19 April 2024, Friday

Related news

April 8, 2024
February 21, 2024
February 14, 2024
February 14, 2024
January 26, 2024
January 23, 2024
January 7, 2024
November 16, 2023
November 16, 2023
August 11, 2023

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ഒരു വയസ്; ഭരണകൂടഭീകരതയ്ക്കെതിരെ 27 ഭാരത് ബന്ദ്

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2021 11:44 am

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഒരു വര്‍ഷമാകുന്നു. കാർഷികോൽപ്പന്ന വ്യാപാര–വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) 2020, കർഷക ശാക്തീകരണ, സംരക്ഷണം 2020, അവശ്യവസ്‌തു നിയമഭേദഗതി നിയമം 2020 എന്നിവയാണ് മൂന്നു കാര്‍ഷക വരുദ്ധബില്ലുകള്‍. 2020 സെപ്റ്റംബറിൽ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് നടക്കുന്നത്.  കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം പ്രതിസന്ധികളെയും ഭരണകൂട ഭീകരതകളെയും അതിജീവിച്ച് മുന്നേറുകയാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് നമ്മുടെ മഹാത്മാവാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗവും സമ്പദ്ഘടനയുടെ നട്ടെല്ലും കൃഷിയാണ്. രാജ്യസുരക്ഷയുടെ അടിസ്ഥാനം ഭക്ഷണമുല്ദി‍പ്പിക്കുന്ന കര്‍ഷകരുമാണ്. എന്നാല്‍ നിയോലിബറല്‍ മുതലാളിത്തത്തിന്റെ പരിചാരകനായ മോഡി കര്‍ഷകരെയും കൃഷിയെയും കോര്‍പറേറ്റുവത്കരിക്കുകയാണ് ചെയ്യുന്നത്.

 


ഇതുകൂടി വായിക്കൂ: തളരാതെ കര്‍ഷകര്‍; വെള്ളക്കെട്ടിലും പ്രതിഷേധം തുടരുന്നു


 

ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൃഷിയും കര്‍ഷകരും നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ചോരവറ്റി വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചയാണിന്ന് രാജ്യം ദര്‍ശിക്കുന്നത്. കൃഷിത്തകര്‍ച്ചയും വിളനഷ്ടവും കടക്കെണിയും കൊടും പട്ടിണിയും ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും അതേത്തുടര്‍ന്നുള്ള കൂട്ടപ്പലായനങ്ങളും ആത്മഹത്യകളും നിത്യസംഭവങ്ങളായിരിക്കുന്നു. അപ്പോഴും പൗരന്മാരോട് കൊഞ്ഞനംകുത്തുകയാണ് ഭരണകൂട സംവിധാനങ്ങള്‍. വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നയങ്ങള്‍ക്കൊപ്പം ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും സാമ്പത്തിക അരാജകത്വത്തിന്റെയും മുന്‍ഗണനാ അട്ടിമറിയുടെയും കെടുതികള്‍ വേറെ.രാജ്യാതിര്‍ത്തിയില്‍ 2020 നവംബര്‍ 26നാണ് ദേശീയ പാതകള്‍ ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധത്തിന് കര്‍ഷകര്‍ തുടക്കമിട്ടത്.നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട്‌ ഒരു വർഷം തികയുന്ന 27ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് രാജ്യവ്യാപക പിന്തുണയാണ് ലഭിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: രാജ്യത്തെ ജനകീയ പോരാട്ട ചരിത്രത്തില്‍ ഇടം  നേടി മുസാഫര്‍ നഗര്‍  കര്‍ഷക റാലി 


 

കർഷകത്തൊഴിലാളി സംഘടനകളും ട്രേഡ്‌ യൂണിയനുകളും പ്രതിപക്ഷ രാഷ്ട്രീയപാർടികളും പിന്തുണ പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകളിലേക്കുള്ള കര്‍ഷകഒഴുക്ക് ബിജെപിക്ക് തലവേദനയായി. പ്രതികൂല കാലാവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും അതിജീവിച്ച്‌ മുന്നേറുന്ന പ്രക്ഷോഭത്തില്‍ അറുനൂറിൽപ്പരം കർഷകർക്കാണ്‌ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്‌.കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമങ്ങള്‍ പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി. ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– ‑ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി.

 


ഇതുകൂടി വായിക്കൂ: രാഷ്ട്രീയ സമരരൂപം കൈവരിക്കുന്ന കര്‍ഷക പ്രക്ഷോഭം


 

രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ ഭാരതീയ കിസാന്‍ സംഘും രംഗത്തുണ്ട്.നോട്ടു നിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി തുടങ്ങിയ അനുഭവങ്ങൾ രാജ്യം കണ്ടതാണ്. പാർലമെന്റ് പാസാക്കിയ വിവാദമായ മൂന്ന് കർഷക ബില്ലുകളുകളുടെ കാര്യത്തിലും അതു തന്നെ. ബില്ലിലെ വ്യവസ്ഥകൾ കർഷകർക്ക് ഏറെ ദോഷകരമാണ്.വൻകിട കുത്തകകളുടെയും റീട്ടെയിൽ ഭീമന്മാരുടെയും ചൊൽപ്പടിയിലാകുന്നു. അതിന്റെ പ്രതിഫലനമാണ് പഞ്ചാബിലും ഹരിയാനയിലും തുടങ്ങി, ക്രമേണ രാജ്യം മുഴുവൻ പടരുന്ന കർഷക പ്രക്ഷോഭത്തിനു കാരണം.കർഷകരെ കെണിയിലാക്കി കുത്തകകൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ സർക്കാർ വഴിയൊരുക്കിയിരിക്കുകയാണ്.

 

Eng­lish Sum­ma­ry: One year to the farmer agi­ta­tion in the country;\

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.