ഇന്ത്യയില്‍ ഒരുകോടി മനുഷ്യര്‍ മയക്കുമരുന്നിന് അടിമകള്‍

കെ രംഗനാഥ്

അബുദാബി

Posted on September 10, 2020, 10:20 pm

കെ രംഗനാഥ്

മയക്കുമരുന്നിനും മദ്യത്തിനും അടിമകളാകുന്ന ഇന്ത്യന്‍ യുവതലമുറയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ആശങ്കാജനകമായ പഠനറിപ്പോര്‍ട്ട്. രാജ്യത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പുകവലിയുടെ തോത് ഗണ്യമായി കുറഞ്ഞുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടിനെ നിഷ്‌പ്രഭമാക്കുന്നതാണ് മയക്കുമരുന്നിന്റെ ഉപയോഗം അനുനിമിഷം വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്ക്.

ചെറുപ്പക്കാര്‍ക്കിടയിലെ പുകയില ഉപഭോഗത്തെക്കുറിച്ച് യു എന്‍ നടത്തിയ പഠനസര്‍വേ ‘ചക്കിനുവെച്ചത് കൊക്കിനു കൊണ്ടതുപോ­ലെ‘യായി. പുകയില ഉപയോഗവും പുകവലിയും 15 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ പകുതിയായും 15നും 24നും മധ്യേയുള്ളവരില്‍ മൂന്നിലൊന്നായും കുറഞ്ഞപ്പോള്‍ മദ്യപാനികളും മരുന്നടിക്കാരുമായ പുതു തലമുറയില്‍പ്പെട്ടവരുടെ സംഖ്യ കുതിച്ചുകയറിക്കൊണ്ടിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സംഖ്യയില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടായതായി ലോകാരോഗ്യ സംഘടനയിലെ മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോകമൊട്ടാകെ മയക്കുമരുന്നിന് അടിമകളായി ഇനി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുമെന്ന പ്രതീക്ഷയറ്റവരുടെ സംഖ്യ 24.96 കോടിയെന്നാണ് യു എന്നിന്റെയും ലോകാരോഗ്യ സംഘടനയുടെയും കണക്ക്.

ഇന്ത്യയില്‍ മയക്കുമരുന്നിന് അടിമകളായവര്‍ ഒരു കോടിയെന്ന കണക്കും പരിഭ്രാന്തിയുളവാക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പത്തോ പന്ത്രണ്ടോ വയസാകുമ്പോള്‍ തന്നെ മദ്യപാനവും മരുന്നടിയും തുടങ്ങുന്ന കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായവരില്‍ പന്ത്രണ്ടു ശതമാനത്തോളം വരുമെന്ന കണക്കും യു എന്‍ നിരത്തുന്നു. ഇന്ത്യയിലാണെങ്കില്‍ ലഹരിമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമങ്ങളോ നിയമ നടപടികളോ ഇല്ലെന്നും പഠന സര്‍വേയില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 16 വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാരും യു എന്നും ചേര്‍ന്ന് നടത്തിയ ഒരു പഴഞ്ചന്‍ സര്‍വേയാണ് ഇപ്പോഴും നിലവിലുള്ളത്. കൃത്യതയോടെ കൂടുതല്‍ വ്യാപകമായ സര്‍വേ നടത്തിയാല്‍ മയക്കുമരുന്നിന് അടിമകളായവരുടെ എണ്ണം ഒരു കോടിയില്‍ നിന്നും പലമടങ്ങായി ഉയരുമെന്നും അനുമാനമുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്കൊപ്പം കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഇടുക്കിയുമടക്കമുള്ള നഗരങ്ങള്‍ മയക്കുമരുന്നുകളുടെ വന്‍ വാണിഭകേന്ദ്രങ്ങളാണെന്ന വാര്‍ത്തകള്‍ വന്നുനിറയുന്നതിനിടെയാണ് യു എന്നിന്റെ കടുത്ത അപകട സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. അന്തര്‍ സംസ്ഥാന മയക്കുമരുന്നു മാഫിയകളുടെ എണ്ണം ഇന്ത്യയിലെങ്ങും വര്‍ധിച്ചുവരുന്നുവെന്ന് ദേശീയ ആന്റി നര്‍ക്കോട്ടിക് ബ്യൂറോ ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ വിമുഖത കാട്ടുന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലും ഇന്ത്യയാണെന്ന് വിവിധ പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മയക്കുമരുന്നു മാഫിയകള്‍ക്കുള്ള രാഷ്ട്രീയ സംരക്ഷണം, മാഫിയകളുമായുള്ള സാമ്പത്തിക കെട്ടുപാടുകള്‍ എന്നിവയാണ് ഈ വിമുഖതയ്ക്കു കാരണമെന്നും ആരോപണമുണ്ട്.

Eng­lish sum­ma­ry: One crore peo­ple in India are addict­ed to drugs

You may also like this video: