സജിനി ഒയറ്റി

February 12, 2020, 4:14 am

അതിജീവനത്തിന്റെ ഒരുമ

Janayugom Online

അവര്‍ ദൈവത്തെ ശപിച്ചിരിക്കാം. ഒരു ജന്മം പകുത്തു പകര്‍ത്തിയതിന്‌. അതൊരു വല്ലാത്ത കാലഘട്ടാമയിരിക്കും. അവനവന്‍ എന്ന സ്വത്വത്തില്‍ നിന്ന്‌ അറിയാതെ മറ്റൊരാളിലേക്ക്‌ മാറുമ്പോള്‍, എത്ര ഒളിച്ചു വെച്ചാലും ശരീര ഭാഷയിലൂടെ വീട്ടുകാരുടെ കണ്ണിലേക്ക്‌, പിന്നെ സമൂഹത്തിന്റെ കണ്ണിലേക്ക്‌ പടരുമ്പോള്‍ കിട്ടുന്ന പരിഹാസം, ഒറ്റപ്പെടുത്തല്‍, മര്‍ദ്ദനങ്ങള്‍, പട്ടിണിക്കിടല്‍, അവന്‍ എന്ന അവള്‍ റീനക്ക്‌ പറഞ്ഞാലും തീരുന്നില്ലായിരുന്നു. എവിടേക്കെന്നറിയാതെ ഓടിപ്പോയി രാത്രി ഒളിച്ചിരുന്ന്‌ രാവിലെ ഭ്രാന്തമായി നടന്നപ്പോള്‍ വിശക്കുന്നില്ലേന്ന്‌ ആരും ചോദിച്ചില്ല. എന്നാല്‍ കളിയാക്കാന്‍ ചൂണ്ടിക്കാട്ടിച്ചിരിക്കാന്‍ ഒരുപാടു പേരുണ്ടായി. പാലക്കാട്ടെ കളക്ട്രേറ്റിനുള്ളിലെ ‘ഒരുമ’ എന്ന സ്ഥാപനം ഒരു അതിജീവനത്തിന്റെ വലിയ കഥ പറഞ്ഞു തന്നു. അവര്‍ അഞ്ചു പേരായിരുന്നു. മീര (വെണ്ണക്കര), മഞ്ചു (ചിറ്റൂര്‍), സല്‍മ (കല്‍മണ്ഡപം), സുജി (പൊല്‍പ്പുള്ളി), മോനിപ (കല്ലേക്കാട്‌).

പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തകുമാരിയുടെ സാന്നിദ്ധ്യവും, ധൈര്യം, പകലും, ധന സഹായവും, ഒരുമ എന്ന കാന്റീന്‍ തുടങ്ങാന്‍ അവര്‍ക്ക്‌ ഉപജീവനത്തിന്റെ പാത തുറന്നു കൊടുത്തു. ആരുമാരും സ്‌നേഹിക്കാനില്ലാതെ സഹായിക്കാനില്ലാതെ, സ്വന്തം ശരീരം മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നു എന്ന്‌ ക്രൂരമായ സത്യം പറയാന്‍, കേള്‍ക്കാന്‍ ഒരു കാതില്ലാതെ അവന്‍ അല്ലെങ്കില്‍ അവള്‍ തെരിപിരികൊണ്ടിരുന്നു. ഇതാണ്‌ ഞങ്ങളെന്ന്‌ പറയാന്‍ അവര്‍ക്കിപ്പം മടിയില്ല, പേടിയില്ല. ജീവിതം പതറി പകുതിവെച്ച്‌ അവസാനിപ്പിക്കാനുള്ളതല്ലെന്ന്‌ ‘ഒരുമ’ നമ്മളെ പഠിപ്പിക്കുന്നു.

ജനനം മുതല്‍ മരണം വരെ അവഗണനകളും, അവഹേളനങ്ങളും, അവമതികളും ഭര്‍ത്‌സങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍ ഇന്ന്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയരുകയാണ്‌. ഒരു മുടിയിഴ കൊഴിയുമ്പോള്‍ മുഖത്തൊരു കുരുവരുമ്പോള്‍ അസ്വസ്ഥമാകുന്ന നമ്മള്‍ സൗന്ദര്യം എന്ന ആകാഴ്‌ചയില്‍ അത്രയേറെ പൂണ്ടു ജീവിക്കുന്ന തലമുറക്ക്‌ ഉടലഴകുകള്‍, നിറം, മുടി എന്നിവ സംരക്ഷിക്കാന്‍ മാത്രം ഒരുപാട്‌ പണം ചിലവാക്കുന്ന ഇന്നത്തെ പുതുലോകത്തിന്റെ മനസിന്‌ അവരെ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

തന്നില്‍ നിന്ന്‌ മറ്റൊരാളായി താന്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ അറിവിന്റെ കൈപ്പും ചവര്‍പ്പും കണ്ണുനീരിനോടൊപ്പം ആ പാവങ്ങള്‍ എത്ര ചവച്ചിറക്കിയിരിക്കും. ഇന്നവര്‍ ശക്തരാണ്‌, ഏതൊരു സാധാരണ പൗരന്റെ അവകാശങ്ങളൊക്കെ അവര്‍ക്കുമുണ്ട്‌. ജോലി സാധ്യതകളുണ്ട്‌. അംഗീകാരമുണ്ട്‌. ആണോ, പെണ്ണോ ആയി ഞങ്ങള്‍ക്കിഷ്‌ടമുള്ളപോലെ ജീവിക്കാം. അന്ധകാരമകന്ന്‌ വെളിച്ചത്തിന്റെ പൊന്‍ കിരണങ്ങള്‍, ഓരോ മുഖത്തു ഉദിച്ചിരുന്നു. നിങ്ങള്‍ ഞങ്ങളോട്‌ കാണിക്കുന്ന അടുപ്പം തന്നെയാണ്‌ ഏറ്റവും സന്തേഷമെന്ന്‌ അവര്‍ പറഞ്ഞു. ആ ഇഴയടുപ്പം പുതുജീവിതത്തിന്‌ വെള്ളവും വളവുമേകുന്നു, പിന്നെ വെളിച്ചവും.