ശബരിമല അന്നദാനത്തിനും ഉള്ളിവില തിരിച്ചടിയാകുന്നു

Web Desk
Posted on December 03, 2019, 12:38 pm

പമ്പ: ഉള്ളിയുടെയും സവാളയുടെയും വിലവർധന ശബരിമലയിലെ അന്നദാനത്തെ ബാധിക്കുമെന്ന് ആശങ്ക. ഇരുപത്തി അയ്യായിരത്തിലധികം പേർക്കാണ് ദിവസം മുഴുവൻ സൗജന്യ ഭക്ഷണം ദേവസ്വം ബോർഡ് നൽകുന്നത്. വിലവർധനയെ തുടർന്ന് പച്ചക്കറിക്ക് കൂടുതൽ തുക വേണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടതോടെയാണ് അന്നദാനംത്തിന് ഉള്ളിവില വിലങ്ങുതടിയാകുന്നത്.

you may also like this video

ശബരിമലയിൽ തീർഥാടകരുടെ വരവ് കൂടിയതോടെ അന്നദാനത്തിനും തിരക്കേറിയിട്ടുണ്ട്. 24 മണിക്കൂറും ദേവസ്വം ബോർഡ് തീർത്ഥാടകർക്കായി ഭക്ഷണം ഒരുക്കുന്നുണ്ട്. ഉള്ളിയുടെയും സവാളയുടെയും വില നൂറ് രൂപയ്ക്ക് മുകളിൽ എത്തിയതോടെ ഭക്ഷണമൊരുക്കാൻ ചിലവേറുകയാണ്, പമ്പയിൽ നിന്നും ട്രാക്ടറിൽ പച്ചക്കറി സന്നിധാനത്ത് എത്തുമ്പോൾ തീവിലയാകും.

you may also like this video


അയ്യപ്പസേവാ സംഘവും തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഇവിടെയും ഉള്ളിയുടെ വിലവർധന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വില കുറഞ്ഞില്ലെങ്കിൽ സന്നിധാനത്തും ഉള്ളി കിട്ടാക്കനിയാകും. രാജ്യത്ത് ഏറ്റവുമധികം ഉള്ളി കൃഷിചെയ്യുന്ന കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ കാലം തെറ്റി പെയ്ത മഴ വിളകൾക്ക് കനത്ത നാശമുണ്ടാക്കി.

ഇത് വിപണിയിൽ സവാളയുടെ ലഭ്യത കുറയ്ക്കുകയും വിലയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. മഹാരാഷ്ട്രയിൽ കാലംതെറ്റിയുള്ള മഴ മൂലം 54 ലക്ഷം ഹെക്ടർ വിള നശിച്ചിരുന്നു. കയറ്റുമതി നിരോധിക്കുകയും വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയും ചെയ്തതിനു ശേഷം ഇത് രണ്ടാം തവണയാണ് ഉള്ളി വില വർധിക്കുന്നത്. ഉള്ളിയുടെ മിനിമം കയറ്റുമതി വില ടണ്ണിന് 850 ഡോളറായി ഉയർത്തിയിരുന്നു. കയറ്റുമതി സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ ചില പ്രദേശങ്ങളിലെ കർഷകരും വ്യാപാരികളും ഇതിനകംതന്നെ പ്രതിഷേധം ആരംഭിച്ചതിനാൽ, ഉള്ളിവില കുറയ്ക്കുന്നതിനുള്ള മറ്റേതെങ്കിലും നീക്കം നടത്തേണ്ടിയിരിക്കുന്നു.