ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: അടുത്ത അജണ്ടയെന്ന് മോഡി

Web Desk
Posted on August 15, 2019, 11:24 am

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭരണഘടന എന്നതായിരുന്നു ലക്ഷ്യം. അത് സഫലീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവും സാക്ഷാത്കരിക്കാനായി. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതും നാം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

സ്വന്തം നേട്ടങ്ങളല്ല, രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യം. കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണ്. കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും നരേന്ദ്രമോഡി പറഞ്ഞു.
പ്രശ്‌നങ്ങളുടെ മേല്‍ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീര്‍ പുനസംഘടനക്ക് പിന്തുണ നല്‍കിയെന്നും മോദി പറഞ്ഞു.

കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവന്‍ പുതുതായി നിയമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സേന നവീകരണം അടക്കളുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുകയെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യ സൈനിക സംവിധാനങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയില്‍ നാം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണം. സമാധാനവും സുരക്ഷയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇവ രണ്ടും അനിവാര്യമായവയാണ്. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്നും മോഡി പറഞ്ഞു.