വധൂവരൻമാർക്ക് വിവാഹത്തിന് ലഭിച്ചത് വിലപിടിപ്പുള്ള സമ്മാനം: അറിഞ്ഞ് ചെലവാക്കണമെന്ന് സോഷ്യൽ മീഡിയ

Web Desk
Posted on December 02, 2019, 9:18 pm

തിരുവനന്തപുരം: സ്വർണ്ണത്തേക്കാൾ വിലപിടിപ്പുള്ള വസ്തുവായി മാറിയിരിക്കുകയാണ് ഇന്ന് ഉള്ളി. നൂറിന് മുകളിൽ ഉള്ളിവില പോയതോടെ പലരും ഉള്ളി ലോക്കറിൽ വരെ വെച്ചതായി വാർത്തകൾ വന്നു. ഇപ്പോഴിതാ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉള്ളിയും വന്നിരിക്കുകയാണ്. ഫേസ്ബുക്കിലെ ‘ജിഎന്‍പിസി’ എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള,ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. നാടെങ്ങും ഉള്ളി വില കുതിച്ചുയരുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉള്ളി വിലപിടിപ്പുള്ള വസ്ത്തുക്കളുടെ ഗണത്തിൽപ്പെട്ടിരിക്കുന്നത്.

you may also like this video


പല ഹോട്ടലുകളും ഉള്ളി ഉപയോഗിച്ചുള്ള വിഭവങ്ങൾ തന്നെ ഒഴിവാക്കിയിരിക്കുകയാണ്. വിവാഹത്തിന് സമ്മാനമായി ഉള്ളി നൽകിയതിനെ കുറിച്ച് നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്. ‘ഇത്രയും ആര്‍ഭാടമോ’ എന്നാണ് പലരും നര്‍മ്മത്തോടെ ചോദിക്കുന്നത്. ‘ധൂർത്ത് അൽപ്പം കൂടുന്നുണ്ട്’ എന്നാണ് മറ്റ് ചിലരുടെ കമന്‍റ്. ‘പണത്തിന്റെ അഹങ്കാരം’ എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി. എന്തായാലും സംഭവം വൈറലായി. ഇതുവരെ 43000 പേര്‍ പോസ്റ്റിന് ലൈക്കും ചെയ്തു. ഇനി സ്വർണ്ണമൊക്കെ രണ്ടാസ്ഥാനത്തേക്ക് തഴയപ്പെടുമെന്നും ഉള്ളിക്കായാകും ഏവരും പണം സ്വരുക്കൂട്ടുക എന്നുമാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.