സ്വന്തം ലേഖകൻ

December 27, 2019, 10:24 pm

തടങ്കലിലാകുക ഒരു ലക്ഷം തമിഴ് അഭയാർഥികൾ

Janayugom Online

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പെരുവഴിയിലാക്കുന്നത് തമിഴ്‌നാട്ടിലെ ഒരു ലക്ഷത്തോളം വരുന്ന ഹിന്ദുക്കളായ തമിഴ് അഭയാർഥികളെ. തങ്ങൾക്ക് ഇനി ശ്രീലങ്കയിൽ തിരികെ പോകാനും കഴിയില്ല, കഴിഞ്ഞ 26 വർഷമായി കഴിയുന്ന ഇന്ത്യയിൽ പൗരത്വവും ലഭിക്കില്ലെന്ന ആശങ്കയാണ് തമിഴ് അഭയാർഥികൾ പങ്കുവയ്ക്കുന്നത്. പൗരത്വം ലഭിക്കുന്നതിനുള്ള രേഖകൾക്കായി രാമേശ്വരം, സേലം ജില്ലകളിലെ കളക്ടറേറ്റുകളിൽ എത്തിയെങ്കിലും തങ്ങളെ ആട്ടിയോടിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് രാമേശ്വരം ജില്ലയിലെ മണ്ഡപം ക്യാമ്പിൽ കഴിഞ്ഞ 26 വർഷമായി കഴിയുന്ന മല്ലിക വാസൻ പറയുന്നു. തങ്ങൾ ഹിന്ദുക്കളാണ് , എന്നിട്ടും പൗരത്വം ലഭിക്കാത്ത അവസ്ഥയിലെത്തിച്ച മോഡി സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിക്കാൻ പോലും കഴിയാത്ത നിരാലംബമായ അവസ്ഥയിലാണെന്നും മല്ലിക വാസൻ പറയുന്നു.

ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബിജെപി താവളത്തിലെത്തിയ പളനിസാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാർ തങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന ബില്ലിനെ അനുകൂലിക്കുന്നത് അപലപനീയമാണെന്നും അഭയാർഥികൾ പറയുന്നു. ഹിന്ദുത്വത്തിനുവേണ്ടിയുള്ള മോഡി സർക്കാരിന്റെ വാക്കുകൾ പൊള്ളയാണെന്നും ഹിന്ദുക്കളായ തങ്ങളെ അവഗണിച്ചത് ഇതിനുള്ള തെളിവാണെന്നും അഭയാർഥികൾ പറയുന്നു.

107 തടവറകൾ, 65,000 ശ്രീലങ്കൻ അഭയാർഥികൾ
തമിഴ്‌നാട്ടിലെ 107 തടങ്കൽ പാളയങ്ങളിലായി 65,000 ശ്രീലങ്കൻ അഭയാർഥികളുണ്ട്. ഇതിൽ 25,000 പേർ കുട്ടികളാണെന്നും ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 35,000 പേർ നിശ്ചിത ഇടവേളകളിൽ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത് വാടകവീടുകളിൽ കഴിയുന്നു. ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ, പുരുഷൻമാർക്ക് 750 രൂപ, കുട്ടികൾക്ക് 400 രൂപ വീതവും സർക്കാർ നൽകുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതോടെ ഇവർക്ക് ആനുകൂല്യം നഷ്ടമാകും. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇവരെ തടങ്കൽ പാളയങ്ങളിലേയ്ക്ക് അയക്കും. നിലവിൽ ക്യാമ്പ് വിട്ട് പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ല. 26 വർഷമായി അടിസ്ഥാന പൗരാവകാശങ്ങളുമില്ല. എപ്പോഴും പൊലീസിന്റെ നീരീക്ഷണത്തിലാണ്. പലപ്പോഴും ചെയ്യാത്ത കുറ്റങ്ങൾ ചുമത്തി തങ്ങളെ ജയിലിൽ അടയ്ക്കാറുണ്ടെന്നും അഭയാർഥികളെ ഉദ്ധരിച്ച് ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.