ശ്രീദേവി പട്ടാമ്പി

July 25, 2021, 4:41 am

ഒറ്റ വാക്ക്

Janayugom Online

ഒറ്റ വരിയിൽ
കവിതയെഴുതാമോന്ന്?
ഒറ്റ വരിയെന്തിന്?
ഒറ്റ വാക്കിൽ അതി മനോഹരമാ_
യെഴുതാവുന്ന കവിതയല്ലേ വിശപ്പ്
റേഷൻ കടയിലെ
നീണ്ട ക്യൂവിൽ
തിക്കിത്തിരക്കി കിട്ടിയ
ഏഴ് യൂണിറ്റ് അരി
തലേച്ചുമന്ന്
കുണ്ടനിടവഴിയിലെ ഇരുളിൽ
പിറുപിറുക്കുന്ന പ്രാന്തത്തി പാറുവിനെ
ഭയന്നോടി
പാടത്തെ അറ്റകഴായ താണ്ടി
കാലാഴം നോക്കി
തോട് മുറിച്ച് കടന്ന്
ഉച്ചയോടെ വീടണഞ്ഞ്
മുറ്റത്തെ അടുപ്പിൽ
കത്തുന്ന കരിയിലകൾക്കു മേലെ
കരിക്കലത്തിൽ കഴുകിയിട്ട
റേഷനരി തിളയ്ക്കുമ്പോൾ
പൊങ്ങുന്ന മണമല്ലെ
അക്കവിതയ്ക്ക്…?
പൊള്ളുന്ന പനിച്ചൂടിൽ
വീർത്ത കൺപോളകളെ
തുറക്കാനാവാതെ
നിലത്ത് വിരിച്ച പായയിൽ
നിന്നെഴുന്നേറ്റ്
ചുമരും ചാരിയിരുന്ന്
എത്രയൊക്കെ പാറ്റിക്കൊഴിച്ചിട്ടും
പോവാത്ത കണ്ണും കമ്പും കല്ലും
ചേർന്ന വൈക്കോൽ നെല്ലിന്റെ-
കയ്ക്കുന്ന പൊടിയരിക്കഞ്ഞി
കോട്ടിയ പ്ലാവിലക്കുമ്പിളിൽ കോരി
വായിലേയ്ക്കൊഴിച്ച് കൂടെ
അമ്മ നാവിൽ തേച്ച് തന്ന
ഉപ്പ്മാങ്ങയുടെ ഉപ്പ് രസമല്ലെ
അക്കവിതയ്ക്ക്…?
മണവും രസവും ചേർന്ന്
ഒറ്റവാക്കിലെഴുതാൻ കഴിയുന്ന
ഒറ്റക്കവിത വിശപ്പല്ലാതെ
മറ്റെന്താണ്?