ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോൾ നിരാലംബരായി മാറിയ ജനതയെയാണ് ഇപ്പോൾ കശ്മീർ താഴ്വരയിൽ കാണാൻ കഴിയുന്നത്. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും, മേഖലയിൽ സമഗ്ര വികസനം നടപ്പാക്കും, കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ മോഡി സർക്കാരും സംഘപരിവാറും പറഞ്ഞിരുന്നത്. എന്നാൽ ഇതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല കശ്മീരികളുടെ കൈകളിലുണ്ടായിരുന്ന ഭൂമി കോർപ്പറേറ്റുകളുടെ കൈകളിലെത്തി. ഒരു വർഷം പിന്നിടുമ്പോൾ കശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയായി. കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ട ഇവർക്ക് ചികിത്സയില്ല, മറ്റ് സ്ഥലങ്ങളിലെ കുട്ടികൾ ഓൺലൈൻ സംവിധാനത്തിലൂടെ അധ്യയനം നടത്തുമ്പോൾ ഇന്റർനെറ്റ് നിയന്ത്രണം കാരണം വിദ്യാഭ്യാസം പോലും വിലക്കപ്പെട്ടിരിക്കുകയാണ്. ഇതാണ് ഇന്നത്തെ കശ്മീർ.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370,35 എന്നിവ റദ്ദാക്കിയത്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്തിരുന്ന മെച്ചപ്പെട്ട ജീവിതവും തൊഴിലും ഇനിയും ലഭിച്ചിട്ടില്ല. കൊറോണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച റേഷനും ധനസഹായവും ഇനിയും ലഭിച്ചില്ലെന്ന് ഉറി സ്വദേശിയായ മിർസ കാസിം പറയുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം പ്രഖ്യാപിച്ച സൗജന്യ റേഷൻ പോലും ലഭിച്ചിട്ടില്ല.കഴിഞ്ഞ മൂന്ന് മാസമായി റേഷൻ കടകളിൽ പോകുന്നെങ്കിലും ഫലമില്ലെന്നാണ് ദത്താ മന്ദിർ സ്വദേശികൾ പറയുന്നത്. ജീവിതസാഹചര്യങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ല.
പ്രദേശത്തെ റോഡുകൾ പോലും യാത്രാ യോഗ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തത് കാരണം ജനങ്ങൾ സ്വയം ചികിത്സയുമായി വീടുകളിൽ തുടരുന്നു. പലപ്പോഴും ചെറിയ ശസ്ത്രക്രിയകൾ വീടുകളിലും പള്ളികളിലും നടത്തേണ്ട അവസ്ഥയാണ് . നേരത്തെ തീവ്രവാദികളെ മാത്രം പേടിച്ചാൽ മതി. ഇപ്പോൾ തീവ്രവാദികളെയും കൊറോണയേയും പേടിക്കണം- ഉറി മെയിൻ റോഡിലെ പ്രദേശവാസി പറയുന്നു.
യുവാക്കൾക്ക് ജോലി നൽകുമെന്നാണ് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇപ്പോൾ തൊഴിലുമില്ല പ്രദേശത്ത് വികസനവുമില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലിങ് കാരണം വീടുകളിൽ അന്തിയുറങ്ങാൻ കഴിയുന്നില്ല. സുരക്ഷിതമായി അന്തിയുറങ്ങുന്നതിന് ബങ്കറുകൾ നിർമ്മിച്ച് നൽകണമെന്ന ആവശ്യത്തോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസംഗതയാണ് തുടരുന്നത്. കാര്യങ്ങൾ കഴിഞ്ഞ ഒരു വർഷമായി കൂടുതൽ സങ്കീർണമായി. കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ളവരുടെ വരവ് പ്രദേശത്തെ ജനസംഖ്യാ അനുപാതത്തെ പോലും മാറ്റിമറിക്കുന്നു. പുറത്ത് നിന്ന് വരുന്നവരോട് മത്സരിക്കാനുള്ള ശേഷിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഈ ശേഷിയില്ലായ്മ തന്നെയാണ് മോഡി സർക്കാർ ലക്ഷ്യമിട്ടതും. അടുത്ത വർഷമാകുമ്പോൾ കശ്മീരിന്റെ വിനോദസഞ്ചാര വ്യവസായ മേഖലകൾ എല്ലാം തന്നെ കോർപ്പേറ്റുകളുടെ കൈകളിലെത്തും.
Sub: One year since the abolition of the special status of Jammu and Kashmir
You may like this video also