Web Desk

ന്യൂഡല്‍ഹി

October 10, 2021, 8:51 pm

മൂന്നിലൊന്ന് വോട്ടര്‍മാര്‍ക്കും അമിത് ഷായില്‍ അതൃപ്തി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ക്ക് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയെന്ന് സര്‍വേ ഫലം. 32.8 ശതമാനം പേരാണ് അമിത് ഷായ്ക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടര്‍മാരില്‍ 31.2 ശതമാനം പേര്‍ അമിത് ഷായുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പരിധി വരെ മാത്രമാണ് യോജിപ്പ് രേഖപ്പെടുത്തിയത്. 

എബിപി-സിവോട്ടര്‍-ഐഎഎന്‍എസ് സര്‍വേയിലാണ് കേന്ദ്ര സര്‍ക്കാരിലെ ഏറ്റവും പ്രമുഖനായ മന്ത്രിയ്ക്കെതിരെയുള്ള വിയോജിപ്പുകള്‍ പ്രകടമായിരിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലെ 98,121 പേരാണ് സര്‍വേയില്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ ശ്രദ്ധാകേന്ദ്രമായ ഉത്തര്‍പ്രദേശില്‍ സര്‍വേയില്‍ പങ്കെടുത്ത 50,936 വോട്ടര്‍മാരില്‍ 37.6 ശതമാനം പേരാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ തൃപ്തരല്ലെന്ന് വെളിപ്പെടുത്തിയത്. 34.6 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണതൃപ്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 403 മണ്ഡലങ്ങളിലായാണ് ഇവിടെ സര്‍വേ നടത്തിയത്. 

പഞ്ചാബില്‍ 18,642 പേര്‍ പങ്കെടുത്ത സര്‍വേയില്‍ എട്ട് ശതമാനം പേര്‍ മാത്രമാണ് അമിത് ഷായില്‍ പൂര്‍ണ തൃപ്തരെന്ന് സമ്മതിച്ചത്. 53.7 ശതമാനം പേരും അസംതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ഷകപ്രക്ഷോഭത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന സമീപനമാകാം പഞ്ചാബിലെ വോട്ടര്‍മാരുടെ അഭിപ്രായത്തിന് സുപ്രധാന കാരണമായതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഗോവയില്‍ 31.9 ശതമാനം പേര്‍ മാത്രമാണ് ആഭ്യന്തര മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ തൃപ്തിയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ലഖിംപൂര്‍ കൂട്ടക്കുരുതിക്ക് കാരണം അജയ് മിശ്രയെന്ന് 60 ശതമാനം

ലഖിംപൂര്‍ ഖേരി സംഭവം ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ പ്രസ്താവനയാണ് ലഖിംപൂര്‍ ഖേരി സംഭവത്തിന് കാരണമായതെന്നും ഭൂരിപക്ഷം പേര്‍ക്കും അഭിപ്രായമുള്ളതായും എബിപി-സിവോട്ടര്‍-ഐഎഎന്‍എസ് സര്‍വേ കണ്ടെത്തുന്നു. 60.6 ശതമാനം പേരാണ് അജയ് മിശ്രയുടെ പ്രസ്താവനയാണ് കൂട്ടക്കുരുതിക്ക് കാരണമായെന്ന് വിലയിരുത്തുന്നത്. 

69.6 ശതമാനം പേരും വിശ്വസിക്കുന്നത് യുപിയുടെ പ്രതിച്ഛായ ലഖിംപൂര്‍ ഖേരി സംഭവത്തിലൂടെ മോശമായെന്നാണ്. ലഖിംപൂരിലെ കൂട്ടക്കുരുതി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് 59.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും ചിന്തിക്കുന്നവര്‍ 63.2 ശതമാനം വോട്ടര്‍മാരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 58.5 ശതമാനം പേരും കര്‍ഷകര്‍ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന് വിശ്വസിക്കുന്നുവെന്നും സര്‍വേ കണ്ടെത്തുന്നു. 

Eng­lish Sum­ma­ry : One third of the vot­ers are dis­sat­is­fied with Amit Shah

You may also like this video :