നീരവ് മോഡി ഒരു വര്‍ഷം മുന്‍പേ എല്ലാ തെളിവുകളും നശിപ്പിച്ചു

Web Desk
Posted on March 22, 2019, 9:49 pm

13,500 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോഡിക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനിരിക്കുന്ന വേളയില്‍ ഇന്ത്യയെ ഞെട്ടിച്ചു പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു. സിബിഐ അന്വേഷണത്തിനു കൃത്യം ഒരു വര്‍ഷം മുന്‍പേ തന്നെ എല്ലാ ഡിജിറ്റല്‍ തെളിവുകളും നീരവ് മോഡി നശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

2017 ജനുവരിയില്‍ നീരവിന്റെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഈ റെയ്ഡിനു ശേഷം കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാനും സുപ്രധാനമായ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യാനും നീരവ് മോഡി നിര്‍ദേശം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പറയുന്നു.

സെര്‍വറുകള്‍ അടച്ചു പൂട്ടിയതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കാന്‍ ഏജന്‍സിക്ക് പ്രയാസമുളളതായും പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ഒരു സാക്ഷിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കി. ഇയാള്‍ നീരവിന്റെ കമ്പനിയുടെ ഐടി വിഭാഗത്തിന്റെ മാനേജരായിരുന്നുവെന്നാണു അറിയുന്നത്.

2017 ജനുവരിയില്‍ സിബിഐ നീരവിനെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണു കമ്പനിയില്‍ റെയ്ഡ് നടന്നത്. തുടര്‍ന്നാണു കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാന്‍ നീരവിന്റെ വിശ്വസ്തനും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനുമായ മിഹിര്‍ ബന്‍സാലി വഴി സാക്ഷിയായ മാനേജര്‍ക്കു നിര്‍ദേശം നല്‍കിയത്.

ഇമെയിലുകള്‍ എല്ലാം ഒരാഴ്ചയ്ക്കുളളില്‍ ഡിലീറ്റ് ചെയ്തു. ദുബായില്‍ നീരവ് മോഡിയും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനം നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചു. ഡേറ്റയുടെ ഏതെങ്കിലും തരത്തിലുളള പകര്‍പ്പുകള്‍ എടുത്തു സൂക്ഷിക്കുന്നത് ബന്‍സാലി വിലക്കിയതായും മാനേജര്‍ പറയുന്നു. വ്യക്തികളുടെ പേരില്‍ യൂസര്‍ ഐഡി നല്‍കുന്നതിനും കര്‍ശനമായ വിലക്കുണ്ടായിരുന്നു.

നീരവ് മോഡിയെ അറസ്റ്റ് ചെയ്തതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും നീരവ് മറ്റൊരു മല്യയാകുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയതിനു തൊട്ടുപിന്നാലെയാണു വെളിപ്പെടുത്തല്‍.

കിട്ടാക്കടം പഞ്ചാബ് നാഷനല്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു നീരവിന്റെ ആരോപണം. തിരിച്ചടയ്ക്കാനുള്ളത് 5000 കോടി രൂപയില്‍ താഴെ മാത്രമാണെന്നും ബാങ്കിന് നീരവ് മോഡി അയച്ച കത്തില്‍ അവകാശപ്പെട്ടിരുന്നു.

രത്‌നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോഡി, ബെല്‍ജിയത്തിലെ ആന്‍ഡ്‌വര്‍പ്പിലാണ് വളര്‍ന്നത്. വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ ചേര്‍ന്ന മോഡി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്‌നവ്യാപാര കമ്പനി രൂപീകരിച്ചു.
തീരദേശ നിര്‍മ്മാണ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി മഹാരാഷ്ട്രയില്‍ നീരവ് നിര്‍മിച്ച ബംഗ്ലാവ് അധികൃതര്‍ തകര്‍ത്തതിന്റെ പിറ്റേന്നാണ് ഇയാള്‍ ലണ്ടനിലുണ്ടെന്ന വിവരം പുറത്തുവന്നത്. മധ്യ ലണ്ടനിലെ ഹോള്‍ബോണില്‍നിന്നാണു സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരമുള്ള നടപടികളുടെ ഭാഗമായി ലണ്ടനിലെ കോടതി കഴിഞ്ഞയാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നു വന്‍തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ കഴിഞ്ഞവര്‍ഷം ജനുവരിയിലാണു നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇന്ത്യയില്‍നിന്നു മുങ്ങിയത്.