ഉള്ളി വില 220; പ്രധാനമന്ത്രി മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കി

Web Desk
Posted on November 18, 2019, 9:46 am

ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില സർവ്വകാല റെക്കോർഡിലേയ്ക്ക്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ബംഗ്ലാദേശില്‍ 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി. ഇതിന് പുറമെ മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരിക്കുന്നു. ഇതിനിടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.