August 9, 2022 Tuesday

യുഎസ് ശത്രു ലിസ്റ്റിലെ ഒരു സര്‍ക്കാര്‍ കൂടി ഇല്ലാതാകുന്നു

Janayugom Webdesk
December 14, 2019 9:53 pm

lokajalakam

പാശ്ചാത്യരുടെ, വിശേഷിച്ചും അമേരിക്കയുടെ കമ്മ്യൂണിസ്റ്റ് വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1848ല്‍ മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് പുറത്തിറക്കിയ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ‘യില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യൂറോപ്പിനെ കമ്മ്യൂണിസം എന്ന ദുര്‍ഭൂതം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. ഈ ഭൂതത്തെ ആട്ടിപ്പായിക്കാന്‍ എല്ലാ മതാധിപതികളും ഭരണാധികാരികളും കൈകോര്‍ത്തിരിക്കുകയാണെന്നാണ് മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടിയത്. കമ്മ്യൂണിസം എന്ന ആശയം ഉടലെടുത്തപ്പോള്‍ തന്നെ മുതലാളിത്ത രാഷ്ട്രങ്ങളുടെ നിലപാട് ഇതായിരുന്നെങ്കില്‍ 1917ല്‍ റഷ്യയില്‍ നടന്ന ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തോടെ അവരുടെ ശത്രുത എത്ര കടുകട്ടിയുള്ളതാണെന്ന് ഊഹിക്കാവുന്നതേയുള്ളു. പതിനാല് രാജ്യങ്ങള്‍ ചേര്‍ന്ന് ആ വിപ്ലവത്തെ പരാജയപ്പെടുത്താന്‍ നോക്കിയിട്ടും അവരുടെ ശ്രമം ഫലിച്ചില്ല.

രണ്ടാം ലോക മഹായുദ്ധത്തിലൂടെ ജര്‍മ്മനിയുടെ ഹിറ്റ്ലര്‍ നടത്തിയ പാഴ് ശ്രമത്തിനുശേഷം കിഴക്കന്‍ യൂറോപ്പിലും പിന്നീട് ചൈനയിലും മറ്റു നിരവധി രാജ്യങ്ങളിലും സോഷ്യലിസം വെന്നിക്കൊടി നാട്ടിയെങ്കിലും ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം 1980 കളില്‍ വാടകക്കെടുത്ത അഞ്ചാം പത്തികളിലൂടെ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം അവര്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതാക്കി. പക്ഷെ, അതുകൊണ്ടും സ്ഥിതി സമത്വത്തിന്റേതായ സോഷ്യലിസം എന്ന യാഥാര്‍ഥ്യം ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ചൈനയും വിയറ്റ്നാമും ക്യൂബയും ആ പതാക ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

പക്ഷെ, അതുകൊണ്ട് മുതലാളിത്ത വീരന്മാര്‍ അവരുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ചായ്‌വുള്ള രാജ്യങ്ങളെപ്പോലും നശിപ്പിക്കാന്‍ അവര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. 1954 ല്‍ ഗ്വാട്ടിമാലയിലായിരുന്നു ഇതിന്റെ തുടക്കം. ഹോണ്ടുറാസിന്റെയും മെക്സിക്കോയുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യത്ത് പുരോഗമന സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അട്ടിമറിയുടെയും ചാരപ്പണിയുടെയും ഏജന്‍സിയായിരുന്ന സിഐഎ ആദ്യം കഴുത്തിന് കുത്തിപ്പിടിച്ചത് ചിലിയുടെ സാല്‍വ‍‍ഡോര്‍ അല്ലെന്‍ഡെയെ ആയിരുന്നു. അവരുടെ അടുത്ത ഇര ഇന്തോനേഷ്യയായിരുന്നു. ജനറല്‍ സുഹാര്‍ത്തോ ആയിരുന്നു അവിടത്തെ ആരാച്ചാര്‍. ഇയാള്‍ അലന്‍ഡെയെ അട്ടിമറിച്ച ജനറല്‍ വിനോച്ചെയ്ക്ക് ഒപ്പമായിരുന്നു.

ഈ അട്ടിമറി വീരന്മാരെല്ലാം അമേരിക്കയുടെ ഏറാന്‍ മൂളികളായിരുന്നതുകൊണ്ട് അവര്‍ക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. ഇന്തോനേഷ്യയിലെ സുഹാര്‍ത്തൊയും ചിലിയിലെ പിനോച്ചെയും ഏറസും ദീര്‍ഘകാലം ഇപ്രകാരം സാമ്രാജ്യത്വ ആശിസുകളോടെ ഭരണം നടത്തിയവരാണ്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള നിക്കരാഗ്വയും വെ­നസ്വേലയും അമേരിക്കയുടെ ദീര്‍ഘകാല ഉപരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഞെരുങ്ങിഞെരുങ്ങിയാണെങ്കിലും മുന്‍പോട്ട് നീങ്ങുന്നത്. വെനസ്വേലയിൽ ഹ്യൂഗോ ഷാവേസിന് ശേഷമാണ് പാശ്ചാത്യ ഉപരോധം അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നത്.

ലാറ്റിന്‍ അമേരിക്കയിലെ ബൊളീവിയയാണ് അമേരിക്കയുടെ ഉപരോധ അട്ടിമറികളുടെ ഏറ്റവും പുതിയ ഇരയായിട്ടുള്ളത്. അമേരിക്കയുടെ താളത്തിനു തുള്ളാന്‍ വിസമ്മതിച്ച ഈ ഇവൊ മൊറേല്‍സ് 2006 മുതല്‍ക്ക് അമേരിക്കയുടെ സ്വൈരം കെടുത്തിവരികയായിരുന്നു. മൊറേല്‍സ് ബൊളീവിയയിലെ ആദിവാസികളുടെ പ്രതിനിധിയായി ആദ്യം ഭരണത്തിലെത്തുന്ന പ്രസിഡന്റാണ് മൊറേല്‍സ്. ഐമാര എന്ന ഗോത്രക്കാരനാണ് അദ്ദേഹം. പാവപ്പെട്ട നാട്ടുകാരുടെ ഉന്നമനത്തിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ശ്രദ്ധപതിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം വളരെയേറെ വിജയിക്കുകയും ചെയ്തുവെന്ന് ലോകത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍പോലും സമ്മതിച്ചുകൊടുത്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ രണ്ടു പ്രാവശ്യത്തെ ഭരണത്തിനിടയില്‍ രാജ്യം ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തുകയും ചെയ്തു.

ഏറ്റവും താഴേത്തട്ടിലായിരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഇക്കാലത്ത് ഗണ്യമായി ഉയരുകയും ചെയ്തു. ഈ ജനസമ്മതിയാണ് മൂന്നാം പ്രാവശ്യവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹത്തിന് അവസരം സൃഷ്ടിച്ചത്. ഇത് അദ്ദേഹംതന്നെ രൂപംകൊടുത്ത ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭരണഘടനാ കോടതി അതിന് മൊറേല്‍സിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലും വിജയിച്ചത് സംശയാസ്പദമായ രീതിയിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മൊറേല്‍സിനെതിരായ ഒരു കലാപം സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സുവര്‍ണാവസരം കൈവന്നത്. പക്ഷെ, ജനങ്ങള്‍ ഒന്നടങ്കം മൊറേല്‍സിനെതിരായെന്ന് ആരും ധരിക്കേണ്ടതില്ല.

ആദ്യം പൊലീസിന്റെയും പിന്നീട് പട്ടാളത്തിന്റെ തന്നെയും എതിര്‍പ്പിനു മുന്‍പില്‍ മൊറേല്‍സ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് മെക്സിക്കോയില്‍ അഭയം തേടിയിരിക്കുകയാണെങ്കിലും മൊറേല്‍സിന്റെ ജനപ്രിയ നടപടികളുടെ ഫലമായി ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്തിക്കാട്ടിയ വലിയൊരു വിഭാഗം ജനങ്ങള്‍ അദ്ദേഹത്തിന്റെ പാലായനത്തിനുശേഷവും അദ്ദേഹത്തിനെ അനുകൂലിച്ച് നിരത്തിലിറങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു ഇടക്കാല ഭരണം സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് ആഴ്ചകള്‍ കാത്തിരിക്കേണ്ടിവന്നു. ഈ വരികള്‍ കുറിക്കുമ്പോഴും അവരെ നിശബ്ദരാക്കാന്‍ സൈന്യത്തിന് നന്നേ പ്രയാസപ്പെടേണ്ടിവന്നു.

ആഴ്ചകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പുതിയ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൊറേല്‍സിന്റെ പക്ഷക്കാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ എത്ര ശതമാനംപേര്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തുമെന്ന് കണ്ടറിയേണ്ടിവരും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടം ജയിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന കളികള്‍‍ക്ക് അദ്ദേഹത്തെ ‘ഇംപീച്ച്’ (കുറ്റവിചാരണ) ചെയ്യാനുള്ള നടപടികള്‍ യു എസ് ജനപ്രതിനിധി സഭ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ തന്റെ രണ്ടാംവട്ട വിജയം കൈവരിക്കാനുള്ള അധികാരമോഹം അദ്ദേഹത്തെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുമെന്ന് പറയാനാവില്ല. മുന്‍കാലത്തെ 44 പ്രസിഡന്റുമാരില്‍ ആരും തന്നെ മകളെയും ജാമാതാവിനെയും മറ്റും ഉന്നതങ്ങളില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചതായി കേട്ടിട്ടില്ല.

തന്റെ പ്രധാന പ്രതിയോഗിയാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉക്രെയിന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണല്ലൊ ജനപ്രതിനിധി സഭ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. യു എസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള നേരിയ ഭൂരിപക്ഷം അദ്ദേഹത്തെ പിന്തുണച്ചാല്‍ ഇംപീച്ചുമെന്റില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കുമെങ്കിലും ഇംപീച്ചുമെന്റ് നടപടിയെ നേരിടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റെന്ന ദുഷ്പേര് തേച്ചുമാച്ചുകളയാന്‍ ട്രംപിനാവില്ലതന്നെ. അതേസമയം അമേരിക്കന്‍ സാമ്രാജ്യത്വ മോഹത്തോടൊപ്പം ഭരണചക്രം തിരിക്കുന്ന സമ്പന്ന ‑മധ്യവര്‍ത്തി വിഭാഗങ്ങളുടെ പിന്തുണ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്. നാലു കൊല്ലം മുന്‍പുതന്നെ അധികാരത്തിലെത്തിച്ചത് വെള്ളക്കാരായ ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് ട്രംപിന് വിശ്വാസമുണ്ട്.

അഞ്ച് നൂറ്റാണ്ട് മുന്‍പ് മാത്രം അമേരിക്കന്‍ ഭൂഖണ്ഡ‍ം കണ്ടുപിടിച്ചത് സ്പെയിന്‍കാരനായ കൊളംബസ് ആണെങ്കിലും ഇപ്പോള്‍ യുഎസ്എ സ്ഥിതിചെയ്യുന്ന പ്രദേശത്ത് വമ്പിച്ച കുടിയേറ്റം ആരംഭിച്ചത് വെള്ളക്കാരായ ഇംഗ്ലീഷുകാരാണല്ലൊ. കഴിഞ്ഞ വോട്ടെടുപ്പില്‍ ട്രംപിനെ പ്രസി‍ഡ‍ന്റ് പദത്തിലെത്തിച്ചത് വെള്ളക്കാരുടെ ആ സവര്‍ണ മേധാവിത്വം തന്നെയാണ്. അടുത്ത കാലത്തായി ആ രാജ്യത്ത് കറുത്ത വര്‍ഗക്കാര്‍ക്കും മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുടിയേറ്റ പൗരന്മാര്‍ക്കും എതിരായി വ്യാപകമായിക്കൊണ്ടിരിക്കുന്ന അക്രമ പരമ്പരകള്‍ വെള്ളക്കാരുടെ ആ മേധാവിത്വ മനോഭാവത്തെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രത്യക്ഷമായി കോളനികള്‍ ഇല്ലാതെതന്നെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന അവിടെ ഇത്തരം മനോഭാവം ട്രംപിന്റെ അനുയായികള്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.