September 29, 2022 Thursday

Related news

July 17, 2021
April 22, 2021
December 18, 2020
November 3, 2020
November 1, 2020
October 31, 2020
October 30, 2020
October 23, 2020
October 23, 2020
October 22, 2020

രാജ്യത്ത് വില കുതിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
November 1, 2020 10:40 pm

രാജ്യത്ത് വിലക്കയറ്റം തുടരുന്നു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാ ഉല്പന്നങ്ങളിലും അനിയന്ത്രിതമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയും കാലം തെറ്റിയുള്ള മഴയുമാണ് ഉള്ളി, ഉരുളക്കിഴങ്ങിന്റെയും വില വർധിക്കാൻ കാരണമായതെന്നാണ് കേന്ദ്ര വാദം. എന്നാൽ ഉളളിയും ഉരുളക്കിഴങ്ങും മാത്രമല്ല കാരറ്റ്, വഴുതന, ക്വാളിഫ്ലവർ, കാബേജ്, വെണ്ട, കോവൽ, മത്തൻ, ബീൻസ്, പച്ചമുളക്, ഇലവർഗങ്ങൾ തുടങ്ങി എല്ലായിനം പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണെന്നതാണ് വാസ്തവം. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിക്കുകയും കച്ചവടക്കാർക്ക് സംഭരണപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. വിലക്കയറ്റം തടയുന്നതിനുള്ള നയങ്ങളുടെ ഭാഗമായി ഡിസംബർ 31 വരെ മൊത്തക്കച്ചവടക്കാർക്കും ചില്ലറ വില്പനക്കാർക്കും സൂക്ഷിക്കാവുന്ന ഉള്ളിയുടെ അളവ് യഥാക്രമം 25, 2 മെട്രിക് ടണ്ണുാണ്.

എന്നാൽ ഉള്ളിയുടെ വിലയിൽ കുറവുണ്ടായില്ലെന്നു മാത്രമല്ല സാധാരണക്കാരൻ പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന എല്ലായിനം ഉല്പന്നങ്ങൾക്കും വില ഉയരുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ മാത്രം മഹാരാഷ്ട്രയിലെ സംഭരണശാലകളില്‍ നിന്നും സാധാരണയേക്കാൾ 50 ശതമാനം അധികം ഉള്ളിയാണ് വിതരണം ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ കാലയളവിൽ തന്നെ സംസ്ഥാനത്തെ സംഭരണശാലകളില്‍ എത്തിച്ച ഉള്ളിയിലും വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെ താരതമ്യപ്പെടുത്തിയാൽ സെപ്റ്റംബറിൽ മാത്രം 53.17 ശതമാനം വർധനവാണ് ഇതിലുണ്ടായത്. എന്നിട്ടും അനിയന്ത്രിതമായ വിലക്കയറ്റമാണ് ഉള്ളിവിലയിൽ ഉണ്ടായിരിക്കുന്നുയെന്നതാണ് ശ്രദ്ധേയം. വിതരണം നാല് ശതമാനം കുറഞ്ഞാൽ പോലും വിലക്കയറ്റത്തിൽ 400 ശതമാനം വർധനവുണ്ടാകുന്നതാണ് കണ്ടുവരുന്നതെന്ന് കാർഷിക നയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാർ കുറഞ്ഞ വിലയ്ക്കുവാങ്ങി ഉല്പന്നങ്ങൾ സംഭരിക്കുന്നു. പിന്നീട് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇവ ഉയർന്ന വിലയ്ക്കു വിൽക്കുകയും ചെയ്യുന്നതുമാണ് വിലക്കയറ്റത്തിന്റെ മറുവശം എന്നാണ് ഇവർ പറയുന്നത്.

അഞ്ച് വർഷത്തിന് മുമ്പ് ശരാശരി ഉള്ളിവില കിലോയ്ക്ക് 25.87 രൂപ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 55.60 ആയി എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി ഉള്ളി വിലയിൽ 100 ശതമാനം വർധനവാണ് ഉണ്ടായതെന്നും ഇതിൽനിന്നും സ്പഷ്ടമാണ്. മുട്ട, മത്സ്യം എന്നിവയുടെ വിലയിൽ സെപ്റ്റംബറിൽ 17.4 ശതമാനം വര്‍ധനവുണ്ടായി. ഓഗസ്റ്റിൽ ഇത് 15.9 ശതമാനം ആയിരുന്നു. ലോക്ഡൗണിന്റെ തുടക്കത്തിൽ ഒരു കിലോ ഉരുളക്കിഴങ്ങും ഉള്ളിയും 15–20 രൂപ നിരക്കിലാണ് ലഭിച്ചിരുന്നത്.

എന്നാൽ ഇന്നിത് വില 60, 80 എന്ന നിലവാരത്തിലേക്ക് എത്തി. 2019 നവംബറിനേക്കാൾ 92 ശതമാനം വർധനവാണ് ഉരുളക്കിഴങ്ങിന്റെ വിലയിലുണ്ടായിരിക്കുന്നത്. സാധാരണക്കാരന്റെ ദൈനംദിന ഭക്ഷ്യവസ്തുക്കളിലെ അവശ്യഘടകങ്ങളായ പരിപ്പ്, സവാള, ഉള്ളി, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ളവയുടെ വില വർധവ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല. ഭക്ഷ്യോല്പന്നങ്ങൾ കൂടാതെ അവശ്യ മരുന്നുകളുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് സാധാരണക്കാരന്റെ ആരോഗ്യ സംരക്ഷണ ചെലവുകൾ വർധിപ്പിച്ചു. ആരോഗ്യ മേഖലയിലെ ചെലവുകൾ താങ്ങാനാവാത്തതിനാൽ ഇന്ത്യയിൽ പ്രതിവർഷം 55 ലക്ഷം ജനങ്ങൾ ദരിദ്രരാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ജിഡിപിയിലെ 1.3 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കുന്നത്.

Eng­lish sum­ma­ry;  onion hike prize

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.