ഒരുകോടി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും: കൃഷിമന്ത്രി

Web Desk

തിരുവനന്തപുരം

Posted on February 27, 2020, 9:22 pm

സംസ്ഥാനത്ത്‌ ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധാരണയായിട്ടുണ്ടെന്നും ഇതിനുളള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി വി എസ്‌ സുനില്‍കുമാര്‍ അറിയിച്ചു.കൃഷിവകുപ്പ്‌ ഫാമുകള്‍, വിഎഫ്‌പിസികെ, കേരള കാര്‍ഷിക സര്‍വകലാശാല, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ മുഖേന നടീല്‍ വസ്‌തുക്കള്‍ ഉല്‍പാദിപ്പിച്ച്‌ വിതരണം ചെയ്യും. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും വിത്തുകള്‍, നടീല്‍ വസ്‌തുക്കള്‍ എന്നിവ കരസ്ഥമാക്കി കൂടുംബശ്രീയും തൊഴിലുറപ്പ്‌ പ്രവര്‍ത്തകരും അവരുടെ അംഗീകൃത നഴ്‌സറികള്‍ മുഖേന പരിപാലിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ വഴിയും തൈ വിതരണം നടത്തും.

മാവ്‌, പ്ലാവ്‌, റമ്പൂട്ടാന്‍, പുലാസാന്‍, സപ്പോട്ട, പേര, പാഷന്‍ഫ്രൂട്ട്‌, ചാമ്പ, വിവിധയിനം പുളികള്‍, നാരകം, മാംഗോസ്‌റ്റിന്‍, കറിവേപ്പില, മുരിങ്ങ, സ്റ്റാര്‍ ആപ്പിള്‍, മാതളം, പപ്പായ തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങളുടെ തൈകള്‍, ഗുണമേന്മയുളള ഗ്രാഫ്‌റ്റുകള്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ എന്നിവയാണ്‌ വാര്‍ഡുകള്‍ തോറും വിതരണം നടത്തുന്നതിന്‌ തീരുമാനിച്ചിട്ടുളളത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനംവകുപ്പ്‌, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പു പദ്ധതി, അഗ്രോസര്‍വ്വീസ്‌ സെന്ററുകള്‍, കാര്‍ഷിക കര്‍മ്മസേന എന്നിവര്‍ കൃഷിവകുപ്പിനൊപ്പം സംരംഭത്തില്‍ പങ്കാളികളാകും.

Eng­lish Summary:One crore fruit trees to be plant­ed: Agri­cul­ture Min­is­ter

You may also like this video