ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ്

Web Desk

ടോക്യോ

Posted on February 19, 2020, 7:59 pm

ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്ത ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ആഡംബര കപ്പല്‍ യാത്രക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെയെണ്ണം ഇതോടെ ഏഴായി.

കഴിഞ്ഞമാസം കപ്പലില്‍നിന്ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തത്. അതിനിടെ, രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായതോടെ ഏതാനുംപേര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങി. ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ ഇന്ത്യക്കാരെ കപ്പലില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജപ്പാന്‍ ഭരണകൂടവുമായും കപ്പല്‍ കമ്ബനിയുമായും ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ടോക്യോയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായ് 3711 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 621 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍ യാത്രക്കാരുമാണ്.

 

Eng­lish Sum­ma­ry: One more indi­an have coro­na virus in Dia­mond Princess ship

You may also like this video