പണിയില്ലാ പട്ടാളത്തിലേയ്ക്ക് ഒരു ലക്ഷം പ്രവാസികളും

കെ രംഗനാഥ്

ദുബായ്

Posted on April 30, 2020, 9:32 pm

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട ഒരു ലക്ഷത്തോളം മലയാളി പ്രവാസികള്‍ കൂടി കേരളത്തിലെ പണിയില്ലാ പട്ടാളത്തിലേക്ക്. നാട്ടിലേക്കു മടങ്ങാന്‍ മൂന്ന് ദിവസം മുമ്പ് നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 56,114 പേര്‍ ഗള്‍ഫ് നാടുകളില്‍ കൊറോണയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരാണെന്ന് രജിസ്ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. രജിസ്ട്രേഷന്‍ തുടരുന്നതിനാല്‍ ഇന്നലെയായപ്പോള്‍ അത് 71,000 കവിഞ്ഞു. പിരിച്ചുവിടലുകള്‍ സാര്‍വത്രികമായതിനാല്‍ പണി പോയതുമൂലം നാട്ടിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ സംഖ്യ ഒരു ലക്ഷം കഴിയുമെന്നാണ് നോര്‍ക്കയും പ്രവാസി സംഘടനകളും കണക്കാക്കുന്നത്.

ചൊവ്വാഴ്ച രാത്രി വരെ നാട്ടിലേക്കു മടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ സംഖ്യ 3,20,463 ആയിരുന്നു. ഇന്നലെ അത് 3.68 ലക്ഷത്തിലേക്ക് ഉയര്‍ന്നുവെന്നാണ് കണക്ക്. ചൊവ്വാഴ്ച വരെ രജിസ്റ്റര്‍ ചെയ്തവരില്‍ 2,23,624 പേര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴില്‍-താമസ വിസയുള്ളവരാണ്. തൊഴില്‍ തേടിയും അല്ലാതെയും സന്ദര്‍ശന വിസയിലെത്തി ഗള്‍ഫില്‍ കുടങ്ങിയപ്പോയ 57,436 പേരും നാട്ടിലെത്താന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാനൊരുങ്ങുന്നവര്‍ 24,000 വരും. 9515 ഗര്‍ഭിണികള്‍, 748 ജയില്‍ മോചിതര്‍, പതിനായിരത്തിലേറെ മുതിര്‍ന്ന പൗരന്‍മാര്‍, ആശ്രിതവിസയിലുള്ള 20,219 പേര്‍, പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ എന്നിവരും പേരുകള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

you may also like this video;


രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ വേലയും കൂലിയും നഷ്ടമായി പട്ടിണികിടക്കുന്ന പതിനായിരക്കണക്കിനു പാവപ്പെട്ട തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നതില്‍ മുന്‍ഗണന നല്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു. ജോലിയില്ലാതായവര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ നിഷേധിക്കരുതെന്ന ഗള്‍ഫ് ഭരണകൂടങ്ങളുടെ നിര്‍ദ്ദേശം മിക്ക തൊഴിലുടമകളും പാലിക്കുന്നില്ല. റംദാന്‍ കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തകര്‍ നല്കുന്ന ഒരു നേരത്തെ ആഹാരംകൊണ്ട് ജീവന്‍

നിലനിര്‍ത്തുന്ന അവര്‍ മരത്തണലിലും പാര്‍ക്കുകളിലും അന്തിയുറങ്ങുന്ന കാഴ്ച സര്‍വസാധാരണയായി. ജോലി നഷ്ടപ്പെട്ട് മടങ്ങാനിരിക്കുന്നവരില്‍ അരലക്ഷത്തോളം പേര്‍ വിദഗ്ധ തൊഴിലാളികളും 15,000ത്തില്‍ പരം പേര്‍ അവിദഗ്ധ തൊഴിലാളികളുമാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. 36.25 ലക്ഷം തൊഴില്‍രഹിതരുള്ള കേരളത്തിലെ തൊഴിലില്ലാപടയിലേക്ക് ഒരു ലക്ഷം പ്രവാസി തൊഴില്‍ രഹിതര്‍കൂടി അണിചേരുന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്ന ആശങ്കയും പടരുന്നു.

you may also like this video;