Wednesday
20 Feb 2019

മനുഷ്യന്‍ ഭൂമിക്ക് കടക്കാരനാകുന്ന ദിവസം

By: Web Desk | Monday 17 September 2018 10:31 PM IST

നുഷ്യന്‍ ഭൂമിക്ക് കടക്കാരനാവുകയാണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. വരുമാനത്തെക്കാള്‍ ചെലവ് കൂടിയാല്‍ പിന്നെ എന്ത് ചെയ്യും. കടമെടുക്കുകയേ നിവൃത്തിയുള്ളൂ. സാമ്പത്തിക വിനിമയം പോലെ പ്രകൃതിയിലുമുണ്ട് ഈ കടമെടുക്കലും പണയപ്പെടുത്തലും.
കടലും പുഴയും കൃഷിഭൂമിയുമുള്‍പ്പെടെ പ്രകൃതിവിഭവശേഷിക്കും ഒരു പരിധിയുണ്ട്. അതില്‍ കൂടുതലായി ഉപയോഗിച്ചാല്‍ നാം കടക്കാരനാകും. പ്രകൃതിയുടെ വിഭവശേഷി കണക്കാക്കുമ്പോള്‍ ഭൂമിയുടെ വാര്‍ഷിക ബജറ്റ് മൊത്തം ഉപയോഗിച്ച് തീര്‍ക്കാന്‍ എട്ട് മാസംപോലും വേണ്ടിവരുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നത്തെ ഉപഭോഗരീതി തുടര്‍ന്നാല്‍ മനുഷ്യന് ജീവിക്കാന്‍ ഒന്നര ഭൂമിയിലധികം വേണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതൊരു ശരാശരി കണക്ക് മാത്രമാണ്. എല്ലാ മനുഷ്യരും ഓസ്‌ട്രേലിയക്കാരുടെ ഉപഭോഗരീതി പിന്തുടര്‍ന്നാല്‍ ഇത് 5.4 ഭൂമിയാകും. അമേരിക്കന്‍ രീതിയാണ് പിന്‍തുടരുന്നതെങ്കില്‍ 4.8 ഭൂമിയിലെ വിഭവങ്ങള്‍ വേണ്ടിവരും. റഷ്യന്‍ രീതി പിന്‍തുടര്‍ന്നാല്‍ 3.3 ഭൂമിയും ജര്‍മ്മന്‍ മാതൃകയാണെങ്കില്‍ 3.1 ഭൂമിയും വേണം. ഫ്രാന്‍സ് (3), ജപ്പാന്‍ (2.9), ഇറ്റലി (2.7), സ്‌പെയിന്‍ (2.1) എന്നിങ്ങനെ പോകുന്നു കണക്ക്. ഇന്ത്യന്‍ ഉപഭോഗരീതി അനുസരിച്ചാണെങ്കില്‍ ഒരു ഭൂമി പൂര്‍ണമായും വേണ്ട 0.7 മാത്രമാണിത്.
ഒരു വര്‍ഷം അനുവദിച്ച വിഭവങ്ങള്‍ കവര്‍ന്നെടുത്ത് മനുഷ്യന്‍ പ്രകൃതിക്ക് കടക്കാരനാകുന്ന ഒരു ദിനമുണ്ട്. 1970 ലാണ് ആദ്യമായി മനുഷ്യന്‍ ഭൂമിക്ക് കടക്കാരനായത്. ആ വര്‍ഷം ഡിസംബര്‍ 29 നാണ് ഭൂമിയുടെ ബജറ്റ് വിഹിതം ആദ്യമായി അവസാനിച്ചത്. പിന്നീടങ്ങോട്ട് കലണ്ടറിലെ ആ ദിവസം പിറകോട്ട് സഞ്ചരിക്കുകയായിരുന്നു.
ഭൂമിയിലെ വിഭവങ്ങളില്‍മേലുളള അമിത ഉപയോഗം മൂലമുള്ള തകര്‍ച്ചകള്‍ പല രൂപത്തിലാണ് പുറത്തുവരുന്നത്. അതില്‍ പ്രധാനമാണ് കാലാവസ്ഥ വ്യതിയാനം. പ്രകൃതിക്ക് മേലുള്ള ഈ ചുരമാന്തല്‍ ഇന്ന് ഏറ്റവും ബാധിക്കുന്നത് ദരിദ്രരാജ്യങ്ങളെയാണ്. 2030 ല്‍ അധികമായി വരുന്ന 300 കോടി ജനങ്ങള്‍ക്കായി 70 ശതമാനത്തിലേറെ ഭക്ഷണം ഉല്‍പാദിപ്പിക്കേണ്ടിവരും. ഇതെങ്ങനെ സാധ്യമാകുമെന്ന് ഭക്ഷ്യ-കൃഷി ശാസ്ത്രജ്ഞര്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്.
ഭൂമിയിലെ വിഭവങ്ങളുടെ 80 ശതമാനവും ഉപയോഗിക്കുന്നത് ലോക ജനസംഖ്യയുടെ 17 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യങ്ങളുടെ കണക്കെടുത്താല്‍ 86 ശതമാനവും അഞ്ചിലൊന്ന് വരുന്ന സമ്പന്ന രാജ്യങ്ങളാണ്. ഏറ്റവും ദരിദ്രമായ അഞ്ചിലൊന്ന് രാജ്യങ്ങളുടെ വിഹിതം ഒരു ശതമാനം മാത്രം. 2040 ല്‍ ലോകത്തിന്റെ 40 ശതമാനത്തിന് കുടിവെള്ളം ആവശ്യത്തിന് കിട്ടാതാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം ഇതിന്റെ രൂക്ഷത കൂടാനാണ് സാധ്യത.
നാമമാത്രമായ സമ്പന്ന ന്യൂനപക്ഷത്തിന് വേണ്ട ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യാനാണ് പ്രകൃതിവിഭവങ്ങള്‍ പ്രധാനമായും ചുഷണം ചെയ്യപ്പെടുന്നത്. ലോകത്ത് 30 സമ്പന്നന്മാരുടെ സമ്പത്ത് ലോകത്തെ ആകെ ജനസംഖ്യയുടെ പകുതി പേരുടെ സമ്പത്തിനെക്കാള്‍ കൂടുതലാണ്. ഇന്ന നടക്കുന്ന പല ആഭ്യന്തര സംഘര്‍ഷങ്ങളും കടന്നുകയറ്റങ്ങളും വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വേണ്ടിയാണ്. സങ്കുചിത ദേശീയതകള്‍ അതിനുവേണ്ടി രാജ്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഗ്ലോബല്‍ ഫുട്പ്രിന്റ് നെറ്റ്‌വര്‍ക്കിന്റെ നിരീക്ഷണപ്രകാരം ഇന്നത്തെ ഉപഭോഗ രീതി അനുസരിച്ച് ഒന്നര ഭൂമി മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിവരുമെങ്കില്‍ 2030 ആകുമ്പോള്‍ രണ്ട് ഭൂമി വേണ്ടിവരും. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ അത് മൂന്ന് ഭൂമിയായി മാറും.
മത്സ്യസമ്പത്ത്, മണ്ണിന്റെ പുനരുജ്ജീവനം, ഹരിതഗൃഹവാതക വിസര്‍ജ്ജനം, വനനശീകരണം തുടങ്ങിയവ കണക്കിലെടുത്താണ് പ്രകൃതിക്ക് ഒരു വര്‍ഷംകൊണ്ട് വീണ്ടെടുക്കാന്‍ ആകുന്ന ഉപഭോഗം നിര്‍ണയിക്കുന്നത്. പാരിസ്ഥിതികമായ ദൂരപരിധി അതിവേഗം ലംഘിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്. നമ്മുടെ കടലിനും വനത്തിനും സ്വംശീകരിക്കാന്‍ കഴിയുന്നതിലുമേറെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് തളളുന്നത്.
പ്രകൃതിക്ക് കടക്കാരനാകാതെ ജീവിക്കാന്‍ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് ഹരിതഗൃഹ വാതകം പുറന്തളളുന്നത് കുറയ്ക്കുക മാത്രമാണ്.

Related News