുപയോഗിക്കാത്തതുകൊണ്ട് സമൂഹം അശ്ലീലമെന്നും അസഭ്യമെന്നും പറയുന്ന രംഗങ്ങളിലൂടെയും സംഭാഷണശകലങ്ങളിലൂടെയും ഒറ്റയ്ക്കിരുന്ന് മൊബൈലിലോ കമ്പ്യൂട്ടർ സിനിമ കാണുന്നവനെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയിലേക്കും പതിയെപതിയെയെങ്കിലും മലയാളത്തിലെ ഒ ടി ടി ചിത്രങ്ങൾ എത്തപ്പെടുന്നുവെന്നതും മറ്റൊരു യാഥാർത്ഥ്യമാണ്.
കൊറോണയെന്ന മഹാമാരി മലയാളിയുടെ സാമൂഹ്യജീവിതത്തെ മാസ്കെന്ന മുഖംമൂടിയണിയിച്ച് വീട്ടിനുള്ളിൽ തന്നെ തളച്ചിടുമ്പോൾ, അവന്റെ മൊബൈലിന് മുന്നിലും കമ്പ്യൂട്ടർ ടിവി സ്ക്രീനിനു മുന്നിലും ഒന്നോ രണ്ടോ സിനിമ കാണുന്ന കാശിന് നിരവധി സിനിമകൾ കാണാനുള്ള അവസരമൊരുക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ്. 

കൂട്ടുകുടുംബബന്ധങ്ങളിൽ നിന്നും തന്നിലേക്കും തന്റെ ഭാര്യ, മക്കൾ എന്ന തന്മാത്ര കുടുംബജീവിതത്തിലേക്കും മാറിയ മലയാളിയെ ആൾക്കൂട്ടങ്ങളിലെത്തിക്കുന്നത് ഓണമുൾപ്പെടെയുള്ള ആഘോഷങ്ങളാണ്. ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മലയാളിക്കാവില്ല. അതുകൊണ്ട് തന്നെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊറോണയെന്ന വില്ലന്റെ കൈപ്പിടിയിൽ നിന്നും മലയാളി മോചിപ്പിക്കപ്പെടുകയും നല്ല സിനിമകൾ കൊണ്ട് വീണ്ടും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയും ചെയ്യുന്ന ഒരു ശുഭപര്യവസായിയായ ക്ലൈമാക്സിനായി നമുക്ക് ഈ ഓണക്കാലത്ത് കാത്തിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.