വിചാരണത്തടവുകാരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍

Web Desk
Posted on January 20, 2019, 10:49 pm

ന്യൂഡല്‍ഹി: രാജ്യത്ത് ജയിലുകളില്‍ കഴിയുന്ന വിചാരണതടവുകാരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗക്കാരാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 24 ശതമാനം മാത്രമാണ്. എന്നാല്‍ വിചാരണ തടവുകാരില്‍ 34 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗക്കാരാണ്. ദേശീയ ദളിത് മൂവ്‌മെന്റും നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സംയുക്തമായി തയ്യാറാക്കിയ ‘ക്രിമിനല്‍ ജസ്റ്റിസ് ഇന്‍ ഷാഡോ ഓഫ് കാസ്റ്റ്’ എന്ന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

തമിഴ്‌നാട്ടില്‍ വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 38 ശതമാനമാണ്. ദളിത്, ആദിവാസി വിഭാഗങ്ങള്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, എതിര്‍കക്ഷികളോ കുറ്റം ചുമത്തപ്പെട്ടവരോ ഇതിന് എതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഇരകളായ പട്ടികജാതിവര്‍ഗക്കാരുടെ പരാതിയെ കൗണ്ടര്‍ ചെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. എതിരായി കൊടുക്കുന്ന കേസുകളുടെ ഫലമായി, പട്ടികവര്‍ഗക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും നിയമനടപടി സ്വീകരിച്ച് ജയിലിലടയ്ക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്നും, ഉടന്‍ അറസ്റ്റും, മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരിക്കുക വഴി വ്യക്തികളുടെ സ്വതന്ത്ര്യത്തെയും സ്വാഭാവികനീതിയും ഹനിക്കുകയും ചെയ്യുന്നു എന്ന നിരീക്ഷണത്തോട് കൂടി പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2015ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ജയിലുകളിലെ വിചാരണ തടവുകാരില്‍ 55 ശതമാനവും ദളിത്. ആദിവാസി, മുസ്ലീം വിഭാഗത്തില്‍പെട്ടവരാണ്. ഈ വിഭാഗത്തിന്റെ മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ കണക്ക് കൂടുതലാണ്. 2011ലെ സെന്‍സസ് അനുസരിച്ച്. ഈ മൂന്ന് വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ 39 ശതമാനമാണ്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിലും കൂടുതല്‍ പിന്നോക്ക സമുദായത്തില്‍പെട്ടവരാണ്. ദേശീയ നിയമ സര്‍വ്വകലാശാല 2016ല്‍ പുറത്തിറക്കിയ വധശിക്ഷാ റിപ്പോര്‍ട്ടിന്റെ കണക്കനുസരിച്ച് 279 തടവുകാരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ 127 പേര്‍ (34 ശതമാനം ) പിന്നോക്ക സമുദായത്തില്‍ പെട്ടവരാണ്. പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ 24 ശതമാനവും.
വധശിക്ഷയ്ക്ക് വിധേയരായ 20 ശതമാനം ആളുകള്‍ മതന്യൂനപക്ഷത്തില്‍പെട്ടവരും.

ഗുജറാത്തിലെ കണക്ക് അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 19 തടവുകാരില്‍ 15 പേരും മുസ്ലീങ്ങളായിരുന്നു. പൊലീസ് അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നവരിലും കൂടുതലും ആദിവാസികളും ദളിതരുമാണ്. കേസുകള്‍ കെട്ടിച്ചമച്ച് ഇവരെ ജയിലിലടയ്ക്കുകയും ചെയ്യുന്നു. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതും അന്വേഷണം വൈകിപ്പിക്കുന്നതും ദളിതര്‍ കൂടുതല്‍കാലം വിചാരണ തടവുകാരായി കഴിയാന്‍ കാരണമാകുന്നതായും റിപ്പോര്‍ട്ട് അടിവരയിടുന്നു.