March 23, 2023 Thursday

സ്ത്രീകൾക്ക് താമസ സ്ഥലത്തെക്കുറിച്ച് ആശങ്ക വേണ്ട, സുരക്ഷിത ഇടമൊരുക്കി വൺഡേ ഹോം

Janayugom Webdesk
തിരുവനന്തപുരം
March 7, 2020 9:07 pm

അറിയാത്ത നഗരത്തിലെത്തിയാൽ സുരക്ഷിതമായ താമസം എവിടെ ഉണ്ടാകും എന്ന ആശങ്ക ഇനി സ്ത്രീകൾക്ക് വേണ്ട. സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വൺഡേ ഹോം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനൽ എട്ടാം നിലയിൽ സ്ഥാപിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന വൺഡേ ഹോം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ആണ് നഗരസഭയുമായി ചേർന്ന് വൺഡേ ഹോം ഒരുക്കിയിരിക്കുന്നത്. പെൺകുട്ടികൾക്കും അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആൺകുട്ടികൾക്കും വൺ ഡേ ഹോമിൽ പരമാവധി മൂന്നു ദിവസം വരെ തങ്ങാനാകും.

ആറ് ക്യുബിക്കിളും 25 പേർക്ക് താമസിക്കാവുന്ന ഡോർമറ്ററിയുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. എയർകണ്ടീഷൻ സൗകര്യം, ഡ്രെസിംഗ് റൂം, ശുചിമുറികൾ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്. ഡോർമറ്ററിക്ക് പ്രതിദിനം 150 രൂപയും ക്യുബിക്കിളിന് 250 രൂപയും ചാർജ് ഈടാക്കും. പ്രവേശനത്തിന് അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരിക്കില്ല. പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. ഒറിജിനൽ ഐഡി പ്രൂഫ് ഹാജരാക്കണം. അടിയന്തര സാഹചര്യങ്ങളിൽ മൂന്ന് ദിവസം വരെ പ്രവേശനം അനുവദിക്കും. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തന്നെ ഇതിനകം സ്ത്രീകൾക്കുള്ള രാത്രികാല അഭയ കേന്ദ്രമായ എന്റെ കൂട് കേന്ദ്രത്തോടു ചേർന്നാണ് വൺ ഡേ ഹോമും പ്രവർത്തിക്കുന്നത്.

സ്ഥാപനത്തിന്റെ പ്രവർത്തനം ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതികൾ, നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0471 — 2346508 എന്ന ഫോൺ നമ്പറിലോ അറിയിക്കാം. സ്ഥാപനത്തിലെ ജീവനക്കാരുടെ ബന്ധുക്കളെ അനധികൃതമായി സ്ഥാപനത്തിൽ താമസിപ്പിക്കില്ല. ഇതിന്റെ മേൽനോട്ട ചുമതല ജില്ലാ വനിത ശിശുവികസന ഓഫീസർക്കായിരിക്കും. അടിയന്തര ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന സ്ത്രീകൾ, പെൺകുട്ടികൾ, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആൺകുട്ടികൾ എന്നിവർക്കാണ് വൺഡേ ഹോം പ്രയോജനപ്പെടുക. തലസ്ഥാന നഗരിയിൽ സ്ഥാപിച്ച വൺഡേ ഹോം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.

Eng­lish Sum­ma­ry: One day home shel­ter for ladies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.