ഒറ്റത്തവണ ഫ്ലഷ് അമര്‍ത്തുമ്പോള്‍ പാഴാവുന്നത് 26 ലിറ്റര്‍ വെള്ളം

Web Desk
Posted on June 18, 2019, 10:26 pm

തിരുവനന്തപുരം: ശുചിമുറികളില്‍ ഒറ്റത്തവണ ഫഌഷ് അമര്‍ത്തുമ്പോള്‍ പാഴാവുന്നത് 26 ലിറ്റര്‍ വരെ വെള്ളം. കുടിവെള്ളത്തിന് പോലും ക്ഷാമമുള്ള കാലത്ത് ഒറ്റ ഫഌഷില്‍ പാഴായിപ്പോകുന്നത് 13 മുതല്‍ 26 ലിറ്റര്‍ വരെ ജലമാണെന്ന് തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തില്‍ നടത്തിയ ജലഓഡിറ്റ് വ്യക്തമാക്കുന്നു.
ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസുകളടക്കം എട്ട് പൊതുസ്ഥാപനങ്ങളുടെ ജലവിനിയോഗ രീതി പഠനവിധേയമാക്കി നടത്തിയ പ്രാഥമിക ജല ഓഡിറ്റിലാണ് ഈ വിവരം.
പഴയ ഫഌഷിങ് സംവിധാനത്തിലാണ് ഈ വലിയതോതിലുള്ള ജലം പാഴാകല്‍ നടക്കുന്നത്. എട്ടു സ്ഥാപനങ്ങളിലും ഫഌഷിങിലൂടെ പ്രതിദിനം ചെലവാകുന്നത് 5879.5 ലിറ്റര്‍ ജലമാണ്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതാകെട്ട 1219 ലിറ്ററും. ആറ് പഞ്ചായത്ത് ഓഫീസുകള്‍, മലയിന്‍കീഴ് താലൂക്കാശുപത്രി, വിവിധ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന നേമം ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സ് എന്നിവടങ്ങളിലാണ് ഓഡിറ്റ് നടന്നത്. ഈ എട്ട് സര്‍ക്കാര്‍ ഓഫീസുകളിലും 20 മുതല്‍ 30 ശതമാനം വരെ ജലം പാഴായിപോകുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൈപ്പ് ലൈനുകളിലെ ചോര്‍ച്ച ഒഴിവാക്കുന്നതിലൂടെയും ഇരട്ട ഫഌഷ് സംവിധാനമുള്ള പുതിയസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ സ്ഥാപനങ്ങളിലെ ജലവിനിയോഗം മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെന്നും ഓഡിറ്റ് നിര്‍ദേശിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ നെയ്യാറ്റിന്‍കര ഉപകേന്ദ്രമാണ് പഠനം നടത്തിയത്.