ഉള്ളിക്ക് തീവില; സംഭരണത്തിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ

റെജി കുര്യന്‍

ന്യൂഡല്‍ഹി

Posted on October 23, 2020, 10:50 pm

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു. വിലനിയന്ത്രണത്തിന് സത്വര നടപടികളുമായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും രംഗത്തെത്തിയെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താനായിട്ടില്ല.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വില കിലോഗ്രാമിന് 100 രൂപയ്ക്ക് മുകളിലാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വില ഉയർന്നുനിൽക്കുകയാണ്. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 11 രൂപയുണ്ടായിരുന്ന വിലയാണ് 100 രൂപയ്ക്ക് മുകളിലേയ്ക്ക് കുതിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ ഇതേസമയത്തെ വിലയിൽ നിന്നും 22.50 ശതമാനം വർധനയും ഉണ്ടായതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഉത്തരേന്ത്യയിൽ ഉത്സവസീസണായതിനാൽ ഉപഭോഗം വർധിക്കുമെന്നുകണ്ട് കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് ഇടനിലക്കാർ വാങ്ങിസംഭരിച്ച ഉള്ളി കൂടിയ വിലയ്ക്കു വിൽക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. വിലവര്‍ധന പിടിച്ചു നിര്‍ത്താൻ പൂഴ്‌ത്തി‌വയ്പ്പും കരിഞ്ചന്തയും തടയാനുള്ള നടപടികളുടെ ഭാഗമായി മൊത്ത വിതരണക്കാര്‍ക്ക് 25 മെട്രിക് ടണ്ണും ചില്ലറ വ്യാപാരിക്ക് രണ്ട് മെട്രിക് ടണ്ണും സ്റ്റോക്ക് മാത്രമേ ഇന്നു മുതല്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളൂ. ഉപഭോക്തൃ വകുപ്പു സെക്രട്ടറി ലീനാ നന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന സര്‍ക്കാര്‍ വാദത്തിനും കൂടിയാണ് സവാള വിലവര്‍ധനയോടെ തിരിച്ചടിയേൽക്കുന്നത്. കരിഞ്ചന്തക്കാര്‍ക്കും പൂ‌ഴ്‌ത്തിവയ്പ്പുകാര്‍ക്കും അളവിന്റെ ക്രമം നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം ഇതാണ് വ്യക്തമാക്കുന്നത്. ഒപ്പം കോര്‍പറേറ്റുകള്‍ക്കായി കേന്ദ്രം അവതരിപ്പിച്ച് പാസ്സാക്കിയ ബില്ലുകള്‍ മോഡി സര്‍ക്കാരിനു തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ സവാള വില സ്ഥിരതയ്ക്കായി അവരുടെ ആവശ്യം കണക്കിലെടുത്ത് കേന്ദ്രം 35,000 മെട്രിക് ടണ്‍ സവാള വിതരണം ചെയ്തുവെന്നും ഒരു ലക്ഷം മെട്രിക് ടണ്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ കരുതലായുണ്ടെന്നും ലീന നന്ദന്‍ വ്യക്തമാക്കി. വിപണിയില്‍ നേരിട്ട് സവാള എത്തിക്കുന്നതിനു പകരം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം നടത്തി വില നിലവാരം പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സെക്രട്ടറി പറഞ്ഞു.

രാജ്യത്തെ സവാള കൃഷി ഏറ്റവും അധികം നടക്കുന്നത് യഥാക്രമം മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം സവാള ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തക്കച്ചവടവും ഇവിടെയാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പ്രളയം സവാള കര്‍ഷകരെയും പ്രതികൂലമായി ബാധിച്ചതോടെയാണ് രാജ്യത്തെ സവാള വിലയില്‍ വന്‍ കുതിപ്പുണ്ടായത്.

25 ടൺ കേരളത്തിലെത്തി

തിരുവനന്തപുരം: ഉള്ളിവില പിടിച്ചുനിർത്താൻ നാഫെഡിൽ നിന്ന് സവാളയെത്തിച്ച് സംസ്ഥാന സർക്കാർ. ആദ്യഘട്ടമായി മഹാരാഷ്ട്രയിൽ നിന്ന് 25 ടൺ കഴിഞ്ഞദിവസം കേരളത്തിലെത്തി. 200 ടൺ സവാളയാണ് കൃഷിവകുപ്പ് ഇറക്കുമതി ചെയ്യുന്നത്.

കേന്ദ്രസർക്കാരിലേയും നാഫെഡിലേയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി വി എസ് സുനിൽകുമാർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇറക്കുമതിക്കുള്ള തീരുമാനമുണ്ടായത്. തിരുവനന്തപുരത്ത് ആനയറ വേൾഡ് മാർക്കറ്റിൽ എത്തിച്ച സവാള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് വിതരണം ചെയ്തത്. ഹോർട്ടികോർപ്പിന്റെ കീഴിലുള്ള സ്റ്റാളുകളിലൂടെ കിലോയ്ക്ക് 45 രൂപാ നിരക്കിൽ സവാള ലഭ്യമാകും.

രാഷ്ട്രീയ ആയുധമാകും

രാജ്യത്ത് സവാള വിലയില്‍ ഉണ്ടായ വന്‍ വര്‍ധനവ് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുമോ എന്നത് പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിത്. തെക്കേ ഇന്ത്യയ്ക്കപ്പുറം രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉരുള കിഴങ്ങ്, സവാള, തക്കാളി എന്നീ മൂന്നു ഭക്ഷ്യ ഉല്പന്നങ്ങള്‍ എന്നും രാഷ്ട്രീയ ആയുധമാണ്. ഇവയുടെ വിലക്കയറ്റം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മുതലിങ്ങോട്ട് പല സര്‍ക്കാരുകളെയും അധികാരത്തില്‍ നിന്നും തെറിപ്പിച്ചു.

ഉപഭോഗത്തിൽ ആറുമടങ്ങ് വർധന

രാജ്യത്ത് സവാള, ഉള്ളി എന്നിവയുടെ ഉപയോഗത്തിൽ 56 വര്‍ഷത്തിനിടെ ഉണ്ടായത് ആറുമടങ്ങ് വർധന. 1961 കാലയളവില്‍ ആകെ 2.25 കിലോ ഉളളി മാത്രമാണ് ഇന്ത്യയിലെ ഒരാള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ 2017 ആയപ്പോഴേയ്ക്കും ഇത് 14.7 കിലോയായി വര്‍ധിച്ചതായി പഠനം പറയുന്നു.

സവാള കയറ്റുമതിയില്‍ ആഗോള ശതമാന കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. നെതര്‍ലാന്റ്, ചൈന എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത് ഇടം പിടിക്കുന്ന രാജ്യങ്ങള്‍. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 144 രാജ്യങ്ങളില്‍ സവാള 6.3 ദശലക്ഷം ഹെക്ടറിലധികം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ആകെ ഉല്പാദനം 125 ദശലക്ഷം ടണ്ണിലധികവും. ചൈനയാണ് ലോകത്ത് ഏറ്റവും അധികം സവാള ഉപയോഗിക്കുന്നത്. ജനസംഖ്യ ആനുപാതികമായി രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്.

you may also like this video