6 February 2025, Thursday
KSFE Galaxy Chits Banner 2

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്; നിയമനിർമ്മാണം സുഗമമാവില്ല

Janayugom Webdesk
January 15, 2025 5:00 am

ലോക്‌സഭയിലേക്കും സംസ്ഥാന, കേന്ദ്രഭരണപ്രദേശ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിയമനിർമ്മാണ പ്രക്രിയയെ പ്രഹസനമാക്കി മാറ്റാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച നിർദിഷ്ട ഭരണഘടനാ ഭേദഗതി ബിൽ ചർച്ചചെയ്യാൻ ചേർന്ന പ്രഥമ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യോഗം സർക്കാരിന്റെ ഗൂഢലക്ഷ്യത്തെ അക്ഷരാർത്ഥത്തിൽ തുറന്നുകാട്ടി. രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യത്തെയും ഫെഡറൽ സ്വഭാവത്തെയും ഭരണഘടനയുടെ അടിസ്ഥാനഘടനാ തത്വങ്ങളെയും ദുർബലപ്പെടുത്തുന്ന നിർദിഷ്ട ബില്ലിനെക്കുറിച്ചുള്ള ജെപിസി ചർച്ചകൾ അടുത്ത പാർലമെന്റ് സമ്മേളനം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന നിയമ‑നീതിന്യായ മന്ത്രാലയത്തിന്റെ നിർദേശം അംഗങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാർലമെന്റിന്റെ അടുത്ത സമ്മേളനം ജനുവരി 31ന് ചേരുമെന്ന് പ്രതീക്ഷിച്ചിരിക്കെ, മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചുള്ള സുപ്രധാനമായ ഈ നിയമനിർമ്മാണം സംബന്ധിച്ച ചർച്ചകൾക്ക് കേവലം മൂന്നാഴ്ച സമയം മാത്രമാണ് ലഭിക്കുക. ഇതുസംബന്ധിച്ച ജെപിസി പ്രവർത്തനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കാൻ ഒരുവർഷക്കാലം ആവശ്യമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് കാലങ്ങളായി നിലനിന്നുപോന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മൗലിക മാറ്റം ലക്ഷ്യംവച്ചുള്ള ബില്ലുമായി ബന്ധപ്പെട്ട ബൃഹത്തായ രേഖകൾ യോഗത്തിന് 48 മണിക്കൂർ മുമ്പുമാത്രമാണ് ജെപിസി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. ജെപിസി അംഗങ്ങളെപ്പോലും ഇരുട്ടിൽനിർത്തി, ബിൽ പാർലമെന്റിന്റെയും ജനങ്ങളുടെയും മേല്‍ അടിച്ചേല്പിക്കാമെന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ജെപിസിയുടെ അടുത്തയോഗത്തിൽ മീറ്റിങ്ങിന്റെ ഘടനയും നടപടിക്രമങ്ങളും തീരുമാനിക്കുകയാവും അജണ്ട. വസ്തുത ഇതായിരിക്കെ ജെപിസിയെന്നത് പാർലമെന്റിനെയും ജനങ്ങളെയും കബളിപ്പിക്കുകയെന്ന ഭരണകൂട കുതന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടി വരും. 

നിർദിഷ്ട ബിൽ. പാർലമെന്റ് തെരഞ്ഞെടുപ്പിന് അനുരോധമായി നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടി നൽകുകയോ ചെയ്യാതെ ഒരേസമയം രാജ്യത്തൊട്ടാകെ ലോക്‌സഭയുടെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ്. സംസ്ഥാന മന്ത്രിസഭകളുടെമേൽ അവിശ്വാസം കൊണ്ടുവരാനും സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടാൻ ശുപാർശചെയ്യാൻ ഗവർണർമാർക്ക് ഭരണഘടനയുടെ അനുച്ഛേദം 365 നൽകുന്ന അവകാശം നിലനിർത്തികൊണ്ടും സംസ്ഥാന നിയമസഭകൾക്ക് അവയുടെ നിർദിഷ്ട കാലാവധി പൂർത്തിയാക്കാനാവും എന്ന് ആർക്കാണ് ഉറപ്പുനല്‍കാനാവുക? സ്വാതന്ത്ര്യം ലഭിച്ചതു മുതൽ നാളിതുവരെ അനുച്ഛേദം 365 ഉപയോഗിച്ച് 134 പ്രാവശ്യം സംസ്ഥാന നിയമസഭകൾ പിരിച്ചുവിട്ട ചരിത്രം ഇന്ത്യക്കുണ്ട്. വസ്തുത ഇതായിരിക്കെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾ അവയുടെ കാലാവധി പൂർത്തിയാക്കുമെന്ന സങ്കല്പം അടിസ്ഥാനരഹിതമാണ്. അവിശ്വാസത്തിലൂടെയോ യൂണിയൻ ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെയോ ഒരു സംസ്ഥാന നിയമസഭയ്ക്ക് കാലാവധി പൂർത്തിയാക്കാനായില്ലെങ്കിൽ അഞ്ചുവർഷ കാലാവധിയിൽ അവശേഷിക്കുന്ന കാലത്തേക്ക് പുതിയ ഒരു നിയമസഭയെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ പൗരന്മാർ അത്തരമൊരു സഭയിലും സർക്കാരിലും എന്തിന് വിശ്വാസമർപ്പിക്കണമെന്ന ചോദ്യവും പ്രസക്തമാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സമ്പദ്ഘടനയ്ക്ക് നേട്ടമുണ്ടാക്കുമെന്ന ബില്ലിന്റെയും രാംനാഥ് കോവിന്ദ് കമ്മറ്റിയുടെയും അവകാശവാദവും ജെപിസി യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു. വ്യക്തമായ കണക്കുകളുടെയോ യുക്തിഭദ്രമായ വാദഗതികളുടെയോ പിന്തുണയില്ലാത്ത അവകാശവാദമാണ് കമ്മറ്റിയും സർക്കാരും മുന്നോട്ടുവയ്ക്കുന്നത്. ഒരേസമയം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുകവഴി തെരഞ്ഞെടുപ്പ് ചെലവിലുണ്ടാകുന്ന കുറവ്, സർക്കാർ അവകാശപ്പെടുന്നതുപോലെ വികസനക്കുതിപ്പ് വഴി മൊത്ത ദേശീയ വരുമാനത്തിൽ ഉണ്ടാകുന്ന വർധനവ് എന്നിവ സംബന്ധിച്ച കണക്കുകൾ ജെപിസി മുമ്പാകെ സമർപ്പിക്കാൻ അംഗങ്ങൾ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഭരണ മുന്നണിയിൽ പെട്ട ബിജെപി, ശിവസേന (ഷിൻഡെ) അംഗങ്ങളും ഈ ആവശ്യങ്ങൾ ഉന്നയിച്ചു എന്നതും ശ്രദ്ധേയമാണ്. 

നീതിപൂർവം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അനിവാര്യമായ മാതൃകാ പെരുമാറ്റച്ചട്ടം വികസന പ്രവർത്തനങ്ങൾക്ക് വിഘാതമാണെന്ന മോഡി സർക്കാരിന്റെ വാദഗതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെതന്നെ രംഗത്ത് വന്നിരുന്നു. ജെപിസി യോഗത്തിൽ പെരുമാറ്റച്ചട്ടം നിലനിർത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രതിപക്ഷ പാർട്ടികൾ അടിവരയിട്ടു. നിലവിൽ തുടർന്നുവരുന്ന വികസനപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിന് പെരുമാറ്റച്ചട്ടം ഒരു തടസമേയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇന്നത്തെ രീതിയിൽ സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആ സംസ്ഥാനങ്ങളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും തുടക്കമിടുന്നതിനും വളരെക്കുറഞ്ഞ, നിശ്ചിത കാലയളവിലേക്കുമാത്രമാണ് വികസനപ്രവർത്തനങ്ങൾ തടസപ്പെടുന്നത്. അതിനെ അനുപാതരഹിതമായി പെരുപ്പിച്ചുകാണിക്കാനാണ് മോഡി സർക്കാർശ്രമിക്കുന്നതെന്ന വിമര്‍ശനവും പ്രതിപക്ഷം യോഗത്തിലുയർത്തി. ജെപിസിയുടെ പ്രഥമയോഗം നൽകുന്ന സന്ദേശം വ്യക്തമാണ്, ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന മോഡി, ഷാ ദ്വയങ്ങളുടെയും ബിജെപി സംഘ്പരിവാർ വൃത്തങ്ങളുടെയും ലക്ഷ്യം സുഗമമായിരിക്കില്ല.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.