June 10, 2023 Saturday

Related news

June 8, 2023
May 18, 2023
May 17, 2023
May 16, 2023
May 4, 2023
May 2, 2023
April 24, 2023
April 19, 2023
April 18, 2023
April 13, 2023

പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
March 22, 2023 12:00 am

കേരള പൊതുജനാരോഗ്യ ബിൽ നിയമസഭ പാസാക്കി. 2023ലെ കേരള പൊതുജനാരോഗ്യ നിയമം എന്നാണ് പേര്. പൊതുജനാരോഗ്യത്തിന് ഏകാരോഗ്യം എന്ന സമീപനമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്.
രോഗ നിര്‍ണയം, ചികിത്സ എന്നിവയ്ക്കൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, രോഗകാരണമാകുന്ന അവസ്ഥകള്‍ ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്തിന്റെയും, മനുഷ്യ‑മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളും രോഗാണുക്കളും പകര്‍ച്ചവ്യാധികളും മഹാമാരികളും പ്രതിരോധിക്കുക, വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, വയോജനങ്ങളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് നല്കുന്ന പ്രത്യേക പരിഗണന എന്നിവയാണ് ബില്ലിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. കിടപ്പ് രോഗികൾ, സ്ത്രീകൾ, കുട്ടികൾ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്നു. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ആയുഷ് മേഖലയിലെ യോഗ മുതലായവയ്ക്കും പ്രാധാന്യം നല്കുന്നു. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ളതാണ് ബില്‍.

നിലവിലുണ്ടായിരുന്ന 1955ലെ ട്രാവൻകൂർ കൊച്ചിൻ ആക്ടും 1939ലെ മദ്രാസ് ഹോസ്പിറ്റൽ ആക്ടും ഏകീകരിച്ചും ക്രോഡീകരിച്ചും സമഗ്രമാക്കിയുമാണ് ബില്ല് രൂപപ്പെടുത്തിയത്. ഇതിനായുള്ള ഓർഡിനൻസ് 2021 ഫെബ്രുവരിയിൽ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2021 ഒക്ടോബർ നാലിന് അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബിൽ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 2021 ഒക്ടോബർ 27ന് സഭയിൽ അവതരിപ്പിച്ചു. അന്നുതന്നെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികൾ കണക്കിലെടുത്തും ബില്ലിലെ ചില വ്യവസ്ഥകളിൽ കാലികമായ മാറ്റം അനിവാര്യമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നുമാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. 

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ കാര്യങ്ങൾ നിയമത്തിലുണ്ട്. ജലം, മാലിന്യം, പകർച്ചവ്യാധികൾ, കൊതുക് നിവാരണം, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്നിവയും ബില്ലിലുണ്ട്.
പൊതുജനാരോഗ്യ അധികാരി എന്നത് മാറ്റി പബ്ലിക് ഹെൽത്ത് ഓഫിസർ എന്നാക്കി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പൊതുജനാരോഗ്യ സമിതിയും ഇതിന്റെ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പബ്ലിക് ഹെൽത്ത് ഓഫിസർമാർക്ക് ചുമതലകളും അധികാരങ്ങളും നല്കുകയാണ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ഭാരതീയ ചികിത്സ, ഹോമിയോപ്പതി, തദ്ദേശ സ്വയംഭരണം, ഭക്ഷ്യം, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീര വികസന വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി.

സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട ആദ്യ ബില്‍

രാജ്യത്ത് പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട ആദ്യ ബില്ലാണ് 2023ലെ കേരള പൊതുജനാരോഗ്യ ബില്‍. രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ബില്ലിൽ സ്ത്രീലിംഗപദങ്ങളാണ് പ്രയോഗിച്ചിട്ടുള്ളത്. സ്ത്രീലിംഗത്തിൽ പ്രയോഗം എല്ലാ ലിംഗക്കാരെയും പ്രതിനിധീകരിക്കുന്നു (ഉദാ: ഉടമസ്ഥ, ഉദ്യോഗസ്ഥ, രോഗമുക്ത…). 

സമഗ്ര പരിശോധന, വിപുലമായ അഭിപ്രായ സ്വരൂപണം

പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ വിദഗ്ധർ, മേഖലയിലെ വിവിധ സംഘടനകൾ മുതലായവരിൽ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് നിയമസഭാ സെലക്ട് കമ്മിറ്റി ബിൽ അന്തിമരൂപത്തിലാക്കിയത്. ആരോഗ്യ മന്ത്രിയുൾപ്പെടെ 15 അംഗങ്ങളാണ് സെലക്ട് കമ്മിറ്റിയിലുണ്ടായിരുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള നാല് സിറ്റിങ്ങുകൾ ഉൾപ്പെടെ 10 യോഗങ്ങൾ നടത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി സിറ്റിങ് നടത്തി ജനങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ തേടിയും പിന്നീട് വിദഗ്ധർ പങ്കെടുത്തുകൊണ്ടുള്ള ശില്പശാല നടത്തിയുമാണ് അഭിപ്രായങ്ങൾ ക്രോഡീകരിച്ചത്. 

Eng­lish Sum­ma­ry: One health for pub­lic health care

You may also like this video


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.