Janayugom Online
wcc

അവള്‍ക്കൊപ്പം ഒരു വര്‍ഷം

Web Desk
Posted on June 07, 2018, 9:30 pm

ഗീതാനസീര്‍
ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടി 2017 ഫെബ്രുവരി 17ന് കാറില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. എന്നാല്‍ അന്നുവരെ കേരളത്തില്‍ സംഭവിക്കാത്ത ഒന്ന് പിറ്റേന്ന് നടന്നു. ലൈംഗിക പീഡനത്തിന് താന്‍ ഇരയായെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പൊലീസില്‍ പരാതി നല്‍കി. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും വീടുകള്‍ക്കകത്തും ഈ നിമിഷവും പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നവരെക്കുറിച്ച് ആരറിയുന്നു. നടി പരാതി നല്‍കുന്നതുവരെ ഇവിടെ ഒരു സ്ത്രീയും അത്തരമൊരു പരാതി പരസ്യമായി നല്‍കാന്‍ തയാറായിട്ടില്ല. ഇപ്പോഴും ആ ധൈര്യം സ്ത്രീകള്‍ക്ക് വന്നിട്ടില്ല. ഇരകളാക്കപ്പെടുന്നവരുടെ മൗനം, ഭയം, കീഴടങ്ങല്‍ ഇവ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് കൊടിയ ക്രിമിനലുകളേയും മുഖംമൂടിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടകാരികളേയുമാണ്. ഈ സത്യം സ്ത്രീസമൂഹം തിരിച്ചറിയാതെ പോകുന്നു. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നതില്‍ സംശയമില്ല. സ്ത്രീയെ അടിച്ചമര്‍ത്തുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ഇത്തരം തുറന്ന് പറച്ചിലുകള്‍ സ്ത്രീകളെ തിരിഞ്ഞുകൊത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ലൈംഗിക പീഡനം നടത്തുന്നത് ഒന്നുകില്‍ സമൂഹത്തിലെ പ്രബലര്‍, സ്വാധീനശക്തിയുള്ളവര്‍ അല്ലെങ്കില്‍ ഏറ്റവും അടുത്തബന്ധു അച്ഛനടക്കമുള്ളവര്‍. ആദ്യത്തേതില്‍ പൊലീസും നീതിപാലകരും ഭരണകൂടവും മാഫിയകളും കൈകോര്‍ക്കുമെങ്കില്‍ രണ്ടാമത്തേതില്‍ രക്തബന്ധത്തിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ പെണ്‍കുട്ടികളേയും അവരുടെ അമ്മമാരേയും കുടുക്കിയിടും. ഈ ഒരു സാമൂഹ്യപശ്ചാത്തലത്തിലാണ് പ്രശസ്തിയും മാസ്മരികതയും പകിട്ടുമുള്ള മേഖലയില്‍ നിന്ന് ഒരു ചലച്ചിത്രനടി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.
പൊതുസമൂഹത്തെ ഈ തുറന്നുപറച്ചില്‍ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ആ ഞെട്ടലില്‍ പിറന്നുവീണ സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഡബ്ല്യുസിസി എന്ന ചലച്ചിത്രരംഗത്തെ സ്ത്രീകളുടെ സംഘടന. ഇന്നാസംഘടന ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അവള്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായാണ് അവര്‍ രംഗത്ത് വരുന്നത്. ഡബ്ല്യുസിസിക്ക് പിന്തുണയുമായി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ എന്‍ഡബ്ല്യുഎംഐ, മറ്റ് സ്ത്രീസംഘടനകള്‍, പൊതുസമൂഹമാകെ മുന്നിട്ടിറങ്ങി. തൊഴില്‍ സ്ഥലത്തുനിന്നും കാറില്‍ മടങ്ങുന്ന നടിയെ കാറില്‍വച്ച് ആറോളം പേര്‍ ചേര്‍ന്ന് അതിക്രൂരമായി ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവം മനസാക്ഷിയുള്ള ആരുടേയും കരളലിയിക്കുന്നതായിരുന്നു. തന്റെ ദുരനുഭവം തുറന്നു പറയാന്‍ നടി തയാറായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നേനേ അവരുടെ ജീവിതം? ആ ക്രൂരത കാട്ടിയവര്‍ക്ക് അവരുടെ മൗനം നല്‍കുമായിരുന്ന ആത്മധൈര്യവും വിജയാര്‍മാതവും നാളെ മറ്റൊരു നടിക്കുനേരെ തിരിയാന്‍ പ്രേരണ നല്‍കുമെന്ന കാര്യം ഉറപ്പല്ലേ? അവള്‍ക്കൊപ്പമല്ലാതെ ആര്‍ക്കൊപ്പമാണ് സമൂഹത്തിന് നില്‍ക്കാനാകുക?
ഡബ്ല്യുസിസി ഒരു നിമിഷം കളയാതെ കേസില്‍ ഇടപെട്ട് നീതിക്കായി സര്‍ക്കാരിനെ സമീപിച്ചതോടെയാണ് ചിത്രം മാറിമറിഞ്ഞത്. ചലച്ചിത്രരംഗത്തെ സ്ത്രീപ്രവര്‍ത്തകര്‍ക്കായി രൂപംകൊണ്ട സംഘടനയ്ക്ക് ഇതോടെ പരാതിയുടെ കുത്തൊഴുക്കായിരുന്നു. പരസ്യമായി പറയാന്‍ കഴിയാതിരുന്ന വിങ്ങലുകളും നേരിട്ട അപമാനങ്ങളുടെ സങ്കടക്കടലും പതുക്കെ പതുക്കെ അനാവരണം ചെയ്യാന്‍ തുടങ്ങി. മാടമ്പി സംസ്‌കാരം പുലര്‍ത്തിയ ചലച്ചിത്ര സംഘടനകള്‍ക്ക് ഈ നീക്കം അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എങ്കിലും എതിര്‍പ്പ് പുറത്തുകാണിക്കാതെ മാന്യന്മാരാകാന്‍ നിര്‍ബന്ധിതരായി. അവര്‍ തട്ടിക്കൂട്ടിയ മറ്റൊരു സ്ത്രീസംഘടന കടലാസുസംഘടനയായി നിപതിച്ചു.
പണാധിപത്യം അടക്കിവാഴുന്ന സിനിമാലോകത്ത് യാതൊരു തൊഴില്‍ നിയമങ്ങളോ, വ്യവസ്ഥാപിത നിയന്ത്രണങ്ങളോ ഇന്നുവരെ ഉണ്ടായിട്ടില്ല. സാങ്കേതിക തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അക്കൗണ്ടബിലിററി കൊണ്ടുവരാന്‍ സംവിധായകന്‍ വിനയന്റെ നേതൃത്വത്തില്‍ നടന്ന നീക്കം മാത്രമാണ് ഇക്കാര്യത്തില്‍ സംഭവിച്ച ഒരു പരിശ്രമം. തിലകനെപ്പോലുളള മഹാനടന്മര്‍ ചലച്ചിത്രരംഗത്ത് പുലരുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത് ആ മേഖലയിലെ ആഭ്യന്തര അന്തരീക്ഷം അത്രത്തോളം മൂല്യച്യുതി നിറഞ്ഞതായതുകൊണ്ടാണ്. വന്‍താരങ്ങള്‍ നിര്‍മാതാക്കളായതോടെ ചലച്ചിത്രമേഖല അടക്കിവാഴുന്ന ആധിപത്യസ്വഭാവം അതിന് കൈവന്നു. നായകന് ചുറ്റും തിരിയുന്ന നായികമാര്‍ കാലക്രമത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. കൊള്ളലാഭം ഹരം പിടിപ്പിച്ച കലാലോകത്തുനിന്നും കലയും കലയുടെ സാമൂഹ്യഉത്തരവാദിത്തവും അപ്രത്യക്ഷമായി. പകരം വന്ന ആധിപത്യസംസ്‌കാരം സ്ത്രീ പ്രവര്‍ത്തകരെ വെറും ഉപഭോഗവസ്തുവായി കാണാന്‍ തുടങ്ങി. ഇവയുടെയൊക്കെ ബഹിര്‍ഗമനമാണ് നടിയുടെ സംഭവത്തിലൂടെ നാം കണ്ടത്.
ചലച്ചിത്രമേഖലയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡബ്ല്യുസിസി അക്കമിട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് ജസ്റ്റിസ് ഹേമ ചെയര്‍മാനായി ഒരന്വേഷണ കമ്മിഷന്‍ നിലവില്‍വന്നു. ചലച്ചിത്ര നടി ശാരദ, കെ ബി വത്സലകുമാരി എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി പക്ഷേ ഈ ദിശയിലേക്ക് കാര്യമായി ഒന്നും തന്നെ ചെയ്യുകയുണ്ടായില്ല. ഒരു വര്‍ഷമായിട്ടും നിര്‍ജീവാവസ്ഥയില്‍ കഴിയുന്ന കമ്മീഷന്റെ പ്രസക്തി ഡബ്ല്യുസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പലരും ചോദ്യം ചെയ്യുകയുണ്ടായി. ലോകത്തുതന്നെ ആദ്യമായാണ് ചലച്ചിത്രരംഗത്തെ സ്ത്രീകളുടെ പ്രശ്‌നം പഠിക്കാനൊരു കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്. കമ്മിഷന്റെ പ്രവര്‍ത്തനം ശക്തമാക്കുക എന്നതാണ് ഡബ്ല്യുസിസിയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഒപ്പം തൊഴില്‍ മേഖലയില്‍ തുല്യജോലിക്ക് തുല്യവേതനം, അക്കൗണ്ടബിലിറ്റി, ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കല്‍ തുടങ്ങിയവയില്‍ പൊതുധാരണയും ചട്ടങ്ങളും ഉണ്ടാക്കേണ്ടതുമുണ്ട്. സംഘടനാ വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പുനര്‍വായന സംവാദത്തില്‍ ഭാവിപരിപാടികളെപ്പറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. ഒട്ടും സ്ത്രീസൗഹൃദമല്ലാത്ത സാഹചര്യത്തില്‍ രൂപംകൊണ്ട സംഘടന എന്ന നിലിയല്‍ ഇപ്പോഴും ആ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല എന്ന തിരിച്ചറിവാണ് അംഗങ്ങള്‍ പങ്കുവച്ചത്. ജൂണില്‍ നടക്കുന്ന അമ്മ ജനറല്‍ബോഡി യോഗത്തില്‍ വനിതാ ഘടകം എന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷ ഇവര്‍ പ്രകടിപ്പിച്ചു. സ്ത്രീസൗഹൃദ സിനിമകള്‍ക്ക് ബദല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും സംഘടനയുടെ ആലോചനയിലുണ്ട്.