19 April 2024, Friday

ഐതിഹാസികമായ പോരാട്ടത്തിന്റെ സ്മരണ പുതുക്കി ഒഞ്ചിയം

Janayugom Webdesk
ഒഞ്ചിയം
April 30, 2023 2:32 pm

ജൻമി നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിനെതിരെ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിൻ്റെ സ്മരണ പുതുക്കി ഒഞ്ചിയം. സി പി ഐ _ സി പി ഐ എം സംയുക്താഭിമുഖ്യത്തിൽ ധീരസഖാക്കൾ വെടിയേറ്റുവീണ ഒഞ്ചിയത്തും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വടകര പുറങ്കര കടപ്പുറത്തും നടന്ന അനുസ്മരണ പരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തു. ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാചരണത്തിന് തുടക്കം കുറിച്ച് ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. രക്തസാക്ഷികൾ വെടിയേറ്റു വീണ ചെന്നാട്ട് താഴവയലിനു സമീപം സി പി ഐ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ എം ബിജു, സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, സി പി ഐ എം നേതാക്കളായ അഡ്വ. ഇ കെ നാരായണൻ, ആർ ഗോപാലൻ, പി രാജൻ, വി പി ഗോപാലകൃഷ്ണൻ, പി ഗംഗാധരൻ, പി ശ്രീധരൻ, സി പി ഐ നേതാക്കളായ എൻ എം വിമല, ഇ രാധാകൃഷ്ണൻ, കെ ഗംഗാധരക്കുറുപ്പ്, പി സജീവ് കുമാർ, വി പി രാഘവൻ, ടി പി റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് സി പി ഐ എം സ്ഥാപിച്ച രക്തസാക്ഷി മണ്ഡപ പരിസരത്തു നിന്നും നൂറുകണക്കിന് വാഹനങ്ങളിലായി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രവർത്തകരും രക്തസാക്ഷി കുടുംബങ്ങളും വടകര പുറങ്കരയിലെത്തി രക്തസാക്ഷി പ്രതിജ്ഞ പുതുക്കി.

പുറങ്കരയിലെ രക്തസാക്ഷി സ്മൃതികുടീരത്തിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ സി പി ഐ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ആർ ഗോപാലൻ എന്നിവർ സംസാരിച്ചു. വി പി ഗോപാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സി പി ഐ നേതാക്കളായ പി സുരേഷ് ബാബു, ആർ സത്യൻ, സി രാമകൃഷ്ണൻ, പി അശോകൻ, സി പി ഐ എം നേതാക്കളായ സി ഭാസ്കരൻ മാസ്റ്റർ, ടി പി ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

 

ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് കണ്ണൂക്കരയിൽ നിന്നും ആരംഭിക്കുന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ഒഞ്ചിയം രക്തസാക്ഷി സ്മാരക പരിസരത്ത് സമാപിക്കും. തുടർന്ന് ആറു മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, ഇ കെ വിജയൻ എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും. കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.