Web Desk

ന്യൂഡൽഹി

December 16, 2020, 9:32 pm

ജാമിയ മിലിയ പൊലീസ് അതിക്രമത്തിന് ഒരാണ്ട്; വിദ്യാർത്ഥികൾക്കെതിരെയുള്ള വേട്ടയാടൽ തുടരുന്നു

Janayugom Online

ജാമിയ മിലിയ പൊലീസ് അതിക്രമത്തിന് ഒരാണ്ട് തികയുമ്പോഴും വിദ്യാർത്ഥികൾക്കെതിരെയുള്ള ഡൽഹി പൊലീസിന്റെ വേട്ടയാടൽ തുടരുകയാണ്. ഒരു സർവകലാശാല ക്യാമ്പസിന് അകത്ത് കയറി പൊലീസ് നരനായാട്ട് നടത്തിയിട്ടും കേസിൽ സമഗ്രമായ ഒരു അന്വേഷണവും നടത്താൻ ഭരണകൂടം തയ്യാറായിട്ടില്ല. 2019 ഡിസംബർ 15 നാണ് ജാമിയ മിലിയ സർവകലാശാലയിൽ പൊലീസ് അതിക്രമം നടന്നത്. അക്രമത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് തലയ്ക്ക്‌ പരിക്കേൽക്കുകയും ഒരു വിദ്യാർത്ഥിക്ക് ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മറ്റ് ചില വിദ്യാർത്ഥികൾക്ക് അസ്ഥി ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു. പെൺകുട്ടികൾക്കും പൊലീസിന്റെ മർദ്ദനമേറ്റിരുന്നു. കൂടാതെ, ലൈബ്രറിയുടെ ജനാലകൾ, സിസിടിവി ക്യാമറകൾ, ക്യാമ്പസിൽ പാർക്ക് ചെയ്തിരുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾ എന്നിവയും പൊലീസ് അടിച്ച് തകർത്തിരുന്നു. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.

അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പുറത്ത് നിന്നെത്തിയവരും പൊലീസുമാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയതാണ്. സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവത്തിന് ശേഷം നിരവധി വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

സുപ്രീം കോടതിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. പക്ഷേ തുടരെ തുടരെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തുകൊണ്ടുള്ള പൊലീസിന്റെ നിരന്തര വേട്ടയാടലായിരുന്നു നടന്നിരുന്നത്. ലോക്ഡൗണിനെ മറയാക്കിയും പൊലീസ് നിരവധി വിദ്യാർത്ഥികളെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെടുന്നവരെ തിരഞ്ഞു പിടിച്ചായിരുന്നു പൊലീസിന്റെ പ്രതികാര നടപടി. ഏറ്റുമുട്ടൽ അന്വേഷണം സംബന്ധിച്ച സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഒരു നടപടിക്രമങ്ങളും ജാമിയ കേസിൽ നടന്നിട്ടില്ലെന്ന് വ്യക്തമാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകണമെന്നും അവരുടെ മൊഴികൾ ഒരു മജിസ്‌ട്രേറ്റ് അല്ലെങ്കിൽ മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണമെന്നും ഈ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മറ്റൊരു ഏജൻസിയുടെയോ പൊലീസ് സ്റ്റേഷന്റെയോ സ്വതന്ത്രമായ അന്വേഷണത്തിനും അന്വേഷിക്കുന്നവരുടെ നിഷ്പക്ഷതയെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പങ്കാളിത്തത്തോടെയുള്ള അന്വേഷണവും നടത്തണമെന്ന് മാർഗനിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ വരുത്തുകയും ലൈബ്രറിയിൽ കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചതിനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ജൂണിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ നടപടികൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച ഡൽഹി പൊലീസ് എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ജനാധിപത്യ രാജ്യത്ത് പ്രതികരിച്ചതിന്റെ പേരിൽ കുറ്റാരോപിതരായി നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. അതിക്രമം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസിന്റെ വേട്ടയാടൽ തുടരുകയാണ്.

Eng­lish sum­ma­ry; One year to Jamia Mil­lia police brutality

You may also like this video;