നൂറു ദിനംകൊണ്ട് അമ്പതിനായിരം തൊഴിലവസരമെന്ന പ്രഖ്യാപനം എൽഡിഎഫ് സർക്കാർ മറികടന്നു. 2020 ഡിസംബറിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടു മാസം കൊണ്ട് കേരളത്തിൽ 61,290 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെ ഡിസംബർ മാസം അവസാനിക്കുന്നതിനു മുൻപ് വീണ്ടും 50,000 തൊഴിലവസരം കൂടി സൃഷ്ടിക്കുമെന്നു ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സർക്കാർ വകുപ്പുകൾ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 19,607 പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്നോ ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയിട്ടുള്ള സംരംഭങ്ങളിൽ 41,683 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
സംരംഭകത്വ മേഖലയിൽ 12,325 തൊഴിലുകൾ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കെഎഫ്‌സി മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളിൽ 1,602 പേർക്ക് തൊഴിൽ ലഭിച്ചു. പിന്നാക്ക സമുദായ കോർപറേഷന്റെ സംരംഭക വായ്പയിൽ നിന്ന് 1,490, സഹകരണ സംഘങ്ങൾ നൽകിയ വായ്പയിൽ നിന്ന് 4,030, മത്സ്യബന്ധന വകുപ്പിൽ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തിൽ 842 പേർക്ക് തൊഴിൽ ലഭിച്ചു. പട്ടിക ജാതി പട്ടികവർഗ വികസന കോർപറേഷനുകളിലും മറ്റുമായി 782 പേർക്ക് ജോലി ലഭിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിൽ 4,962 പേർക്കും, കെഎസ്എഫ്ഇയിൽ 774 പേർക്കും, പൊതുമേഖലാ സ്ഥാപനങ്ങളിൽ 453 പേർക്കും, തദ്ദേശ സ്വയംഭരണ വകുപ്പിൽ 180 പേരും ജോലിയിൽ കയറി.
സർക്കാർ പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ദീർഘവീക്ഷണവും ഇച്ഛാശക്തിയോടുള്ള പ്രവർത്തന മികവുമാണ് നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിലെന്ന അപൂർവ്വ നേട്ടത്തിലെത്താൻ കേരളത്തിന് കഴിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് മലയാളികൾക്ക് ഓണസമ്മാനമായി നടത്തിയ 100 ദിനം 100 പദ്ധതി പ്രഖ്യാപനത്തിലാണ് 50,000 പേർക്ക് തൊഴിൽ നൽകുമെന്ന മുഖ്യമന്ത്രി പറഞ്ഞത്.
കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങൾ കുറയുമ്പോൾ നാം കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും കാർഷിക, മത്സ്യമേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനു പുറമെ കാർഷികേതര മേഖലയിലും തൊഴിലവസരങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കുടുംബശ്രീ ഏറ്റവും വലിയ തൊഴിൽ ദാതാവ്
സംരംഭകത്വ മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് കുടുംബശ്രീ. നേരിട്ട് ജോലി നൽകിയതിൽ മുന്നിൽ സപ്ലൈകോ. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും ഉണർവോടെ പ്രവർത്തിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയത്. ഭക്ഷ്യകിറ്റുകൾ പായ്ക്കു ചെയ്യുന്നതിന് സെപ്റ്റംബർ മുതൽ 7,900ൽപ്പരം പേർക്ക് താൽക്കാലിക ജോലി നൽകി.
കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നെങ്കിലും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി 19,135 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകി. സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലൂടെ 6,965, സെപ്റ്റംബറിനു ശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളിൽ 613, ഹോം ഷോപ്പികളിലും വിപണന കിയോസ്കുകളിലുമായി 2,620, മൃഗസംരക്ഷണത്തിൽ 2,153, കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളിലായി 1, 503 പേർക്കും തൊഴിൽ നൽകി.
ENGLISH SUMMARY:One lakh jobs by December
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.