മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ശുഭം ദീക്ഷിതി(27)നെയാണ് പൊലീസ് കഴിഞ്ഞദിവസം രാത്രി പിടികൂടിയത്.
കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതി പ്രണയാഭ്യർഥന നിരസിച്ചതോടെ യുവതിയുടെ സ്കൂട്ടറിന് ഇയാൾ തീയിട്ടെന്നും ഇതാണ് ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടാകാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ഇൻഡോർ വിജയ്നഗർ സ്വർണഭാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് പേർ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേർ ചികിത്സയിലാണ്.
ഏകദേശം മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.
തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ശുഭം ദീക്ഷിത് സ്കൂട്ടറിന് തീയിടുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചത്. കെട്ടിടത്തിന് തീപ്പിടിച്ചതോടെ സ്ഥലത്തുനിന്ന ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
English summary;One person has been arrested in connection with the incident that left seven people dead in Indore
You may also like this video;