സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം കാട്ടാക്കട താലൂക്കിൽ സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുൻഗണനാ കാർഡുകൾ അനർഹരുടെ കൈയിൽ നിന്ന് തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്. തെരുവിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ആധാർ ലിങ്ക് ചെയ്ത് രണ്ടുലക്ഷത്തിലധികം ആൾക്കാർക്ക് 11 മാസത്തിനുള്ളിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ മനുഷ്യർക്കും ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ, പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സുഭിക്ഷ ഹോട്ടലുകൾ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ടമായാണ് 35 സുഭിക്ഷ ഹോട്ടലുകൾ ഉദ്ഘാടനം ചെയ്തത്. കാട്ടാക്കട ജങ്ഷനു സമീപമുള്ള കെട്ടിടത്തിലാണ് ജില്ലയിലെ പുതിയ സുഭിക്ഷ ഹോട്ടൽ തുറന്നിരിക്കുന്നത്. ആവശ്യക്കാർക്ക് 20 രൂപ നിരക്കിൽ സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചയൂണ് ലഭിക്കും. മറ്റ് സ്പെഷ്യൽ വിഭവങ്ങൾക്കും വിലക്കുറവുണ്ട്.
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അനിൽ കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡി സജിത് ബാബു എന്നിവരും പങ്കെടുത്തു.
English Summary:One lakh priority ration cards to be issued soon: Minister GR Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.