March 26, 2023 Sunday

തിരുവനന്തപുരത്ത് രണ്ട് കോടിയുടെ ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം:
April 28, 2020 9:01 pm

തിരുവനന്തപുരത്ത് രണ്ട് കോടിയുടെ ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ. വര്‍ക്കലയിലും കോവളത്തും എത്തിച്ചേരുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന വര്‍ക്കല കുരയ്ക്കണ്ണിയിൽ പുന്നമൂട് നന്ദനം വീട്ടില്‍ ജയകുമാറാണ് അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ വര്‍ക്കലയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് വര്‍ക്കല പൊലീസ് ഒന്നരക്കിലോ ഹാഷിഷുമായി പിടികൂടിയത്.

വര്‍ഷങ്ങളായി വര്‍ക്കലയില്‍ സൂപ്പര്‍മാര്‍ക്കറ്റും ഹോം സ്റ്റേയും നടത്തി വന്നിരുന്ന പ്രതി മുൻപും വിവിധതരത്തിലുള്ള മയക്കുമരുന്ന് കച്ചവടവും കള്ളനോട്ട് ഇടപാടുകളും നടത്തി വന്നിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. 2005‑ല്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2006‑ല്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും കള്ളനോട്ട് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 2004‑ല്‍ ഹാഷിഷും ചരസും കഞ്ചാവും വിറ്റതിന് വര്‍ക്കല എക്‌സൈസിന്റെ പിടിയിലാവുകയും ആ കേസില്‍ ജില്ലാ കോടതി ഇയാളെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

2011‑ല്‍ നെടുമങ്ങാട് പൊലീസും ഇയാളെ ഹാഷിഷ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2003‑ലും 2008‑ലും ഹാഷിഷും ചരസും കച്ചവടം ചെയ്തതിന് വര്‍ക്കല പൊലീസ് സ്റ്റേഷനിലും വര്‍ക്കല എക്‌സൈസ് റേഞ്ച് ഓഫീസിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൂടാതെ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല എക്‌സൈസ് രണ്ട് ഗ്രാം ഹാഷിഷുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍ കണ്ട ജര്‍മ്മന്‍ സ്വദേശിയായ ഒരു വിനോദസഞ്ചാരിയില്‍ നിന്നും പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഗ്രാം ഹാഷിഷ് ഇയാള്‍ 6000 രൂപാ നിരക്കില്‍ വിറ്റുവരുന്നതായി വിവരം ലഭിച്ചത്. കിലോയ്ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് ഗോവയില്‍ നിന്നെത്തുന്ന ഹാഷിഷ് 30 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ വര്‍ക്കലയിലും കോവളത്തുമായി ചില്ലറ വില്പന നടത്തി വരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY: One held with Rs 2 crore hashish in Thiruvananthapuram

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.