ഭവനരഹിതർക്കായി ഒരു കോടി ചുവടുകൾ: സിപിഐ കാൽനടജാഥ 35 ദിവസം പിന്നിട്ടു

Web Desk

ബം​ഗ​ളൂ​രു

Posted on March 08, 2020, 8:08 pm

സിപിഐ കർണ്ണാടക സംസ്ഥാന സെക്രട്ടറി സാഥിസുന്ദരേശിന്റെ നേതൃത്വത്തിൽ  പര്യടനം നടത്തുന്ന “സൂറിഗാഗി കോടി ഹെജ്ജേ” 500 500 കിലോമീറ്റർ പിന്നിട്ടു. 35 ദിവസംകൊണ്ടാണ് ഇത്രയും ദൂരം ജാഥ പിന്നിട്ടത്. ഫെബ്രുവരി 2ന്  ബെല്ലാരിയിൽനിന്ന് ആരംഭിച്ച ജാഥ 60 ദിവസങ്ങൾ കൊണ്ട് വിവിധ ഗ്രാമങ്ങളിലൂടെ 937 കിലോമീറ്റർ സഞ്ചരിച്ച് മാർച്ച് 31ന് ബാംഗ്ലൂരിൽ സമാ3പിക്കും.500 കിലോമീറ്റർ പിന്നിട്ട് ചിത്രദുർഗ്ഗയിൽ എത്തുമ്പോൾ  ഉജ്ജ്വലമായ സ്വീകരണങ്ങളാണ് ഗ്രാമഗ്രാമാന്തരങ്ങളിൽ ജാഥയ്ക്ക് ലഭിക്കുന്നത്.


ചടങ്ങിൽ നിരവധി ബഹുജനങ്ങൾ ഭക്ഷ്യോൽപ്പന്നങ്ങളും പണവുമെല്ലാം ജാഥാ സംഘാടകർക്ക് സംഭാവന ചെയ്തു. ബാംഗ്ലൂർ സി കെ ചന്ദ്രപ്പൻ സാംസ്കാരിക വേദിയുടെ സംഭാവന ചടങ്ങിൽ വെച്ച് വേദി പ്രവർത്തകർ സാഥി സുന്ദരേശിന് കൈമാറി. ആയിരക്കണക്കിന് ഭൂരഹിത ഭവനരഹിത ജനവിഭാഗങ്ങളെ കാണുന്നതിനും അവരുടെ ആശങ്കകൾ കേൾക്കുന്നതിനും നിവേദനങ്ങൾ സ്വീകരിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി.
അവകാശങ്ങൾ നേടിയെടുക്കുന്നതിന് തോളോട് തോൾ ചേർന്നു നിന്ന് പോരാടുമെന്ന് സിപിഐ സെക്രട്ടറി സാഥി സുന്ദരേശ് ജനങ്ങൾക്ക്  ഉറപ്പുനൽകി.

മൊളക്കാൽമൂർ എംഎൽഎയും മന്ത്രിയുമായ ബി ശ്രീരാമുലു അടുത്തയിടെ തന്റെ മകളുടെ വിവാഹത്തിനായി 500 കോടി രൂപ ചെലവിട്ട വാർത്ത മാധ്യമങ്ങളിലൂടെ എല്ലാവരും  അറിഞ്ഞതാണ്. ആയിരക്കണക്കിന് ഭൂരഹിത ഭവനരഹിത ദളിത് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് മൊളക്കാൽമൂർ ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഒരാൾക്ക് വീട് വെക്കുന്നതിന് അഞ്ച് ലക്ഷം രൂപ വെച്ച് കൊടുത്താൽ 10000 പേരുടെ ഭവന സ്വപ്നങ്ങൾ പൂവണിഞ്ഞേനെ എന്ന് സാഥി സുന്ദരേശ് പറഞ്ഞു. ജാഥ ബാംഗ്ലൂരിൽ എത്തുമ്പോൾ മാർച്ച് 31ന് ജാഥ കടന്നു പോയ എല്ലാ സ്ഥലങ്ങളിലെയും പതിനായിരക്കണക്കിന് ഭവനരഹിതരെ അണിനിരത്തി ചരിത്രം കുറിക്കുന്ന സമാപനസമ്മേളനവും തുടർന്ന് സമര പ്രഖ്യാപനവും നടക്കും.

Eng­lish Summary:One crore steps for the home­less: CPI pass­es 35 days

You may also like this video