ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ 2034 ല്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഭരണഘടന ഭേദഗതി ബില്‍ പാസായതിന് പിന്നാലെയാണ് ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടത്തില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 2029 ന്ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കി ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭയിലേക്കും വോട്ടിങ് ക്രമീകരണം നടത്തും. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 2032 ലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന രണ്ട് വര്‍ഷം മാത്രമേ യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം സമന്വയിപ്പിക്കാന്‍ ആവശ്യമുള്ളു. ഇത് കണക്കിലെടുത്താണ് 2034 ല്‍ ഏക വോട്ടെടുപ്പിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ പി പി ചൗധരി പ്രതികരിച്ചു.
2024 ലെ ഭരണഘടന (129-ാം ഭേദഗതി) ബില്ലിലും 2024 ലെ കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബില്ലിലും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പൊതുതെരഞ്ഞെടുപ്പിനുശേഷം ലോക്സഭാ സമ്മേളനം സംബന്ധിച്ച് രാഷ്ട്രപതിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്. ഈ തീയതിക്ക് ശേഷം രൂപീകരിക്കുന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ലോക്സഭയുടെ അഞ്ച് വർഷത്തെ കാലാവധിക്കൊപ്പം അവസാനിക്കും. അടുത്ത തിരഞ്ഞെടുപ്പിനെ ഒരേസമയം നടക്കുന്ന തിരഞ്ഞെടുപ്പ് ചക്രവുമായി ബന്ധിപ്പിക്കും. പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലാതെ തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ പുതിയ ഭരണഘടന ഭേദഗതി രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്.
നിലവിലെ ആര്‍ട്ടിക്കിള്‍ 356 വ്യവസ്ഥ പ്രകാരം കാലതാമസത്തിന് പ്രത്യേക വ്യവസ്ഥകളും പാര്‍ലമെന്റിന്റെ അനുമതിയും ആവശ്യമാണ്. ശുപാര്‍ശകള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായം സ്വരുപിക്കും. ഇതിനായി ജെപിസി കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്നും രാജസ്ഥാനില്‍ നിന്നുള്ള ബിജെപി അംഗമായ പി പി ചൗധരി പറഞ്ഞു. മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം ആദ്യം മുതല്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.