Web Desk

അടിമാലി

February 07, 2020, 6:05 pm

റോഡിൽ നഷ്ടപ്പെട്ടു പോയ ഒരു ലക്ഷം രൂപ ഉടമസ്ഥന് തിരികെ ലഭിച്ചു

Janayugom Online

വഴിയിൽ കിടന്ന് ലഭിച്ച ഒരുലക്ഷത്തി അയ്യായിരം രൂപ തിരികെ നൽകാൻ മനസ്സ് കാണിച്ച് മൂവാറ്റുപുഴ സ്വദേശി മന്നേക്കാട്ടുകുടി വീട്ടിൽ ജോർജ്ജ്. ജോർജ്ജിന്റെ നല്ല മനസ്സിന് നന്ദി പറയുകയാണ് പെരുന്തൽമണ്ണ നാട്ടുകല്ല് സ്വദേശി ചൂളകച്ചോല വീട്ടിൽ മുഹമ്മദ് ഷാജർ. ബുധനാഴ്ച്ച രാത്രിയിലായിരുന്നു വാഹന കച്ചവടത്തിലൂടെ ലഭിച്ച പണവുമായി മുഹമ്മദ് ഷാജർ അടിമാലിയിൽ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങിയത്. മടക്കയാത്രയിൽ പണം നഷ്ടമായി.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ പറഞ്ഞറിയിക്കാനാവത്ത നിരാശയിലായി മുഹമ്മജ് ഷാജർ. ഇതിനിടയിൽ നേര്യമംഗലത്തിന് സമീപത്തു വച്ച് റോഡിൽ കിടന്നിരുന്ന പണം ജോർജ്ജിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു രൂപാ പോലും സ്വന്തമാക്കാൻ ആഗ്രഹിക്കാതെ ജോർജ്ജ് പണവുമായി അടിമാലി പോലീസ് സ്റ്റേഷനിലെത്തി പണം പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവ ശേഷം അടിമാലി സ്റ്റേഷനിൽ പണം ലഭിച്ച വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. പണം നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മുഹമ്മദ് ഷാജറിന്റെ ശ്രദ്ധയിൽ നവമാധ്യമങ്ങളിലെ അറിയിപ്പ് പതിയുകയും കഴിഞ്ഞ ദിവസം രാത്രിയിൽ അടിമാലി പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. പണം മുഹമ്മദ് ഷാജറിന്റെയാണെന്നുറപ്പു വരുത്തിയ ശേഷം സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം കൈപ്പറ്റി മുഹമ്മദ് ഷാജർ നാട്ടിലേക്ക് മടങ്ങി. പണം തിരികെ നൽകാൻ മനസ്സ് കാണിച്ച ജോർജ്ജിനും അറിയിപ്പ് തന്നിലേക്കെത്തിച്ച സോഷ്യൽ മീഡിയക്കും മുഹമ്മദ് ഷാജർ നന്ദി പറയുന്നു.

Eng­lish sum­ma­ry: One lakh was lost on the road