19 April 2024, Friday

ലോകത്ത് ഏഴില്‍ ഒരാള്‍ ചൂടിന്റെ ദുരിതം നേരിടുന്നു

Janayugom Webdesk
വിയന്ന
May 22, 2022 7:11 pm

ലോകത്ത് ഏഴില്‍ ഒരാള്‍ കടുത്ത ചൂടിനെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 120 കോടി ജനങ്ങള്‍ കടുത്ത ചൂടിന്റെ കഷ്ടതകള്‍ അനുവഭിക്കുന്നുണ്ട്. ഇവര്‍ക്ക് ചൂടില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ അപ്രാപ്യമാണെന്നും അന്താരാഷ്ട്ര സംഘടനയായ സസ്റ്റൈനബിള്‍ എനര്‍ജി ഫോര്‍ ഓളി (എസ്ഇഫോര്‍ഓള്‍)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം.

ചൂടിനെ നേരിടുന്നതിനു വേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇനിയും വൈകിയാല്‍ അത് വലിയ അപകടമുണ്ടാക്കുമെന്ന് റുവാണ്ടയിലെ കിഗാലിയിലുള്ള ഗ്ലോബല്‍ എനര്‍ജി ഫോറം വ്യക്തമാക്കുന്നു. 76 രാജ്യങ്ങള്‍ ശീതീകരണ സംവിധാനങ്ങളില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് സസ്റ്റൈനബിള്‍ എനര്‍ജി ഫോര്‍ ഓള്‍ പഠനം നടത്തിയത്.

120 കോടി ജനങ്ങള്‍ക്ക് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാനോ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളോ ലഭ്യമല്ല. സുരക്ഷിതമായ വാക്സിനും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന് സംഘടന കണ്ടെത്തി. നിശ്ചിത താപനിലയില്‍ സൂക്ഷിക്കുന്ന വാക്സിനുകളാണ് സുരക്ഷിതം. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിച്ചാല്‍ മാത്രമെ ഇവയുടെ ഫലപ്രാപ്തി നിലനിര്‍ത്താനാകൂ. ചില വാക്സിനുകള്‍ക്ക് അതീവ ശീതീകരണ സംഭരണി ആവശ്യമാണ്. മൈനസ് 20 ഡിഗ്രി മുതല്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ഇത്തരം വാക്സിനുകള്‍ സൂക്ഷിക്കേണ്ടത്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും കൂടുതല്‍ ജനങ്ങള്‍ ചൂടുകൊണ്ടുള്ള ദുരിതങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും, അതേസമയം ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന അപകട സാധ്യത നേരിടുന്ന 450 ദശലക്ഷത്തിലധികം (36 ശതമാനം) ആളുകളെ ദുരന്തമുഖത്തുനിന്നും രക്ഷിക്കാനാകും.

ആഗോളതലത്തില്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആകെ ജനസംഖ്യയില്‍ 36 ശതമാനം ദരിദ്രരാണ്. 135 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് 16.2 കോടി ജനങ്ങളുടെ കൈവശം മാത്രമാണ് റെഫ്രിജിറേറ്ററുകള്‍ ഉള്ളത്. മികച്ച സംഭരണ സംവിധാനമില്ലാത്തതിനാല്‍ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന 13 ശതമാനം ഭക്ഷ്യോല്പന്നങ്ങളും നശിച്ചു പോകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Eng­lish summary;One in sev­en peo­ple in the world suf­fers from heat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.